മീഡിയവൺ അക്കാദമി ഫിലിം ഫെസ്റ്റിവലിന് നാളെ തുടക്കം
ഓപ്പൺ തിയേറ്റർ അടക്കം നാല് സ്ക്രീനുകളിലായി നൂറ്റിയമ്പതിലേറെ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും
മീഡിയവൺ അക്കാദമി ഷോർട്ട്ഫിലിം - ഡോക്യുമെന്‍ററി ഫെസ്റ്റിവല്‍
കോഴിക്കോട്: മീഡിയവൺ അക്കാദമി ഷോർട്ട്ഫിലിം - ഡോക്യുമെന്‍ററി ഫെസ്റ്റിവലിന് നാളെ തുടക്കമാകും. ഓപ്പൺ തിയേറ്റർ അടക്കം നാല് സ്ക്രീനുകളിലായി നൂറ്റിയമ്പതിലേറെ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. അക്കാദമി ക്യാമ്പസിൽ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
പുതുവഴികൾ തേടിയ പുത്തൻ സംവിധായകരുടെ അറുപതിലേറെ ഹ്രസ്വ ചിത്രങ്ങൾ. പൊള്ളുന്ന വിഷയങ്ങൾ സമഗ്രമായി അവതരിപ്പിച്ച പതിനഞ്ച് ഡോക്യുമെന്‍ററികൾ. അടിമുടി രാഷ്ട്രീയം നിറഞ്ഞ സംഗീത വീഡിയോകൾ, ഇതിനൊപ്പം ആനിമേഷൻ ചിത്രങ്ങളും പരസ്യചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. നാളെ ആരംഭിക്കുന്ന ഫെസ്റ്റിവൽ 3 ദിവസം നീണ്ട് നിൽക്കും. മത്സര വിഭാഗങ്ങൾക്ക് പുറമെ വിവിധ വിഭാഗങ്ങളിലായി 150 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക.
എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ മീന കന്ദസാമി, നടി പത്മപ്രിയ, സംവിധായകരായ ആർ.പി അമുദൻ, ഡോൺപാലത്തറ,സക്കറിയ, കവി അൻവർ അലി,ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ തുടങ്ങിയവർ മേളയുടെ ഭാഗമാകും. റീ ഫ്രെയിം ഡെമോക്രസി വിഷൻ ഫ്രം ദ മാർജിൻസ് എന്ന മേളയുടെ തീം അടിസ്ഥാനമാക്കി ചർച്ചകളും നടക്കും. ചലചിത്ര നിരൂപനും എഴുത്തുകാരനുമായ മധു ജനാർദനനാണ് ഫെസ്റ്റിവൽ ഡയറക്ടർ. സാംസ്കാരിക പ്രവർത്തകയും അഭിനേതാവുമായ ജോളി ചിറയത്താണ് ഫെസ്റ്റിവൽ തീം ക്യൂറേറ്റർ.സംവിധായകൻ ഷെറി ഗോവിന്ദ് ചെയർമാനായ അഞ്ചംഗ ജൂറിയാണ് പുരസ്കാരങ്ങൾ തീരുമാനിക്കുന്നത്.
Adjust Story Font
16