Quantcast

''ഞാൻ ഇടതുപക്ഷ അനുഭാവി, അന്നത്തെ സർക്കാറിലേക്ക് കഥ പോകേണ്ട സാഹചര്യം സിനിമയിൽ ഇല്ല'': വിവാദങ്ങള്‍ക്ക് മറുപടിയുമായി മഹേഷ് നാരായണന്‍

'പച്ചക്കൊടി വെച്ചാൽ ലീഗാകുമെന്ന് തോന്നുന്നില്ല, ബീമാപ്പള്ളി വെടിവെപ്പിന് ശേഷം വന്ന യു.ഡി.എഫ് സർക്കാറും ഒന്നും ചെയ്തില്ല'

MediaOne Logo

ijas

  • Updated:

    2021-07-17 13:20:59.0

Published:

17 July 2021 11:05 AM GMT

ഞാൻ ഇടതുപക്ഷ അനുഭാവി, അന്നത്തെ സർക്കാറിലേക്ക് കഥ പോകേണ്ട സാഹചര്യം  സിനിമയിൽ ഇല്ല: വിവാദങ്ങള്‍ക്ക് മറുപടിയുമായി മഹേഷ് നാരായണന്‍
X

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ ചിത്രം മാലിക് പുറത്തിറങ്ങിയതിന് പിന്നാലെ ഇസ്‍ലാമോഫോബിയ ആരോപണങ്ങള്‍ അടക്കം വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. സിനിമക്ക് യഥാര്‍ഥ സംഭവങ്ങളുമായി ബന്ധമില്ലെന്ന് സംവിധായകന്‍ പറഞ്ഞിരുന്നെങ്കിലും സിനിമയുടെ ഉള്ളടക്കം ബീമാപ്പള്ളി വെടിവെപ്പിനോടും അനുബന്ധ സംഭവങ്ങളോടും വളരെയധികം സാദൃശ്യം തോന്നുന്നതാണ്. സിനിമക്കെതിരായ സാമൂഹ്യമാധ്യമ വിമര്‍ശനങ്ങളില്‍ സംവിധായകന്‍ മഹേഷ് നാരായണന്‍ മീഡിയവണിനോട് സംസാരിക്കുന്നു.

മാലിക് സിനിമയെക്കുറിച്ചുള്ള ഇസ്‍ലാമോഫോബിയ വിമര്‍ശനങ്ങളെ കുറിച്ച്

എല്ലാ വിമര്‍ശനങ്ങളെയും പോസിറ്റീവായി എടുക്കുന്നു. സത്യസന്ധമായി പറഞ്ഞാല്‍ ഇതൊരു ഫിക്ഷണല്‍ കഥയായിട്ടാണ് ചെയ്തിട്ടുള്ളത്. ഇന്ന പ്രദേശമെന്നോ ഇന്ന വ്യക്തയെന്നോ എവിടെയും പറയുന്നില്ല. അതിന് എന്‍റേതായിട്ടുള്ള സ്വാതന്ത്രൃമുണ്ടെന്ന് വിശ്വസിക്കുന്നു. ഇത്രയും കാലമായി അടഞ്ഞുകിടന്ന വിഷയം ഈ സിനിമയിലൂടെ ചര്‍ച്ചയാകാന്‍ വഴിവെച്ചു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്.


