Quantcast

എഴുപതിന്‍റെ അഴകില്‍ മമ്മൂട്ടി

അരനൂറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തിൽ വേറിട്ട കഥാപാത്രങ്ങളാൽ ജനമനസുകളെ വിസ്മയിപ്പിച്ച മഹാനടനാണ് മമ്മൂട്ടി

MediaOne Logo

Web Desk

  • Updated:

    2021-09-07 05:25:34.0

Published:

7 Sep 2021 2:24 AM GMT

എഴുപതിന്‍റെ അഴകില്‍ മമ്മൂട്ടി
X

എഴുപതിന്‍റെ തിളക്കവുമായി മലയാളത്തിന്‍റെ പ്രിയനടന്‍ ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. അരനൂറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തിൽ വേറിട്ട കഥാപാത്രങ്ങളാൽ ജനമനസുകളെ വിസ്മയിപ്പിച്ച മഹാനടനാണ് മമ്മൂട്ടി. കഥാപാത്രങ്ങളെ പൂർണമായി ഉൾക്കൊണ്ട് അഭിനയിക്കുന്ന മെത്തേഡ് ആക്ടർമാരിൽ മമ്മൂട്ടിക്ക് തന്‍റെതെന്ന സ്ഥാനമുണ്ട്.

1971 ൽ പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകളിലെ ഒരു സീനിൽ ഓടിയെത്തുന്ന ജൂനിയർ അർട്ടിസ്റ്റായി അഭിനയ ജീവിതത്തിന് തുടക്കം. ക്യാമറ ഷോട്ടുകൾക്കിടയിലെ അഭിനയ രസതന്ത്രം അറിയാത്ത തുടക്ക കാലഘട്ടത്തിൽ നിന്ന് മുഖാഭിനയവും അംഗാഭിനയവും കലർത്തിയ അഭിനയപ്രതിഭയിലേക്കുള്ള ദൂരം മറികടക്കാൻ മമ്മൂട്ടിക്ക് കടന്പകളേറെയുണ്ടായിരുന്നു. നാടകാഭിനയത്തിൽ നിന്ന് സിനിമാഭിനയത്തിന് വേറിട്ട ശൈലിയുണ്ടെന്ന് മനസ്സിലാക്കിയാണ് മമ്മൂട്ടി തന്‍റെ അഭിനയ പ്രതിഭയെ വാർത്തെടുത്തത്. 80 കളിൽ തിയറ്ററുകൾ ഇളക്കിമറിച്ച കെ.ജി ജോർജ് ചിത്രത്തിലൂടെ മമ്മൂട്ടിയിലെ പ്രതിഭയെ ജനം ആദ്യമായി സ്ക്രീനിൽ കണ്ടു. സർക്കസ് കൂടാരത്തിലെ അഭ്യാസിയായും നിരാശാ കാമുകനായും അദ്ദേഹം പ്രേഷകർക്കിടയിലെ പ്രിയതാരമായി മാറി.

പിന്നീട് 82ൽ മറ്റൊരു കെ.ജി.ജോർജ്ജ് ഹിറ്റ് ചിത്രമായ യവനികയിലെ പൊലീസ് ഓഫീസറുടെ വേഷപകർച്ചയിലൂടെ വിമർശകരെ ഞെട്ടിക്കാൻ മമ്മൂട്ടിക്ക് കഴിഞ്ഞു. അഭിനയമെന്നാൽ സ്പൊണ്ടേനിയസ് റിയാക്ഷനെന്ന് അടിവരയിട്ടുകൊണ്ടുള്ള പ്രകടനം ബിഗ് സ്ക്രീനിലൂടെ കാഴ്ച വെക്കാൻ മമ്മൂട്ടിക്കായി. 80 കളിലെ അവസാന കാലഘട്ടം മുതൽ വേറിട്ട ഒട്ടനവധി കഥാപാത്രങ്ങളുമായി മമ്മൂട്ടി ഫ്രേയ്മുകളിൽ നിറഞ്ഞു നിന്നു. കുടുംബനായകനായി എത്തിയ സിനിമകള്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇതേ കഥാപാത്രങ്ങള്‍ ആവര്‍ത്തിച്ചു വന്നതോടെ പരാജയങ്ങള്‍ മമ്മൂട്ടിയുടെ ഗ്രാഫ് താഴ്ത്തി. മമ്മൂട്ടിയുഗം അവസാനിച്ചുവെന്ന് ആവർത്തിച്ച് പറഞ്ഞ വിമർശകർക്ക് മൗനം സമ്മാനിച്ച് ന്യൂ ഡൽഹൽഹിയിലെ ജി.കൃഷ്ണമൂർത്തിയായി മമ്മൂട്ടി തിരിച്ചു വന്നു. 87ൽ പുറത്തിറങ്ങിയ തനിയാവർത്തത്തിലെ ബാലൻ മാഷിലൂടെ സ്വാഭാവികാഭിനയത്തിന്‍റെ പ്രകടഭാവങ്ങളാൽ മമ്മൂട്ടി ജനമനസുകളിൽ ഇടംനേടി.

മുഖ്യധാര സിനിമയിലെ നായകന്മാർ പൊതുവേ അമാനുഷിക അഭിനയ രീതിയാണ് പിന്തുടർന്ന് വരാറുള്ളത്. അത്തരം അഭിനയ ശൈലിയിൽ നിന്ന് വേറിട്ട് നിൽക്കാൻ മലയാള സിനിമയിൽ ഒരു പരിധി വരെ മമ്മൂട്ടിക്ക് സാധിച്ചിട്ടുണ്ട്.അഭിനയം എന്നാൽ കഥാപാത്രത്തിന്‍റെ പൂർണതയാണെന്ന് Arthur Conan Doyle പറഞ്ഞത് പോലെ കഥാപാത്രത്തോട് ഇണങ്ങി ജീവിക്കാൻ മമ്മൂട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.അതുമൊണ്ട് തന്നെയാണ് മെത്തേഡ് ആക്ടിങിന്‍റെ സൂക്ഷ്മ ശൈലികൾ പ്രകടമാക്കാൻ മമ്മൂട്ടിക്കായത്.

അച്ചടിഭാഷയല്ലാത്ത പ്രാദേശിക ഭാഷകളാൽ ഇത്രയധികം മൊഴിയാട്ടം നടത്തിയ വേറൊരു നടൻ മലയാള സിനിമയിലുണ്ടായിട്ടില്ല. അരനൂറ്റാണ്ട് പിന്നിട്ട സിനിമാ ജീവിതത്തിനിടയിൽ പരുക്കൻ വേഷങ്ങളിൽ കവിഞ്ഞ ഹാസ്യ താരമായും കാമുകനായും അദ്ദേഹം തിളങ്ങി. അഭിനയം എന്ന അഭിനിവേശം ജീവിതലക്ഷ്യമാക്കി അദ്ദേഹം തന്‍റെ സഞ്ചാരം തുടർന്നുകൊണ്ടിരിക്കുന്നു.



TAGS :

Next Story