'നൻപകൽ നേരത്ത് മയക്കം' ഈ മാസം തന്നെ ഒ.ടി.ടിയിൽ കാണാം; റിലീസ് തിയതി പ്രഖ്യാപിച്ചു
ഇക്കാര്യം മമ്മൂട്ടിയും നെറ്റ്ഫ്ലിക്സുമാണ് സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചത്.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ അതിശയിപ്പിക്കുന്ന പകർന്നാട്ടത്തിന്റെ ഏറ്റവും പുതിയ തെളിവായിരുന്നു 'നൻപകൽ നേരത്ത് മയക്കം'. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ജെയിംസ് എന്ന കഥാപാത്രം അഭിനയത്തിന്‍റെ വിസ്മയ മുഹൂർത്തങ്ങളാണ് പ്രേക്ഷകന് സമ്മാനിച്ചത്.
ആദ്യം ഐ.എഫ്.എഫ്.കെയിലും പിന്നീട് തിയേറ്ററുകളിലും കാണികളുടെ നിറകൈയടിയേറ്റുവാങ്ങിയ ചിത്രം ഇപ്പോൾ ഒ.ടി.ടിയിലേക്കും എത്തുകയാണ്. ഇക്കാര്യം മമ്മൂട്ടിയും നെറ്റ്ഫ്ലിക്സുമാണ് സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചത്. ഫെബ്രുവരി 23ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
ചലച്ചിത്രമേളയിൽ നീണ്ട ക്യൂവാണ് ചിത്രം കാണാനുണ്ടായിരുന്നത്. ഒടുവിൽ ജനപ്രിയ ചിത്രത്തിനുള്ള അവാർഡും ചിത്രം നേടിയിരുന്നു. മലയാളക്കരയ്ക്ക് പുറമെ തമിഴകത്തും ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ജനുവരി 19നായിരുന്നു സിനിമ തിയറ്ററുകളിലേക്കെത്തിയത്.
മമ്മൂട്ടി കമ്പനി ആദ്യമായി നിർമിച്ച നൻപകൽ നേരത്ത് മയക്കം ദുൽഖർ സൽമാന്‍റെ വെഫെയറർ ഫിലിംസ് ആണ് തിയേറ്ററുകളിലെത്തിച്ചത്. തേനി ഈശ്വർ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് വിവിധ കോണുകളിൽ നിന്ന് അഭിനന്ദന പ്രവാഹമാണുണ്ടായത്. മലയാളിയായ ജെയിംസിനെ കൂടാതെ തമിഴനായ സുന്ദരം എന്നീ ഭാവങ്ങളിലാണ് മമ്മൂട്ടിയുടെ വേഷപ്പകർച്ച.
ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയത്. രമ്യാ പാണ്ട്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.
Adjust Story Font
16