മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരായ കേസ്; നടൻ സൗബിനെ ഇ.ഡി ചോദ്യം ചെയ്തു
നിർമ്മാതാവ് ഷോൺ ആന്റണിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
സൗബിൻ ഷാഹിർ, മഞ്ഞുമ്മൽ ബോയ്സ്
കൊച്ചി: മഞ്ഞുമ്മൽ ബോയ്സിനെതിരായ അന്വേഷണത്തിൽ നടൻ സൗബിൻ ഷാഹിറിനെ ഇ.ഡി ചോദ്യം ചെയ്തു. സിനിമയുടെ മറവിൽ പറവ ഫിലിംസ് കമ്പനി കള്ളപ്പണം വെളുപ്പിച്ചുവെന്ന പരാതിയിലാണ് ഇ.ഡി നടപടി. മൊഴി വിശദമായി പരിശോധിച്ച ശേഷം സൗബിനെ അന്വേഷണസംഘം വീണ്ടും വിളിപ്പിച്ചേക്കും. ഇ.ഡി യുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. നിർമ്മാതാവ് ഷോൺ ആന്റണിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നുവെന്ന ആരോപണമുയർന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നിർമാതാക്കളെ ഇ.ഡി ചോദ്യം ചെയ്യുന്നത്. നേരത്തേ മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാണ പങ്കാളി എറണാകുളം അരൂർ സ്വദേശി സിറാജ് വലിയതുറ സൗബിനെതിരെ രംഗത്തുവന്നിരുന്നു. സിനിമക്ക് വേണ്ടി ഏഴുകോടി രൂപ നിക്ഷേപിച്ചിട്ടും ലാഭവിഹിതം നൽകിയില്ലെന്നായിരുന്നു പരാതി.
ലാഭവിഹിതം വാഗ്ദാനം ചെയ്ത് മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാതാക്കൾ ഏഴു കോടി വാങ്ങിയശേഷം ഒരു രൂപ പോലും തിരികെ നൽകിയില്ലെന്നായിരുന്നു തുറവൂർ സ്വദേശിയായ സിറാജിന്റെ പരാതി. പരാതിയിൽ കേസ് എടുത്ത് അന്വേഷണം തുടരുന്ന എറണാകുളം മരട് പോലീസ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. നിർമാതാക്കൾ നടത്തിയത് മുൻധാരണ പ്രകാരമുള്ള ചതിയാണെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചു. 22 കോടി രൂപ സിനിമക്കായി ചെലവായെന്ന നിർമാതാക്കളുടെ വാദം കള്ളമാണ്. 18.65 കോടി രൂപ മാത്രമാണ് നിർമാണ ചെലവ്. സിനിമക്കായി നിർമാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. പിന്നാലെയാണ് സിനിമ നിർമ്മാണത്തിന്റെയും ടിക്കറ്റ് കളക്ഷന്റെയും മറവിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നും ഈ പണം പുതിയതായി നിർമ്മിക്കാനിരിക്കുന്ന സിനിമകൾക്കായി ഉപയോഗപ്പെടുത്താനുള്ള നീക്കം നടക്കുന്നുണ്ടെന്നുമുള്ള പരാതി ഇ.ഡി ക്ക് ലഭിച്ചത്.
നിർമ്മാതാവ് ഷോൺ ആന്റണിയെ മൂന്ന് പ്രാവശ്യം ചോദ്യം ചെയ്തതിന് ശേഷമാണ് നടൻ സൗബിൻ ഷാഹിറിനെയും ഇ.ഡി വിളിപ്പിച്ചത്. രണ്ടു ദിവസമായി നടന്ന ചോദ്യം ചെയ്യലിൽ അന്വേഷസംഘം സൗബിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വിശദമായി പരിശോധിച്ച ശേഷം വീണ്ടും വിളിപ്പിച്ചേക്കും.
നിലവിൽ ഇ.ഡി നടത്തുന്നത് പ്രാഥമിക അന്വേഷണമാണ്. ഇത് പൂർത്തിയാക്കിയ ശേഷം ആയിരിക്കും ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. മലയാള സിനിമയിലെ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച പരാതികളിൽ അന്വേഷണം തുടരുന്നതിനിടയിലാണ് മഞ്ഞുമ്മൽ ബോയ്സ് കൂടി ഇ.ഡി യുടെ അന്വേഷണ പരിധിയിൽ എത്തിയത്.
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ വലിയ ബോക്സ് ഓഫിസ് വിജയം നേടിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. സൗബിന്റെയും ഷോണിന്റെയും പേരിലുള്ള പറവ ഫിലിംസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങിയത്.
നേരത്തെ ഹൈക്കോടതി മഞ്ഞുമ്മൽ ബോയ്സ് സിനിമാ നിർമാതാക്കൾക്കെതിരായ വഞ്ചനാക്കേസ് നടപടികള്‍ക്ക് സ്റ്റേ ചെയ്തിരുന്നു. ഒരു മാസത്തേക്ക് ഹൈക്കോടതിയാണ് സ്റ്റേ അനുവദിച്ചത്. പറവ ഫിലിംസിന്‍റെ പങ്കാളികളിലൊരാളായ ബാബു ഷെഹീർ നൽകിയ ഹരജിയിലായിരുന്നു കോടതി നടപടി.
മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ എറണാകുളം സബ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ചിത്രത്തിന്‍റെ നിർമാണ കമ്പനിയായ പറവ ഫിലിംസിന്‍റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടിരൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്. ചിത്രത്തിന്‍റെ നിർമാണത്തിന് ഏഴു കോടി രൂപ മുതൽമുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹരജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.
Adjust Story Font
16