കേരള സിനിമാ ടൂറിസത്തിന് പിന്തുണയുമായി സംവിധായകൻ മണിരത്നം
പ്രശസ്തമായ സിനിമകൾ ചിത്രീകരിച്ച സ്ഥലങ്ങളെ അവയുടെ ഓർമ്മകളിൽ നിലനിർത്തിക്കൊണ്ട് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതിയാണ് സിനിമാ ടൂറിസം
മണിരത്നം
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സിനിമാ ടൂറിസം പദ്ധതിക്ക് പിന്തുണയുമായി പ്രശസ്ത സിനിമാ സംവിധയകൻ മണിരത്നം. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസുമായി കോഴിക്കോട്ട് നടത്തിയ ചർച്ചയിലാണ് പദ്ധതിക്ക് മണിരത്നം പിന്തുണയും പ്രോത്സാഹനവും അറിയിച്ചത്.
പ്രശസ്തമായ സിനിമകൾ ചിത്രീകരിച്ച സ്ഥലങ്ങളെ അവയുടെ ഓർമ്മകളിൽ നിലനിർത്തിക്കൊണ്ട് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതിയാണ് സിനിമാ ടൂറിസം . മണിരത്നം സംവിധാനം ചെയ്ത് അരവിന്ദ് സ്വാമിയും മനീഷാ കൊയ് രാളയും അഭിനയിച്ച ബോംബെ എന്ന സിനിമ ചിത്രീകരിച്ച കാസർകോട്ടെ ബേക്കൽ കോട്ടയെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബേക്കലിലെ പരിപാടിയിൽ പങ്കെടുക്കാമെന്നും മണിരത്നം സമ്മതിച്ചു. ചിത്രത്തിലെ താരങ്ങളെയും ചടങ്ങിൽ പങ്കെടുപ്പിക്കും.
മണിരത്നത്തിനെപ്പോലെയുള്ള മഹാനായ ഒരു സംവിധായകന്‍റെ പ്രോത്സാഹനവും സാന്നിധ്യവും പദ്ധതിക്ക് വലിയ ഊർജ്ജമാകുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനെ സംബന്ധിച്ചിടത്തോളം ഇതൊരു മഹിതമായ നിമിഷമാണ്. അഭിമാനത്തോടെയാണ് സംസ്ഥാന സർക്കാരും ടൂറിസം വകുപ്പും ഈ നിമിഷത്തെ കാണുന്നത്. - മന്ത്രി കൂട്ടിച്ചേർത്തു.
Adjust Story Font
16