ശരീരരാഷ്ട്രീയം ചർച്ച: 'ബി 32 മുതൽ 44 വരെ' യുടെ ടീസർ റിലീസ് ചെയ്ത് മഞ്ജു വാര്യർ
സാംസ്കാരിക വകുപ്പും കെ.എസ്.എഫ്.ഡി.സിയും ചേർന്ന് നിർമ്മിച്ച് ശ്രുതി ശരണ്യം സംവിധാനം ചെയ്ത ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മുൻപ് സമൂഹ മാധ്യമങ്ങളിൽ വൻ സ്വീകാര്യത ലഭിച്ചിരുന്നു
സാംസ്കാരിക വകുപ്പും കെ.എസ്.എഫ്.ഡി.സിയും ചേർന്ന് നിർമ്മിച്ച 'ബി 32 മുതൽ 44 വരെ' എന്ന ചിത്രത്തിൻ്റെ ടീസർ വീഡിയോ പുറത്തിറങ്ങി. നടി മഞ്ജുവാര്യർ ടീസർ പ്രകാശനം ചെയ്ത് ആശംസ അറിയിച്ചു. മാധ്യമ, സിനിമ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ സ്ത്രീകൾ സമൂഹ മാധ്യമങ്ങളിൽ ടീസർ പങ്കുവെച്ചു.
ശ്രുതി ശരണ്യം രചനയും സംവിധാനവും നിർവഹിച്ച് കെ.എസ്.എഫ്.ഡി.സി. നിർമ്മിച്ച ചിത്രം സ്ത്രീശരീരത്തിൻ്റെ രാഷ്ട്രീയം മുഖ്യധാരാ ശൈലിയിൽ അവതരിപ്പിക്കുന്നു. രമ്യാ നമ്പീശൻ, അനാർക്കലി മരിക്കാർ, സെറിൻ ഷിഹാബ്, അശ്വതി ബി, നവഗതയായ റെയ്ന രാധാകൃഷ്ണൻ എന്നിവർ ചേർന്ന് തികച്ചും വിഭിന്നമായ പശ്ചാത്തലങ്ങളുള്ള ആറ് പെൺകഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഹരീഷ് ഉത്തമൻ, രമ്യാ സുവി, സജിത മഠത്തിൽ, ജിബിൻ ഗോപിനാഥ്, നീന ചെറിയാൻ, സജിൻ ചെറുകയിൽ, സിദ്ധാർത്ഥ് വർമ്മ, അനന്ത് ജിജോ ആന്റണി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുദീപ് എളമൺ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് സുദീപ് പാലനാടാണ്. മഹേഷ് നാരായണൻ്റെ സൂപ്പർവിഷനിൽ ചിത്രസംയോജനം നിർവഹിച്ചത് രാഹുൽ രാധാകൃഷ്ണൻ. എസ്.രാധാകൃഷ്ണൻ, സതീഷ് ബാബു, ഷൈൻ വി.ജോൺ എന്നിവർ ശബ്ദരൂപകല്പനയും അനൂപ് തിലക് ശബ്ദമിശ്രണവും ചെയ്തിരിക്കുന്നു.
ദുന്ദു രഞ്ജീവ് കലാ സംവിധാനവും, മിട്ട എം.സി മേക്കപ്പും, അർച്ചനാ വാസുദേവ് കാസ്റ്റിംഗും, രമ്യ സർവ്വദാ ദാസ് മുഖ്യ സംവിധാനസഹായവും, അഞ്ജന ഗോപിനാഥ് നിശ്ചലഛായാഗ്രഹണവും നിർവഹിച്ചു. സൗമ്യ വിദ്യാധർ സബ്ടൈറ്റിൽസും സ്റ്റോറിസ് സോഷ്യലിൻ്റെ ബാനറിൽ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ സംഗീത ജനചന്ദ്രനും നിർവ്വഹിക്കുന്നു.
ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച ആലപ്പുഴ വനിതാ ചലച്ചിത്ര മേളയിൽ ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. സ്പെയിനിലെ ഇമാജിൻ ഇന്ത്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അഞ്ച് സംവിധാനസഹായികൾ ഉൾപ്പെടെ അരങ്ങിലും അണിയറയിലുമായി മുപ്പതോളം സ്ത്രീകളാണ് ചിത്രത്തിൽ പ്രവർത്തിച്ചിരിക്കുന്നത്. 2023 ഏപ്രിൽ ആറിന് ചിത്രം കേരളമൊട്ടാകെയുള്ള തിയേറ്ററുകളിലെത്തുന്നു.
Adjust Story Font
16