ബീമാപ്പള്ളി വെടിവെപ്പുമായി സിനിമക്കുള്ള ബന്ധം

സുലൈമാന്‍ എന്ന വ്യക്തി ഇവിടെ ജീവിച്ചിരിപ്പുള്ളതായി എനിക്കറിയില്ല. അവിടെയുള്ള മറ്റുള്ള ആളുകള്‍, പ്രത്യേകിച്ച് കൊമ്പ് ഷിബു എന്നെ ഇന്‍സ്പയര്‍ ചെയ്തേക്കാം. അല്ലെങ്കില്‍ അന്നുണ്ടായ ലഹള എന്ന ഇന്‍സ്പെയര്‍ ചെയ്തേക്കാം. പക്ഷേ ഒരു പ്രത്യേക സാഹചര്യമോ അല്ലെങ്കില്‍ ആ പ്രത്യേക അവസ്ഥയും മാത്രം വെച്ചുകൊണ്ടല്ല മാലിക് പറഞ്ഞിരിക്കുന്നത്. മറ്റൊരുപാട് വിഷയങ്ങളുണ്ട്. എന്തുകൊണ്ട് ഒരു ഹാര്‍ബര്‍ പ്രൊജക്ടുണ്ടാകുന്നു? ആ ഹാര്‍ബര്‍ പ്രൊജക്ടുണ്ടാകുമ്പോള്‍ എന്തുകൊണ്ട് ജനങ്ങളെ ഒഴിപ്പിക്കേണ്ടി വരുന്നു? ഒരു വംശീയ വെറി, കൂട്ടകൊല എങ്ങനെയുണ്ടാക്കിയെടുക്കുന്നു? ഒരു വര്‍ഗീയ ലഹള എങ്ങനെ കൂട്ടകൊലയായി മാറുന്നു?. ഗുജറാത്ത് പോലെയുള്ള ഉദാഹരണങ്ങള്‍ ഇതിനകത്തുണ്ട്. അതിനെയെല്ലാം അഡ്രസ് ചെയ്തുകൊണ്ടാണ് ഈ സിനിമ ഉണ്ടാക്കിയിട്ടുള്ളത്. അല്ലാതെ ഒരു പ്രത്യേക സ്ഥലം എന്ന് പറഞ്ഞുകൊണ്ടല്ല ഈ സിനിമയുണ്ടാക്കിയിട്ടുള്ളത്. ഇപ്പോഴും അതിനകത്തുള്ള ലെയറുകള്‍ ആള്‍ക്കാര് വായിച്ചിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്.


ലീഗിനോട് സാമ്യമുള്ള രാഷ്ട്രീയ പാര്‍ട്ടി, പച്ച കൊടി

പച്ചകൊടി വെച്ചുകൊണ്ട് അത് മുസ്‍ലിം ലീഗിന്‍റെ പാര്‍ട്ടിയാവുമെന്ന് എനിക്ക് തോന്നുന്നില്ല. ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ്. അല്ലെന്നു ഞാനൊരിക്കലും പറയുന്നില്ല. പക്ഷേ അതിന് ശേഷം തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിയായിരിക്കുന്ന മന്ത്രിസഭ ഇതിന് തീരുമാനമുണ്ടാക്കിയിട്ടില്ല. അതിന് ശേഷം ലീഗിന്‍റെ മന്ത്രിമാരുണ്ടായിട്ടുണ്ടല്ലേ. അത്ര കാലങ്ങളായി തീരുമാനമുണ്ടാവാതിരുന്ന വിഷയത്തില്‍ ഇപ്പോള്‍ എന്‍റെ സിനിമയിലൂടെ ചര്‍ച്ചക്ക് വഴിവെച്ചത് നല്ലതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏറ്റവും ഒടുവില്‍ ജോജുവിന്‍റെ കഥാപാത്രവും പറയുന്നത് അതാണ്. അന്ന് അവിടെയുണ്ടായിരുന്ന സമുദായങ്ങള്‍ തമ്മില്‍ ഒരു സ്പര്‍ദ്ധയുമുണ്ടായിരുന്നില്ല. അവിടെ പോലീസുണ്ടാക്കിയതാണ് ആ വെടിവെപ്പ്.

