Quantcast

'എന്തിനാണ് സർ, കൊല നടത്തി കലാപമാക്കി ഒരു സമുദായത്തിനു മുകളിൽ വച്ചു കെട്ടുന്നത്?' അസ്തിത്വ രാഷ്ട്രീയം പറയുന്ന മാനാട്

MediaOne Logo

Web Desk

  • Published:

    30 Nov 2021 2:14 PM GMT

എന്തിനാണ് സർ, കൊല നടത്തി കലാപമാക്കി ഒരു സമുദായത്തിനു മുകളിൽ വച്ചു കെട്ടുന്നത്? അസ്തിത്വ രാഷ്ട്രീയം പറയുന്ന മാനാട്
X

ചിമ്പുവിന്‍റെയും വെങ്കട് പ്രഭുവിന്‍റെയും ഗംഭീര തിരിച്ചുവരവ് എന്ന് തന്നെ പറയേണ്ടിവരും... എന്‍റര്‍ടൈനിങ് എലമെന്‍റ്സ് ഒട്ടും ചോരാതെ കൃത്യമായി വരച്ച പ്ലോട്ടിലൂടെയുള്ള മികച്ച ത്രില്ലര്‍. അങ്ങനെയേ വിശേഷിപ്പിക്കാനാകൂ 'മാനാട്'. വളരെ സങ്കീര്‍ണമായ എന്നാല്‍ അത്രയും തന്നെ ശക്തമായ രാഷ്ട്രീയം പറയുന്ന ഒരു കോണ്‍സെപ്റ്റിനെ ഇത്രയും സിംപിൾ ആയി മെയിൻ സ്ട്രീം എന്‍റ്ർടൈനര്‍ ആക്കി മാറ്റിയെന്നതാണ് സിനിമയുടെ ഏറ്റവും വലിയ വിജയം. കാഴ്ചക്കാരെ ഒറ്റ സെക്കന്‍ഡ് പോലും ബോർ അടിപ്പിക്കാതെ മുഴുവൻ സമയവും ഒരേതലത്തില്‍ പിടിച്ചിരുത്തിയ ചിത്രം ടൈം ലൂപ്പിലൂടെയാണ് കഥ പറയുന്നത്. ചിത്രത്തിൽ ചിമ്പുവിന്‍റെയും എസ്.ജെ സൂര്യയുടെയും മിന്നുന്ന പ്രകടനത്തിനെ കൈയ്യടിയോടെയാണ് നിറഞ്ഞ തിയറ്ററുകള്‍ സ്വീകരിച്ചത്.

ഭാഷകൊണ്ടും ദൃശ്യാവിഷ്കാരം കൊണ്ട് കൊണ്ടും വളരെ ഉച്ചത്തിൽ മുസ്‌ലിം ടാർഗറ്റിങ്ങിന്‍റെ വർത്തമാനകാലത്തെ മാനാട് തുറന്നുകാട്ടുന്നു. സിനിമ മുന്നോട്ടുവെക്കുന്ന ശക്തമായ രാഷ്ട്രീയസന്ദേശമായി പലരും ചൂണ്ടിക്കാട്ടുന്നത് അതിലെ നായകന്‍റെ മുസ്‍ലിം പേരാണ്. അഥവാ മുസ്‍ലിം സ്വത്വം പ്രകടമായി പേറുന്ന നായക കഥാപാത്രം മുസ്‍ലിം വിരുദ്ധ വംശീയവിദ്വേഷങ്ങളെ നേർക്ക് നേരെ അഡ്രസ് ചെയ്യുന്നുണ്ട്.

