Quantcast

'അവന്മാർ മത്സരിച്ച് അഭിനയമാണ്, അവസാനം മത്സരം നിർത്തിക്കേണ്ടി വന്നു'- ചിദംബരം

'ഫ്രണ്ട്ഷിപ്പിനോട് അങ്ങനെ പ്രത്യേകിച്ച് താൽപ്പര്യമൊന്നുമില്ല, രണ്ട് പടങ്ങൾ അങ്ങനെ ആയിപ്പോയെന്നേയുള്ളൂ' മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരം പറയുന്നു...

MediaOne Logo

ഹരിഷ്മ വടക്കിനകത്ത്

  • Updated:

    2024-02-21 12:16:27.0

Published:

21 Feb 2024 12:13 PM GMT

അവന്മാർ മത്സരിച്ച് അഭിനയമാണ്, അവസാനം മത്സരം നിർത്തിക്കേണ്ടി വന്നു-  ചിദംബരം
X

ഈ ഫെബ്രുവരിയിൽ പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ഒരുകൂട്ടം യുവാക്കളുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സംഘം കൊടൈക്കനാലിലേക്ക് യാത്രപോകുന്നതും അവിടെ നിന്ന് അവർക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ജാൻ-എ-മൻ എന്ന ജനപ്രിയ ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മഞ്ഞുമ്മൽ ബോയ്സിന്റെ വിശേഷങ്ങളുമായി ചേരുകയാണ് ചിദംബരം മീഡിയവൺ ഓൺലൈനിനൊപ്പം....


'അവരുടെ വായീന്ന് കഥ കേട്ടപ്പോൾ തന്നെ ഇഷ്ടമായി'

'ജാൻ-എ-മൻ' ന്റെ കോ പ്രൊഡ്യൂസറായിരുന്ന ഷോൺ ആന്റണിക്ക് യഥാർഥ മഞ്ഞുമ്മൽ ബോയ്സിനെ നേരിട്ട് അറിയാമായിരുന്നു. ഷോൺ വഴിയാണ് ഞാൻ ഈ കഥയിലേക്കെത്തുന്നത്. ഷോൺ ഇതിനെപ്പറ്റി പറഞ്ഞപ്പോൾ തന്നെ സിനിമയാക്കിയാൽ അടിപൊളിയായിരിക്കുമെന്ന് തോന്നി. അങ്ങനെ മഞ്ഞുമ്മൽ ബോയ്സിനെ നേരിട്ട് കണ്ടു. അവരുടെ വായീന്ന് കഥ കേട്ടപ്പോൾ തന്നെ എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. അങ്ങനെയാണ് മഞ്ഞുമ്മൽ ബോയ്സ് സംഭവിക്കുന്നത്. എല്ലാം പെട്ടെന്നായിരുന്നു പിന്നീട്.

ഇതിനു മുൻപും ഈ കഥ സിനിമയാക്കുന്നതിനെക്കുറിച്ച് പലരും ചിന്തിച്ചുകാണണം. പക്ഷെ അന്ന് മലയാളത്തിൽ ഇത്തരം വലിയ സിനിമകൾ ഉണ്ടാക്കുന്ന പ്രവണത കുറവായിരുന്നു. പക്ഷേ കാലഘട്ടം മാറി. ഇന്ന് മലയാളം സിനിമാമേഖലയിൽ ധാരാളം ഇൻവെസ്റ്റ്‍മെന്റ് ഉണ്ടാകുന്നുണ്ട്. വലിയ വലിയ സിനിമകൾ ഉണ്ടാകുന്നുണ്ട്. അത് തന്നെയാണ് മഞ്ഞുമ്മൽ ബോയ്സ് ഇപ്പോൾ നടക്കാനുള്ള കാരണം.


'ഈ കഥ ബഹളമില്ലാതെ പറയാൻ തന്നെ പത്ത് കോടിക്ക് മുകളിലാകും..'