ആദ്യകാലങ്ങളില്‍ വന്ന മാധ്യമങ്ങളിലെല്ലാം തന്നെ വന്നിരുന്നത് ചെറിയതുറ കലാപം എന്ന രീതിയിലാണ്. ബീമാപ്പള്ളി വെടിവെപ്പെന്ന് ഒരിടത്തും പറഞ്ഞിട്ടുണ്ടായിരുന്നില്ല. അന്ന് തന്നെ ഒരു സൈഡ് ലൈന്‍ഡ് ടോപിക്കായിരുന്നു. മുസ്‍ലിം ലീഗ് അടക്കമുള്ളവര്‍ ഇതിനെ പലതരത്തില്‍ കോംപ്രമൈസിനാണ് ശ്രമിച്ചിട്ടുള്ളത്. ആ ഒരു അര്‍ത്ഥത്തില്‍ വായിച്ചുനോക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സ്റ്റേറ്റ് ചെയ്തിരിക്കുന്ന കാര്യമായിട്ട് കൃത്യമായിട്ട് അതിനെ അഡ്രസ് ചെയ്തിട്ടുണ്ട്.


ഹോട്ടലിലെ സംഘര്‍ഷം, വെടിവെപ്പ്,16 വയസുകാരന്‍ കൊല്ലപ്പെട്ടത്- യഥാര്‍ഥ സംഭവങ്ങള്‍ സിനിമയില്‍ യാദൃശ്ചികമോ?

എന്‍റെ മനസ്സില്‍ പതിഞ്ഞ വിഷ്വലുകളാണ് അതെല്ലാം. ഞാന്‍ തിരുവനന്തപുരത്ത് ജീവിക്കുന്ന മനുഷ്യനാണ്. എന്‍റെ വീട് കോവളത്താണ്. ഞാന്‍ ആ സമയത്ത് അവിടെ പഠിക്കുകയാണ്. എനിക്കവിടെ ഒത്തിരി സുഹൃത്തുക്കളുണ്ട്. എന്‍റെ മനസ്സില്‍ വന്ന ഇമേജുകളാണ് അതെല്ലാം. ആ ഇമേജുകളില്‍ നിന്നാണ് ഞാന്‍ സത്യമായിട്ടും സ്വാതന്ത്രൃമായി സിനിമയുണ്ടാക്കുന്നത്. അതിനെ ഇന്‍സ്പെയര്‍ ചെയ്തുകൊണ്ട് സിനിമയുണ്ടാക്കാന്‍ പറ്റില്ലെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലല്ലോ. ഒരു പുസ്തകം എഴുതാന്‍പറ്റില്ലെന്നുണ്ടോ?

''സിനിമ പക്ഷപാതപരം, സി.പി.എം അനുകൂലം''

നിങ്ങളിത് എപ്പോഴും പറയുന്നുണ്ടല്ലോ പക്ഷപാതം പിടിച്ചു, അല്ലെങ്കില്‍ സി.പി.എമ്മിനെ അനുകൂലിച്ച് സിനിമയെടുത്തുവെന്ന്. അന്നത്തെ സ്റ്റേറ്റിനെതിരെ തന്നെയാണ് അവസാനത്തെ ലൈന്‍. അത് കൊണ്ട് തന്നെയാണ് അവിടെ വെച്ചിരിക്കുന്നത്. ആ ലൈന്‍ അത് കൊണ്ട് തന്നെയാണ് വെച്ചിരിക്കുന്നത്. സിനിമ ഒരു കച്ചവട മാധ്യമമാണ്. അതും കൂടിയുണ്ട് ഇതിനകത്തുണ്ട്. അപ്പോ ഡോക്യുമെന്‍ററി എടുക്കുന്ന സംവിധായകന്‍റെ കൈയ്യില്‍ ഒരു ചലച്ചിത്രമെടുക്കുന്ന സംവിധായകനുണ്ടാകണമെന്നില്ല. അതെന്‍റെ കഴിവുകേടായി കൂട്ടിക്കോളൂ.

മനസ്സില്‍ പതിഞ്ഞ ചിത്രങ്ങളില്‍ ആ സമയത്തെ സര്‍ക്കാരും ആഭ്യന്തര മന്ത്രിയും പതിയാതിരുന്നതെങ്ങനെ?

