Quantcast

'ഗോഡ്സെ' വരുന്നു; ഗാന്ധിജയന്തി ദിനത്തില്‍ പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനവുമായി മഹേഷ് മഞ്ജരേക്കര്‍

സവര്‍ക്കറുടെ ജീവിതം ആസ്പദമാക്കി 'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍' എന്ന ചിത്രവും മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-10-03 05:40:07.0

Published:

3 Oct 2021 5:37 AM GMT

ഗോഡ്സെ വരുന്നു; ഗാന്ധിജയന്തി ദിനത്തില്‍ പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനവുമായി  മഹേഷ് മഞ്ജരേക്കര്‍
X

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152 -ാം ജന്മവാർഷിക ദിനത്തില്‍ 'ഗോഡ്സെ' എന്ന പേരില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് മഹേഷ് മഞ്ജരേക്കര്‍. ചിത്രത്തിന്‍റെ ടീസര്‍ പോസ്റ്ററും പുറത്തുവിട്ടു. സന്ദീപ് സിംഗും രാജ് ശാന്ദിലിയയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ വ്യക്തിയാണ് നാഥുറാം ഗോഡ്‌സെ.

സന്ദീപ് സിംഗിന്‍റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനി ലെജന്‍ഡ് ഗ്ലോബല്‍ സ്റ്റുഡിയോയും രാജ് ശാന്ദിലിയയുടെ കമ്പനി തിങ്ക് ഇങ്ക് പിക്ചേര്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ലെജന്‍ഡ് ഗ്ലോബല്‍ സ്റ്റുഡിയോയുമായി ചേര്‍ന്നുള്ള മഹേഷ് മഞ്ജരേക്കറുടെ മൂന്നാമത്തെ ചിത്രമാണ് ഗോഡ്സെ. സവര്‍ക്കറുടെ ജീവിതം ആസ്പദമാക്കി 'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍' എന്ന ചിത്രവും മഞ്ജരേക്കറും സന്ദീപ് സിംഗും ചേര്‍ന്ന് ഒരുക്കുന്നുണ്ട്.

"നാഥുറാം ഗോഡ്സെയുടെ കഥ എപ്പോഴും എന്‍റെ ഹൃദയത്തോട് ചേർന്നിരുന്നു. ഈ സ്വഭാവത്തിലുള്ള ഒരു സിനിമയെ പിന്തുണയ്ക്കാൻ വളരെയധികം ധൈര്യം ആവശ്യമാണ്. ഞാൻ എപ്പോഴും ആഴമുള്ള വിഷയങ്ങളിലും വിട്ടുവീഴ്ചയില്ലാത്ത കഥപറച്ചിലിലും വിശ്വസിക്കുന്നു. ഇത് അത്തരത്തിലുള്ളൊരു ചിത്രമാണ്. ഗാന്ധിക്കെതിരെ വെടിയുതിര്‍ത്ത ആളെന്നല്ലാതെ ഗോഡ്‌സെയെക്കുറിച്ച് ആളുകൾക്ക് അധികമൊന്നും അറിയില്ല. അദ്ദേഹത്തിന്‍റെ കഥ പറയുമ്പോൾ, ഞങ്ങൾ ആരെയും സംരക്ഷിക്കാനോ ആർക്കെതിരെയും സംസാരിക്കാനോ ആഗ്രഹിക്കുന്നില്ല. ശരിയും തെറ്റും പ്രേക്ഷകർതീരുമാനിക്കട്ടെ."- ടീസര്‍ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ട് മഞ്ജരേക്കര്‍ പറഞ്ഞു.


"എന്‍റെ ആദ്യ സിനിമ മുതൽ നാഥുറാം ഗോഡ്‌സെയുടെ കഥ ഞാൻ പറയാൻ ആഗ്രഹിച്ചിരുന്നു. ഇത് വരെ പറയാത്ത, സിനിമാപ്രേമികൾക്കു വേണ്ടി അവതരിപ്പിക്കാൻ അർഹമായ ഒരു കഥയാണിത്. ഗോഡ്സെയെയും ഗാന്ധിജിയെയും കുറിച്ചുള്ള കഥകളുടെ വിവിധ പതിപ്പുകൾ ഉണ്ട്. വസ്തുതാപരമായ കഥ പുറത്തുകൊണ്ടുവരാനും അതുവഴി ഇന്നത്തെ തലമുറയ്ക്ക് മറന്നുപോയ ചരിത്ര കഥാപാത്രങ്ങളെ തുറന്നുകാട്ടാനുമാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. സ്വതന്ത്ര വീർ സവർക്കറിലും വൈറ്റിലും ഞാൻ ഇതിനകം മഹേഷ് മഞ്ജരേക്കറുമായി സഹകരിക്കുന്നുണ്ട്, ഗോഡ്‌സെയിലും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം."- നിര്‍മാതാക്കളിലൊരാളായ സന്ദീപ് സിംഗ് ചിത്രത്തെ കുറിച്ച് പറഞ്ഞു.

വിമല്‍ ലാഹോട്ടി, ജയ് പാണ്ഡ്യ, അഭയ് വര്‍മ എന്നിവരാണ് ചിത്രത്തിന്‍റെ സഹ നിര്‍മാതാക്കള്‍. 2022 പകുതിയിലായിരിക്കും ചിത്രം പ്രേക്ഷകരിലേക്കെത്തുക.

TAGS :

Next Story