മഞ്ഞുമ്മൽ ബോയ്സിന്റെ ഈ കഥ സിനിമയാക്കാം എന്ന് ചിന്തിച്ചപ്പോൾ തന്നെ ഇതിന്റെ ബഡ്ജറ്റിനെ കുറിച്ചാണ് ആലോചിച്ചത്. ഇത് ഒരു ബഹളവും ഇല്ലാതെ സാധാരണ രീതിയിൽ ചെയ്യാൻ തന്നെ ഒരു ബഡ്ജറ്റ് ആകും. ഏറ്റവും ചെറിയ രീതിയിൽ പറയണമെങ്കിൽ തന്നെ ഒരു പത്തു കോടിക്ക് മുകളിലാവും. അതാണ് ഈ സിനിമയുടെ ഒരു പ്രത്യേകത. 22 കോടി ബഡ്ജറ്റ് എന്നാൽ, ആ 22 കോടിയും പ്രൊഡക്ഷൻ ക്വാളിറ്റിക്ക് വേണ്ടിയാണ് ഉപയോഗിച്ചത്. അല്ലാതെ സ്റ്റാറുകൾക്ക് വേണ്ടിയല്ല.

പിന്നെ പ്രൊഡ്യൂസർ സൗബിക്ക (സൗബിൻ ഷാഹിർ) ഭയങ്കര അടിപൊളിയാണ്. സൗബിക്കയും ഒരു ഫിലിംമേക്കറായതുകൊണ്ട് കാര്യങ്ങൾ എളുപ്പമായിരുന്നു. ഒരു കടുപിടിത്തവും പുള്ളിക്കില്ല. എല്ലാത്തിനും പുള്ളി ഓക്കേ ആയായിരുന്നു. ഒരു പ്രൊഡ്യൂസർ എന്ന രീതിയിൽ മറ്റൊരു തരത്തിലും ഇടപെടൽ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ മേക്കിങ് എനിക്ക് വളരെ എളുപ്പമായി. ഷോൺ ഈ കഥ പറയുമ്പോൾ തന്നെ പറവയ്ക്ക് വേണ്ടിയാണ് ഇത് ചെയ്യുക എന്നുണ്ടായിരുന്നു. ഷോൺ സൗബിക്കയുടെ മാനേജറാണ്. അങ്ങനെയാണ് സൗബിക്ക മഞ്ഞുമ്മലിന്റെ പ്രൊഡ്യൂസറാകുന്നതും. ഷോണും ഇതിൽ കോ പ്രൊഡ്യൂസറാണ്.


'സുഷിൻ ആത്മാർഥമായാണ് പറഞ്ഞത്, മലയാള സിനിമയുടെ സീൻ മാറ്റുമെന്ന്..''

ജാൻ-എ-മൻ മൗത്ത് പബ്ലിസിറ്റിയിലൂടെ ഹിറ്റായ ഒരു പടമാണ്. പക്ഷെ മഞ്ഞുമ്മൽ ബോയ്സിന് റിലീസിനു മുൻപ് തന്നെ ഒരു ഹൈപ്പ് കിട്ടിയിട്ടുണ്ട്. മലയാള സിനിമയുടെ സീൻ മാറ്റുമെന്നൊക്കെ മ്യൂസിക് ഡയറക്ടർ സുഷിൻ ശ്യാം പറഞ്ഞത് വളരെ ആത്മാർഥമായിട്ടാണ്. സുഷിൻ അത്രയും പണിയെടുത്തിട്ടുണ്ട് ഈ പടത്തിനുവേണ്ടി. മ്യൂസിക്കിനും സൗണ്ടിനും അത്രയും പ്രാധാന്യമുണ്ട് സിനിമയിൽ. പക്ഷെ സുഷിൻ അത് പറഞ്ഞപ്പോൾ വല്ലാതെ ക്ലിക്കായി. പടത്തെ അത് പോസിറ്റീവായി ബാധിച്ചിട്ടുണ്ട്. അവന്റെ വാക്കിന് വല്ലാതെ വില കൊടുത്തു ആൾക്കാർ. അതിന് സുഷിനോട് നന്ദിയുണ്ട്.