ആ സമയത്തെ സര്‍ക്കാരും ഭരണകൂടവും എന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവരിലേക്ക് കഥപോകേണ്ട സാഹചര്യം എന്‍റെ കഥക്കുണ്ടായിരുന്നില്ല. എന്‍റെ കഥക്കുള്ളത് ആ പരിസരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമേയുള്ളൂ. അത് കൊണ്ടാണ് സ്റ്റേറ്റ് എന്ന് പറയുന്നുണ്ട്. ശ്രദ്ധിച്ചു കഴിഞ്ഞാല്‍ മനസ്സിലാകും. സ്റ്റേറ്റ് എന്ന് കൃത്യമായി പറയുന്നുണ്ട്. 2018ലാണ് ഈ കഥ തുടങ്ങുന്നത്. ആ കാലഘട്ടത്തില്‍ ഇദ്ദേഹം മന്ത്രിയായിരിക്കുന്ന കാലത്തിലാണ് സിനിമ നടക്കുന്നത്. അന്നാരാണ് ഭരിച്ചതെന്ന് കൃത്യമായി മനസ്സിലാകുന്ന കാര്യമാണല്ലോ. അത് പറയാതെ തന്നെ മനസ്സിലാകുന്ന കാര്യമാണല്ലോ. ആ സമയത്ത് ഒരു ഹാര്‍ബര്‍ പ്രൊജക്ടുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാകും. അത് വിഴിഞ്ഞവുമായിട്ട് വേണേല്‍ കൂട്ടിവായിക്കാം, അല്ലെങ്കില്‍ മറ്റുതലങ്ങളുമായിട്ടും കൂട്ടിവായിക്കാം. ഏത് സ്ഥലവുമായിട്ടും എങ്ങനെയും വായിക്കാം. ആ സ്ഥലത്തേക്ക് മനുഷ്യരെ ഒഴിപ്പിക്കാനായിട്ട് എത്ര കാലങ്ങളായിട്ട് മനുഷ്യര് പാടുപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ കലാപത്തിന് ശേഷം എത്രപേര്‍ അവിടെനിന്ന് പലായനം ചെയ്തുപോയി. ഇതൊരു ethnic cleansing ആണെന്ന് ഇത് വരേക്കും എവിടെയും അഡ്രസ് ചെയ്യപ്പെട്ടിട്ടില്ല. അതിനൊക്കെ വഴിതുറന്ന ചര്‍ച്ചയായിട്ട് സിനിമ മാറുന്നുണ്ടെങ്കില്‍ സന്തോഷമുണ്ട്.

ഇടതുരാഷ്ട്രീയം സിനിമയിലെത്താതിരുന്നതെങ്ങനെ?

ഒരിക്കലും എനിക്ക് അങ്ങനെ തോന്നുന്നില്ല. കേരളത്തിലെ പൊതുജനങ്ങള്‍ അങ്ങനെയുണ്ടാകുമെന്ന് തോന്നുന്നില്ല. 2018ല്‍ ഏത് സര്‍ക്കാരാണ് അധികാരത്തിലെന്നത് നമുക്ക് വായിച്ചെടുക്കാവുന്നതല്ലേയുള്ളൂ. ആ സര്‍ക്കാരിനെ കുറിച്ച് പറയണമെന്ന് നിര്‍ബന്ധമുണ്ടോ? ശ്രീ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുന്ന സര്‍ക്കാര്‍ തന്നെയല്ലേ അന്ന് അധികാരത്തിലിരിക്കുന്നത്.

