10 സിനിമകള്‍ ചെയ്യും, സംവിധാനം നിര്‍ത്തും: ലോകേഷ് കനകരാജ്
വിജയ് നായകനായ ലിയോ എന്ന സിനിമയുടെ സംവിധാന തിരക്കിലാണ് ലോകേഷ്. ലിയോ പൂര്‍ത്തിയാക്കിയതിന് ശേഷം കാര്‍ത്തിക്കൊപ്പം കൈതി 2-ന്റെ നിര്‍മ്മാണത്തിലേക്ക് കടക്കുമെന്നും ലോകേഷ് പറഞ്ഞു.
ലോകേഷ് കനകരാജ്
ചെന്നൈ: 10 സിനിമകള്‍ ചെയ്ത ശേഷം സംവിധാനം നിര്‍ത്തുമെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ്. വിജയ് നായകനായ ലിയോ എന്ന സിനിമയുടെ സംവിധാന തിരക്കിലാണ് ലോകേഷ്. 10 സിനിമകള്‍ ചെയ്തതിന് ശേഷം സംവിധാനം നിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്നും കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ പദ്ധതികളൊന്നുമില്ലെന്നും ലോകേഷ് എസ് എസ് മ്യൂസിക്കിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മാസ്റ്ററിന് ശേഷം വിജയും ലോകേഷും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. മിഷ്‌കിന്‍, ഗൗതം വാസുദേവ് മേനോന്‍, അര്‍ജുന്‍, പ്രിയ ആനന്ദ് എന്നിവരും സിനിമയില്‍ അഭിനയിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
''എന്റെ സിനിമാ കരിയറില്‍ ഒരുപാട് സിനിമകള്‍ ചെയ്യാമെന്ന പ്ലാനില്ല. സിനിമയില്‍ മേഖലയില്‍ ഒരു കൈ നോക്കാമെന്നു ആഗ്രഹിച്ചാണ് ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് വന്നത്. എല്‍സിയു (ലോകേഷ് സിനിമാറ്റിക്ക് യുണിവേഴ്സ്)ല്‍ മാത്രം സിനിമകള്‍ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എല്‍സിയു ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് സിനിമകള്‍ ചെയ്യും. 10 സിനിമകള്‍ ചെയ്യും ശേഷം സംവിധാനം ഉപേക്ഷിക്കും"- ലോകേഷ് പറഞ്ഞു.
ലിയോ ഒരു ഗ്യാങ്സ്റ്റര്‍ ചിത്രമായിരിക്കുമെന്ന് അടുത്തിടെ ലോകേഷ് പറഞ്ഞിരുന്നു. ലിയോ പൂര്‍ത്തിയാക്കിയതിന് ശേഷം കാര്‍ത്തിക്കൊപ്പം കൈതി 2-ന്റെ നിര്‍മ്മാണത്തിലേക്ക് കടക്കുമെന്നും ലോകേഷ് പറഞ്ഞു. കമല്‍ഹാസനെ നായകനാക്കി വിക്രമിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യാനും പദ്ധതിയുണ്ടെന്ന് ലോകേഷ് അറിയിച്ചു.
Adjust Story Font
16