ജാൻ-എ-മൻ ഇറങ്ങുന്നതിനു മുൻപ് അങ്ങനെയൊരു പടത്തെക്കുറിച്ച് ആർക്കും അറിയില്ലായിരുന്നു. തിയേറ്ററിലിറങ്ങി ഒരാഴ്ചയൊക്കെ കഴിഞ്ഞപ്പോഴാണ് പടം ഫുൾ പോട്ടെൻഷ്യലിൽ ഓടിത്തുടങ്ങിയത്. പക്ഷെ ഇതിപ്പോൾ നേരെ തിരിച്ചാണ്. എല്ലായിടത്തും ഹൗസ്ഫുൾ ഷോയും പരിപാടിയുമൊക്കെയാണ്. പിന്നെ സുഷിൻ കൊടുത്ത ഹൈപ്പിന് പുറമെ ജാൻ-എ-മന്നിനു കിട്ടിയ സ്വീകാര്യതയും നമ്മുടെ ടീമിനോടുള്ള വിശ്വാസവുമൊക്കെ ഗുണം ചെയ്തു. അതുകൊണ്ടുതന്നെ ജാൻ-എ-മൻ ഇറങ്ങുമ്പോഴും മഞ്ഞുമ്മൽ ഇറങ്ങുമ്പോഴുമുള്ള എക്‌സൈറ്റ്മെന്റിൽ വളരെ വലിയ വ്യത്യാസമുണ്ട്.

'ലുക്ക്സും കഴിവുമായിരുന്നു കാസ്റ്റിങ്ങിലെ ക്രൈറ്റീരിയ'


മഞ്ഞുമ്മൽ ബോയ്സിൽ അഭിനയിച്ചവരെല്ലാവരും ഓഫ്‌സ്ക്രീനിലും നല്ല കെമിസ്ട്രിയുള്ളവരാണ്. എല്ലാവരും സുഹൃത്തുക്കളാണ്. ഈ ഓഫ്‌സ്ക്രീൻ കെമിസ്ട്രി തന്നെയായിരുന്നു കാസ്റ്റിങ്ങിൽ പ്രധാന മാനദണ്ഡം. പിന്നെ യഥാർഥ കഥ സിനിമയാക്കുന്നതുകൊണ്ട് ലുക്ക്സിനും പ്രാധാന്യം കൊടുത്തു. ലുക്ക്സിനൊപ്പം തന്നെ അഭിനയിക്കാനുള്ള കഴിവും പരിഗണിച്ചു. അങ്ങനെയാണ് ഓരോ കഥാപാത്രത്തെയും കാസ്റ്റ് ചെയ്യുന്നത്. റിയൽ മഞ്ഞുമ്മൽ ബോയ്സ്സുമായി സാമ്യതയുള്ളവർ തന്നെ ആണ് ഓരോരോ കഥാപത്രത്തെയും അവതരിപ്പിക്കുന്നത്. അഭിനേതാക്കളുടെ ഡേറ്റും ഒരു ഘടകമായിരുന്നു. കാരണം, കുറച്ച് അധികം ദിവസം ഷൂട്ടിങ്ങുണ്ടായിരുന്നു. അതും കാസ്റ്റിങ്ങിന്റെ സമയത്ത് പരിഗണിച്ചിട്ടുണ്ട്.

എല്ലാവരെയും എനിക്ക് നേരിട്ട് അറിയാവുന്നതുകൊണ്ടുതന്നെ വർക്ക്‌ ഫ്ലോ ഭയങ്കര എളുപ്പമായിരുന്നു. ആരെയും ഒന്നിനും കൺവിൻസ് ചെയ്യേണ്ട ആവശ്യം വന്നിട്ടില്ല. അളിയാ ഇതാണ് സംഭവം എന്ന് പറഞ്ഞാൽ അവർ ഓക്കേ ആയിരുന്നു. എന്തിനും കട്ടക്ക് കൂടെ നിൽക്കും.