സിനിമയിലെ ചിത്രീകരണം ഒരു ചലച്ചിത്രകാരന്‍റെ സ്വാതന്ത്രൃമല്ലേ? കാലഘട്ടം കൃത്യമായും അഡ്രസ് ചെയ്യുന്നുണ്ട്. തീരദേശ ന്യൂനപക്ഷ മനുഷ്യര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ അഡ്രസ് ചെയ്യുന്നുണ്ട്. അവിടെ എങ്ങനെയാണ് കമ്മ്യൂണല്‍ ഹാർമണി യില്‍ ജീവിച്ചിരുന്ന മനുഷ്യരിലേക്ക് സ്പര്‍ദ്ധ കൊണ്ടുവരാനായിട്ട് സ്റ്റേറ്റ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വരുന്നു എന്ന് അഡ്രസ് ചെയ്യുന്നുണ്ട്. അതിനകത്തുള്ള ജാതിയാണ് പ്രശ്നമെങ്കില്‍ എനിക്കൊന്നും പറയാന്‍ പറ്റത്തില്ല. ജാതിയും മതവുമാണ് പ്രശ്നമെങ്കില്‍ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല.


മാലിക് എന്ന പേരിന് പിന്നില്‍?

മാലിക് എന്ന പേര് 'ഉടമസ്ഥന്‍' എന്നുള്ളതാണ്. തീര്‍ച്ചയായിട്ടും അല്ലാഹുവിന്‍റെ ഒരു പേര് തന്നെയാണ്. ഉടയോന്‍ എന്നാണ് ഉദ്ദേശിക്കുന്നത്. ആരാണ് ഈ സ്ഥലത്തിന്‍റെ ഉടമസ്ഥന്‍ എന്നുള്ളതാണ്.

മാലിക് എന്ന അറബി ടൈറ്റില്‍ വന്നതിന് പിന്നില്‍?

മാലിക് എന്ന അറബി വാക്കിന് വിശാലമായ അര്‍ത്ഥതലങ്ങളുണ്ട്. ആ വാക്ക് അറബിയില്‍ നിന്നും വന്നതുകൊണ്ടാണ് അതിന്‍റെ പൂര്‍ണമായ രൂപം അറബിയില്‍ എഴുതണമെന്ന് തോന്നി. മാലിക് എന്ന പദം അറബിയില്‍ നിന്നാണെന്ന് വ്യക്തമാണല്ലോ. ഭൂമിയുടെ അവകാശികള്‍ ആരാണെന്നാണ് എന്‍റെ ചോദ്യം. കാരണം ഭൂമിക്ക് വേണ്ടിയാണല്ലോ ഈ കലാപങ്ങളെല്ലാം. ഞാന്‍ ഉദ്ദേശിച്ചിരിക്കുന്ന ലാന്‍ഡ് എന്നത് തീരദേശപ്രദേശത്തെ അരികുവല്‍ക്കരിക്കപ്പെട്ട കമ്മ്യൂണിറ്റികളുടെ ഒരു ഏരിയ തന്നെയാണത്. ഒരു പ്രളയം വന്നാലോ മറ്റു ദുരന്തങ്ങള്‍ വന്നാലോ ആദ്യം ഇറങ്ങി പുറപ്പെടുന്ന മനുഷ്യസ്നേഹികള്‍ ഈ പ്രദേശത്ത് നിന്നായിരിക്കും. ഇവര്‍ എല്ലാ കാലത്തും രാഷ്ട്രീയവത്കരിക്കപ്പെടാത്ത മനുഷ്യരല്ലായിരുന്നു. മതം എല്ലാകാലത്തും ഇവരുടെ ജീവിതത്തില്‍ ഒരു ലെയര്‍ തന്നെയായിരുന്നു. ഇങ്ങനെ ഒരു പ്രദേശത്തെ കഥ പറയുമ്പോള്‍ അവിടുത്തെ മതവിഭാഗം തൊടാതെ പറുയുന്നതിനോട് എനിക്ക് യോജിപ്പില്ല. അതില്‍ നല്ലതും മോശമായതുമായ വിമര്‍ശനം വന്നോട്ടെ. പക്ഷേ അത് അവരുടെ ജീവിതത്തിന്‍റെ ഭാഗം തന്നെയാണ്. അതിനകത്ത് കമ്മ്യൂണല്‍ ഹാർമണിയില്‍ ജീവിക്കുന്ന മനുഷ്യര്‍ക്കകത്ത് മറ്റുതരത്തിലുള്ള വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയപരമായിട്ടുള്ള മനുഷ്യരെയും അവരെയൊക്കെ നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റുകളെയുമാണ് ഞാന്‍ കാണുന്നത്. അതിനെ സിനിമയില്‍ അഡ്രസ് ചെയ്തിട്ടില്ലായെന്നത് കൊണ്ട് അത് സിനിമയിലില്ലായെന്ന് ഒരിക്കലും എനിക്ക് പറയാന്‍ പറ്റില്ല.


