'ഇതെന്‍റെ സിനിമയുടെ പകര്‍പ്പ്, അംഗീകരിക്കാനാവില്ല'; മമ്മൂട്ടി സിനിമക്കെതിരെ തമിഴ് സംവിധായിക
നന്‍പകല്‍ നേരത്ത് മയക്കത്തിന്‍റെ ഛായാഗ്രഹകന്‍ തേനി ഈശ്വര്‍ തന്നെയാണ് ഈ ചിത്രത്തിനും ക്യാമറ ചലിപ്പിച്ചത്
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ 'നൻപകൽ നേരത്ത് മയക്കം' സിനിമക്കെതിരെ മോഷണമാരോപണവുമായി തമിഴ് സംവിധായിക ഹലിതാ ഷമീം. 2021ല്‍ താന്‍ സംവിധാനം ചെയ്ത 'ഏലേ' എന്ന ചിത്രത്തിന്‍റെ സൗന്ദര്യാനുഭൂതി അതെപടി ലിജോ 'നൻപകൽ നേരത്ത് മയക്കം' സിനിമയിലേക്ക് പകര്‍ത്തിയതായും ഇത് അംഗീകരിക്കാനാവില്ലെന്നും ഹലിതാ പറഞ്ഞു. രണ്ട് ചിത്രങ്ങളും ചിത്രീകരിച്ചിരിക്കുന്നത് ഒരേ സ്ഥലത്താണെന്നതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ തന്‍റെ സിനിമയിലെ പല രംഗങ്ങളും 'നൻപകൽ നേരത്ത് മയക്കം' സിനിമയില്‍ ആവര്‍ത്തിച്ചത് കണ്ടതില്‍ അസ്വസ്ഥത തോന്നിയതായും ഹലിത ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ചിത്രത്തിന്‍റെ പോസ്റ്ററുകളിലെ സാമ്യത ചൂണ്ടിക്കാട്ടി നിരവധി പേര്‍ ഹലിതക്ക് പിന്തുണയുമായി രംഗത്തുവന്നു. 'സില്ലു കറുപ്പാട്ടി' അടക്കം ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായികയാണ് ഹലിത.
ഹലിതാ ഷമീമിന്‍റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
ഒരു സിനിമയില്‍ നിന്ന് അതിന്‍റെ സൗന്ദര്യാനുഭൂതി മുഴുവന്‍ മോഷ്ഠിക്കുന്നത് അംഗീകരിക്കാനാവില്ല. 'ഏലേ' എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിന് വേണ്ടി ഒരു ഗ്രാമം തന്നെ ഞങ്ങള്‍ തയ്യാറാക്കി. അതേ ഗ്രാമത്തിലാണ് 'നന്‍പകല്‍ നേരത്ത് മയക്കവും' ചിത്രീകരിച്ചിരിക്കുന്നത് എന്നത് സന്തോഷം നല്‍കുന്ന ഒന്നാണ്. ഞാന്‍ കണ്ടതും സൃഷ്ടിച്ചെടുത്തതുമായ സൗന്ദര്യാനുഭൂതിയെ അങ്ങനെ തന്നെ എടുത്തിരിക്കുന്നത് കാണുന്നത് അസ്വസ്ഥപ്പെടുത്തുന്നതാണ്. അവിടുത്തെ ഐസ്ക്രീംകാരന്‍ ഇവിടെ പാല്‍ക്കാരനാണ്. അവിടെ ഒരു മോര്‍ച്ചറി വാനിനു പിറകെ പ്രായമായ ഒരു മനുഷ്യന്‍ ഓടുന്നുവെങ്കില്‍ ഇവിടെ ഒരു പ്രായമായ മനുഷ്യനു പിന്നാലെ ഒരു മിനി ബസ് തന്നെ ഓടുകയാണ്. ഞാന്‍ പരിചയപ്പെടുത്തിയ നടനും സംവിധായകനുമായ ചിത്രൈ സേനന്‍ മമ്മൂട്ടിക്കൊപ്പം പാടുകയാണ്, ഏലേയിലേതു പോലെ തന്നെ. പല കാലങ്ങള്‍ക്ക് സാക്ഷികളായ ആ വീടുകള്‍ മറ്റു സിനിമകളിലൊന്നും വന്നിട്ടുള്ളവയല്ല. അതൊക്കെ ഞാന്‍ ഇതില്‍ കണ്ടു. കഥ മുന്നോട്ട് പോകുമ്പോള്‍ താരതമ്യത്തിനായി ഇനിയും ഏറെയുണ്ട്. എനിക്കുവേണ്ടി ഞാന്‍ തന്നെ സംസാരിച്ചേ മതിയാവൂ എന്നതിനാലാണ് ഞാനിത് പോസ്റ്റ് ചെയ്യുന്നത്. ഏലേ എന്ന എന്‍റെ ചിത്രത്തെ നിങ്ങള്‍ക്ക് എഴുതിത്തള്ളാം. പക്ഷേ അതില്‍ നിന്ന് ആശയങ്ങളും സൗന്ദര്യാനുഭൂതിയും ഒരു കരുണയുമില്ലാതെ അടര്‍ത്തിയെടുത്താല്‍ ഞാന്‍ നിശബ്ദയായി ഇരിക്കില്ല.
2022 ഡിസംബര്‍ 12ന് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം ജനുവരി 19നാണ് 'നൻപകൽ നേരത്ത് മയക്കം' ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തിയത്. ചിത്രം കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു. വേളാങ്കണ്ണി തീർത്ഥയാത്ര കഴിഞ്ഞ് മടങ്ങുന്ന ഒരു നാടക ട്രൂപ്പിലെ അംഗങ്ങൾ എല്ലാവരും ഉച്ചയൂണ് കഴിഞ്ഞ് മയക്കത്തിലാകുന്നതും ശേഷം ട്രൂപ്പിൻ്റെ വാഹനം ഓടിക്കുന്ന ജയിംസ് വഴിയിലെ ഒരു ഗ്രാമത്തിലേക്ക് വണ്ടി തിരിച്ച് ആ ഗ്രാമത്തിലെ സുന്ദരം എന്ന വ്യക്തിയുടെ ആത്മാവിൽ വലയം പ്രാപിക്കുന്നതുമാണ് 'നന്‍പകല്‍ നേരത്ത് മയക്കം' സിനിമയുടെ പ്രമേയം. ലിജോയുടെ തന്നെ കഥയ്ക്ക് എസ്.ഹരീഷാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
2021 ഫെബ്രുവരി 28നാണ് 'ഏലേ' സ്റ്റാര്‍ വിജയ് ടിവിയിലൂടെ പ്രീമിയര്‍ ചെയ്യുന്നത്. ചിത്രം പിന്നീട് നെറ്റ്ഫ്ലിക്സിലും പുറത്തിറക്കി. കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെട്ട ചിത്രത്തില്‍ സമുദ്രകനിയും മണികണ്ഠനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നന്‍പകല്‍ നേരത്ത് മയക്കത്തിന്‍റെ ഛായാഗ്രഹകന്‍ തേനി ഈശ്വര്‍ തന്നെയാണ് ഈ ചിത്രത്തിനും ക്യാമറ ചലിപ്പിച്ചത്.
Adjust Story Font
16