പിന്നെ കൺവെൻഷണൽ നായികാ സങ്കൽപ്പം ഈ സിനിമയിലില്ല. യഥാർഥ കഥയായതുകൊണ്ട് തന്നെയാണത്. 11 ബോയ്സിന്റെ കഥ തന്നെയാണ് സിനിമ. പിന്നെ റിയൽ മഞ്ഞുമ്മൽ ബോയ്സ് ഈ സംഭവത്തിന്‌ ശേഷമാണ് പ്രേമിക്കുന്നതും കല്യാണം കഴിക്കുന്നതുംമൊക്കെ. അതുകൊണ്ടാണ് സിനിമയിൽ നായികമാരായി ആരുമില്ലാത്തത്.

'മത്സരിച്ച് അഭിനയമാണ്, അവസാനം നിർത്തിക്കേണ്ടി വന്നു.....'

കഥാപാത്രങ്ങൾ ആയപ്പോൾ അവന്മാരെല്ലാം മത്സരിച്ച് അഭിനയിക്കുകയായിരുന്നു. അവസാനം മത്സരം നിർത്തിക്കേണ്ടി വന്നു. ആർക്ക് കൂടുതൽ സ്പേസ് കിട്ടും... കൂടുതൽ പെർഫോം ചെയ്യാൻ പറ്റും എന്നുള്ള ഹെൽത്തി കോമ്പറ്റീഷൻ ആയിരുന്നു. അത് പടത്തിന് കൂടുതൽ ഉപകാരപ്പെട്ടു.

'ഷൂട്ടിങ് ഒരു മഞ്ഞുമ്മൽ ഫാമിലി ട്രിപ്പ്‌'


സിനിമയുടെ ഭാഗമായ എല്ലാവരും പുറത്തും സുഹൃത്തുക്കളായതുകൊണ്ട് തന്നെ വളരെ രസമായിട്ടാണ് ഷൂട്ടിങ് നടന്നത്. സെറ്റ് ഫുൾ കലപിലയായിരുന്നു. കൊരങ്ങന്മാരെ അഴിച്ചുവിട്ട പോലെയാണുണ്ടായത്. മഞ്ഞുമ്മൽ ബോയ്സും ഗേൾസും ഫാമിലിയും മൊത്തം ഒരു ട്രിപ്പ്‌ മൂഡിലായിരുന്നു. അതുകൊണ്ട് തന്നെ ഷൂട്ടിങ് കഴിഞ്ഞപ്പോൾ വിഷമം തോന്നി. രസകരമായ അനുഭവങ്ങളും അതിനിടയിലുണ്ടായി. കൊടൈക്കനാലിൽ ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ ഒത്തുകൂടലും കളിയും ചിരിയുമൊക്കെയായി വളരെ മെമ്മറബിൾ ആയിരുന്നു ഓരോ ദിവസവും. ഇനി അങ്ങനെയുള്ള ദിവസങ്ങൾ ഉണ്ടാകുമോ എന്നതാണ് സങ്കടം.

'ഒറിജിനൽ മഞ്ഞുമ്മൽ ബോയ്സും എന്റെ ബോയ്സിനൊപ്പം ഫുൾ ടൈം ഉണ്ട്'


ഒറിജിനൽ മഞ്ഞുമ്മൽ ബോയ്‌സുമായുള്ള ഇന്റർവ്യൂവിലൂടെയാണ് നമ്മൾ പടം തുടങ്ങുന്നത്. അവർ എല്ലാവരും പടത്തിന് പൂർണ സഹകരണവുമായി കൂടെയുണ്ടായിരുന്നു. അഭിനയിച്ച ഓരോരുത്തർക്കും യഥാർഥ കഥാപാത്രങ്ങളുമായി പേർസണൽ ബന്ധമുണ്ട്. സംശയം ഉള്ളിടത്തൊക്കെ അവർ യഥാർഥ മഞ്ഞുമ്മൽ ബോയ്സിനെ കോൺടാക്ട് ചെയ്യും. എന്റെ ബോയ്സിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു അവരും. നമ്മൾ മഞ്ഞുമ്മൽ പള്ളിയിൽ പെരുന്നാളിന് പോയിട്ടുണ്ട്, അവരുടെയെല്ലാം വീട്ടിൽ പോയിട്ടുണ്ട്. ഒരുമിച്ച് പാർട്ടി ചെയ്തിട്ടുണ്ട്... അങ്ങനെ ഫുൾ വൈബായിരുന്നു. പടത്തിൽ ഉപയോഗിച്ചിരിക്കുന്ന പേരുകളും അവരുടെ യഥാർഥ പേരുകളാണ്. പടത്തിന്റെ സ്ട്രകച്ചറിന് വേണ്ടി ചില ഡയലോഗുകളും മറ്റുമാണ് ആകെയുള്ള ഫിക്ഷണൽ എലമെന്റ്സ്.