ഉദാഹരണത്തിന്, 'വെസ്റ്റ് കേരള ഹാര്‍ബര്‍ പ്രൊജക്ട്' എന്ന ഒരു നോട്ടീസ് ദിലീഷ് പോത്തന്‍റെ കഥാപാത്രം മാലികില്‍ എടുക്കുന്നുണ്ട്. അത് ശ്രദ്ധിച്ചാലറിയാം ഒരു ഫണ്ട് റെയ്സിങ് പരിപാടിക്കായിട്ടാണ് അദ്ദേഹം വന്നിരിക്കുന്നതെന്ന്. വിഴിഞ്ഞം ഭാഗത്തെ ബൈപാസിലൂടെയാണ് അദ്ദേഹം യാത്രചെയ്യുന്നത്. 2018ലാണ് നടക്കുന്നത്. ഏത് ഹാര്‍ബര്‍ ആണെന്ന് കൃത്യമായിട്ടും മനസ്സിലാക്കാം. അത് ഇന്നാരുടെ കൈയ്യിലാണ് ഇരിക്കുന്നതെന്ന് കൃത്യമായിട്ടും മനസ്സിലാക്കാം. ഒരു ഹാര്‍ബര്‍ മാത്രം കോര്‍പ്പറേറ്റ് കമ്പനിക്ക് കിട്ടിയാല്‍ പോര, കൂടെ എയര്‍പോര്‍ട്ടും വേണം. അപ്പോള്‍ നിങ്ങള്‍ ഒരു കാര്യം കൂടി കൂട്ടി വായിക്കണം. ഇന്ന് ആ എയര്‍പോര്‍ട്ട് ആരുടെ കൈയ്യിലാണ് ഇരിക്കുന്നത്? അതിനെകുറിച്ചൊന്നും ആരും ഒരു ചര്‍ച്ചയും നടത്തുന്നില്ല. ഇതിന്‍റെയൊക്കെ ഒരു തുടര്‍ച്ചയാണ് ഒരു കലാപം. കറക്ട് ഗുജറാത്ത് മോഡല്‍. ഇത് പറഞ്ഞത് കൊണ്ട് ചിലപ്പോള്‍ എന്നെ രാജ്യദ്രോഹിയൊക്കെ ആക്കിയേക്കാം.

വര്‍ഗീയ ലഹളയുടെ സൊലൂഷനായിട്ടാണ് പോലീസ് വെടിവെപ്പ് നടക്കുന്നത്. ഓരോ ലഹള നടക്കുമ്പോഴും ഇത് പോലെയുള്ള communal riotകള്‍ നടക്കുമ്പോഴും അതിനെ ജസ്റ്റിഫൈ ചെയ്യാനായി സ്റ്റേറ്റ് ശ്രമിക്കുമ്പോഴും കാണുന്നത് വളരെ കാലങ്ങള്‍ക്ക് ശേഷം മറ്റെന്തോ പ്രൊജക്ടുകളുണ്ടാവാന്‍ പോവുകയാണ്. രാജ്യം ഭരിക്കുന്ന ഇന്നത്തെ സര്‍ക്കാര്‍ പോലും അങ്ങനെയുണ്ടായതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

TAGS :

Next Story