കഴിഞ്ഞ പതിറ്റാണ്ടുകളില്‍ മുസ്‍ലിം യുവത അക്കാദമിക് സെറീനകളിലും സാമൂഹിക മാധ്യമങ്ങളിലും റിസേര്‍ച്ചുകളിലും മറ്റ് സ്പേസുകളിലും തുറന്നുകാട്ടിയ രാഷ്ട്രീയ സംവാദങ്ങളെ വളരെ കൃത്യമായി നിരീക്ഷിച്ചുകൊണ്ടാണ് വെങ്കട് പ്രഭു ചിത്രത്തെ ഒരുക്കിയതെന്ന് ഓരോ പ്ലോട്ടിലും വ്യക്തമാണ്. എന്തിനാണ് സര്‍ ഒരു കൊല നടത്തി അതിനെ കലാപമാക്കി ഒരു സമുദായത്തിന്‍റെ മുകളില്‍ കൊണ്ടുവെച്ചു കെട്ടുന്നത് എന്ന സിനിമയിലെ ചോദ്യം തന്നെയാണ് ചിത്രത്തിന്‍റെ രാഷ്ട്രീയവും ജോണറും.

പൊലീസും ഭരണകൂടവുമടങ്ങുന്ന സ്റ്റേറ്റിന്‍റെ അധികാര പ്രയോഗങ്ങളെയും ആ സ്പേസിനെയും സിനിമ ചോദ്യം ചെയ്യുന്നു. ഈ സിനിമയുടെ പൊളിറ്റിക്കൽ സ്‌പേസ് അധികാര ഘടനകളുടേയും ശ്രേണികളുടേയും അപ്പുറത്ത് മറ്റൊരു സ്പിരിച്വല്‍ സ്പേസ് കൂടിയുണ്ടെന്ന് പ്രേക്ഷകരോട് സംവദിക്കുന്നു. വളരെ യാഥാര്‍ത്യമെന്നും പിന്തുടര്‍ന്നു പോകേണ്ടതെന്നും തെറ്റിദ്ധരിപ്പിക്കുന്ന അഥവാ സ്ഥിരീകരിക്കുന്ന ഒരു ഹിന്ദുത്വ രാഷ്ട്രീയ സ്പേസിനെ ഒരു മുസ്‍ലിം ആയ കഥാപാത്രം തിരിച്ചും മറിച്ചും പല തരത്തിലും വീണ്ടും തിരുത്തിയെഴുതുകയും മറ്റൊരു ആംഗിളില്‍ നിന്ന് നോക്കിക്കാണാന്‍ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. പുതിയ രാഷ്ട്രീയ നിര്‍മിതികളിലൂടെ പല മിത്തിക്കല്‍ സ്പേസിനെയും ഇല്ലാതാക്കി പൊളിച്ചെഴുതുകയെന്ന ലക്ഷ്യം കൂടി സിനിമ നിറവേറ്റുന്നു.

വെങ്കട് പ്രഭുവിന്‍റെ കരിയർ ബെസ്റ്റായി പലരും മങ്കാത്തയെയാണ് വിലയിരുത്തിയിരുന്നതെങ്കില്‍ ഇനിയത് മാനാട് ആണെന്നാണ് ബഹുഭൂരിപക്ഷം ആരാധകരുടേയും പുതിയ കമന്‍റ്. ടൈം ട്രാവല്‍ ജോണറില്‍ കഥ പറഞ്ഞെത്തിയ ചിത്രത്തിന് തമിഴ്നാട്ടിൽ ആവേശകരമായ സ്വീകരണമാണ് ആദ്യ ദിവസം തന്നെ ലഭിച്ചത്. റിലീസ് ദിവസം എട്ടരക്കോടി രൂപയായിരുന്നു ചിത്രത്തിന്‍റെ കളക്ഷൻ. ചിമ്പു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുക കൂടിയാണിത്. ഫാന്‍റസി ത്രില്ലറായ ചിത്രത്തില്‍ കല്യാണി പ്രിയദർശനാണ് ചിമ്പുവിന്‍റെ നായിക. ബി.ജി.എം എഡിറ്റിങുമാണ് ചിത്രത്തിലെ എടുത്തുപറയേണ്ട മറ്റ് സവിശേഷതകള്‍. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്‍റെ ബിജിഎം ഒരുക്കിയിരിക്കുന്നത്. ബി.ജി.എമ്മിന്‍റെ മികവ് ഓരോ സീനിനേയും മറ്റൊരു തലത്തില്‍ എത്തിച്ചിട്ടുണ്ട്. സിനിമയുടെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് പ്രവീണ്‍ കെ.എല്‍ ആണ്.

TAGS :

Next Story