'പഠാൻ സിനിമ റിലീസ് ചെയ്താൽ തിയേറ്റർ കത്തിക്കും'; ഉടമകളെ ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ
അറസ്റ്റിലായ ഷാ വലതുപക്ഷ ഹിന്ദു സംഘടനയായ കർണി സേനയുടെ അംഗമായിരുന്നെന്ന് പൊലീസ്
സൂറത്ത്: റിലീസിന് മുമ്പ് തന്നെ വാർത്തകളിൽ ഇടം പിടിച്ച ഷാരൂഖ് ഖാൻ ചിത്രമാണ് പഠാൻ. ഗാനരംഗത്ത് ദീപിക അണിഞ്ഞ ബിക്കിനിയുടെ നിറത്തിന്റെ പേരിലാണ് പഠാൻ വിവാദങ്ങളിൽ നിറഞ്ഞത്. ചിത്രത്തെ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. ചിത്രം തിയേറ്ററിൽ പ്രദർശിപ്പിക്കരുതെന്നാവശ്യപ്പെട്ട് തിയേറ്റർ ഉടമകളെ ഭീഷണിപ്പെടുത്തിയ 33 കാരനെ അഹമ്മദാബാദ് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.
സണ്ണി ഷാ എന്ന തൗജിയാണ് അറസ്റ്റിലായത്. ഭീഷണിപ്പെടുത്തുന്ന വീഡിയോ അടുത്തിടെ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഏതെങ്കിലും തിയറ്റർ ഉടമ പഠാൻ പ്രദർശിക്കാൻ തീരുമാനിച്ചാൽ അവരുടെ തീയറ്ററുകൾ അഗ്‌നിക്കിരയാക്കുമെന്നായിരുന്നു ഭീഷണി. ഗുജറാത്തിലെ പല പത്രങ്ങളും ഷായുടെ പ്രസ്താവന പ്രസിദ്ധീകരിക്കുകയും ചെയ്തു.
പത്ര വാർത്തകളിലൂടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്നും തുടർന്നാണ് കേസെടുത്ത് അറസ്റ്റ് ചെയ്‌തെന്നുംഅഹമ്മദാബാദ് സൈബർ പൊലീസ് പറഞ്ഞു. പ്രതിയുടെ ഭീഷണി വർഗീയ സംഘർഷത്തിന് കാരണമാകുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായ ഷാ വലതുപക്ഷ ഹിന്ദു സംഘടനയായ കർണി സേനയുടെ അംഗമായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് ഭീഷണിക്ലിപ്പും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.
ദീപിക പദുക്കോണും ജോൺ എബ്രഹാമും പഠാനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജനുവരി 25 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ പഠാന്‍ എന്ന സീക്രട്ട് ഏജന്‍റായിട്ടാണ് ഷാരൂഖ് എത്തുന്നത്. ജോണ്‍ എബ്രഹാമാണ് വില്ലന്‍. ഡിംപിള്‍ കപാഡിയ, അശുതോഷ് റാണ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Adjust Story Font
16