'ലോറൻസ് ബിഷ്ണോയിയെ അറിയിക്കണോ?';സൽമാൻ ഖാന്റെ ഷൂട്ടിങ് സെറ്റിൽ അതിക്രമിച്ച് കടന്നയാൾ പിടിയിൽ
സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞപ്പോഴാണ് ലോറൻസ് ബിഷ്ണോയിയുടെ പേരിൽ യുവാവ് ഭീഷണി മുഴക്കിയത്
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാൻ നായകനായ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. മുംബൈയിൽ മാട്ടുംഗ റെയിൽവേ സ്റ്റേഷന് സമീപം ചിത്രീകരണം നടക്കുന്നതിനിടെയാണ് സംഭവം. സല്‍മാന്‍ ഖാന്റെ ആരാധകനാണെന്ന് വിശേഷിപ്പിച്ച ഇയാൾ അനുമതിയില്ലാതെ അകത്തുകടക്കാൻ ശ്രമിക്കുകയായിരുന്നു. പ്രവേശനം തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥരോട് 'ലോറന്‍സ് ബിഷ്ണോയിയെ അറിയിക്കണോ' എന്നും ഇയാള്‍ ചോദിച്ചു. തുടർന്നാണ് ചിത്രത്തിന്റെ അണിയറക്കാർ പൊലീസിൽ വിവരമറിയിച്ചത്.
ശിവാജി പാര്‍ക്ക് പൊലീസ് ഉടനെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. മുംബൈ സ്വദേശിയായ ഇയാളുടെ മുന്‍പശ്ചാത്തലങ്ങള്‍ പൊലീസ് അന്വേഷിച്ചെങ്കിലും സംശയത്തക്ക രീതിയില്‍ ഒരു വിവരവും ലഭിച്ചിട്ടില്ല. സല്‍മാന്‍ ഖാന്റെ ആരാധകനാണെന്നും ഷൂട്ടിങ് കാണാനെത്തിയതാണെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഷൂട്ടിങ് സ്ഥലത്തേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതോടെ അസ്വസ്ഥനായ ഇയാൾ ലോറന്‍സ് ബിഷ്ണോയിയുടെ പേര് വെറുതേ പറയുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
സൽമാൻ ഖാനെതിരെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ തുടര്‍ച്ചയായുള്ള ഭീഷണിയെ തുടർന്ന് കനത്ത സുരക്ഷയിലാണ് ചിത്രീകരണം നടക്കുന്നത്. കൃഷ്ണമൃഗത്തെ വെടിവെച്ച് കൊലപ്പെടുത്തിയതിലൂടെ സല്‍മാന്‍ ഖാന്‍ തന്റെ സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന് നേരത്തേ ബിഷ്‌ണോയി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സൽമാൻ ഖാൻ ക്ഷമ ചോദിക്കണമെന്നും അല്ലാത്ത പക്ഷം പ്രത്യാഘാതം നേരിടേണ്ടി വരുമെന്നുമായിരുന്നു ബിഷ്‌ണോയുടെ ഭീഷണി.
കഴിഞ്ഞ ഏപ്രിലില്‍ നടന്‍റെ ബാന്ദ്രയിലെ വീടിന് നേര്‍ക്ക് രണ്ട് പേര്‍ വെടിയുതിര്‍ത്തതും വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ബാബ സിദ്ദീഖി കൊല്ലപ്പെടുന്നത്. തുടർന്ന് താരത്തിൻ്റെ സുരക്ഷ ശക്തമാക്കിയിരുന്നു. നിലവില്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് സല്‍മാന്‍ ഖാന് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മുംബൈയിലെ വീടിന് മുന്നില്‍ കനത്ത പൊലീസ് കാവലുമുണ്ട്.
Adjust Story Font
16