'അജയേട്ടൻ പടത്തിന്റെ കോർ...'

ആർട്ട്‌ ഡയറക്ടർ അജയൻ ചാലിശ്ശേരിയാണ് മഞ്ഞുമ്മൽ ബോയ്സിന്റെ കോർ. അജയേട്ടൻ ഇല്ലെങ്കിൽ ഈ പടമില്ല. സിനിമയിൽ ആർട്ട്‌ ഡിപ്പാർട്മെന്റ് വളരെ വലിയൊരു ഘടകം തന്നെയാണ്. സെറ്റിട്ടും അല്ലാതെയും ഷൂട്ട്‌ ചെയ്തിട്ടുണ്ട്. അത് പ്രേക്ഷകർക്ക് കണ്ടുപിടിക്കാൻ പറ്റുമോ എന്ന് നോക്കണം... അതാണല്ലോ അജയന്റെ വിജയം...!!

പടത്തിൽ ടെക്നിക്കൽ ടീം തന്നെയാണ് മെയിൻ. ഹോളിവുഡിലൊക്കെ ഇങ്ങനെ പടങ്ങൾ വരുന്നത് സാധാരണമാണ്. പക്ഷെ മലയാളത്തിൽ അതല്ല അവസ്ഥ. അപൂർവമായേ ഇങ്ങനെ സംഭവിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ അതിനുള്ള വർക്ക്ഫ്ലോ കംപ്ലീറ്റ് സെറ്റ് ചെയ്യണം. ഓരോ കാര്യങ്ങളും ചെയ്ത് ചെയ്താണ് സാധ്യതകൾ കണ്ടുപിടിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടെ ലേണിങ് പ്രോസസാണ് നടക്കുന്നത്. അതിന് പണി അറിയാവുന്ന ടോപ് ടെക്‌നീഷ്യൻസ് തന്നെ വേണം.


'ഫ്രണ്ട്ഷിപ്പിനോട് എനിക്ക് പ്രത്യേക താൽപ്പര്യമൊന്നുമില്ല'

സിനിമയിൽ എല്ലാം പരീക്ഷണങ്ങൾ ആണല്ലോ. ഒരേ ചട്ടക്കൂടിൽ നിൽക്കാൻ എനിക്ക് താല്പര്യമില്ല. ഇനിയും പരീക്ഷണങ്ങൾ ഉണ്ടാകും. ജാൻ-എ-മൻ ഫുൾ കോമഡി പടമായിരുന്നു. മഞ്ഞുമ്മൽ ബോയ്സ് ഒരു സർവൈവൽ ത്രില്ലറും. എനിക്ക് ഫ്രണ്ട്ഷിപ്പിനോട് അങ്ങനെ പ്രത്യേകിച്ച് താൽപ്പര്യമൊന്നുമില്ല. രണ്ട് പടങ്ങൾ അങ്ങനെ ആയിപ്പോയി എന്നേയുള്ളൂ. ഇനി ചിലപ്പോൾ ഇതുമായൊന്നും യാതൊരു ബന്ധവുമില്ലാത്ത ഒരു കഥയുമായാകും വരുന്നത്. ഇനി പ്രേമം, വൈരാഗ്യം അങ്ങനെ അങ്ങനെ ഓരോ സബ്ജെക്ടിലേക്കും മാറി മാറി പോകണം.

TAGS :

Next Story