Quantcast

മലയാളത്തിലെ ചരിത്രം; 200 കോടി ക്ലബ്ബില്‍ മഞ്ഞുമ്മല്‍ ബോയ്‌സ്

200 കോടി കളക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

MediaOne Logo

Web Desk

  • Published:

    19 March 2024 11:13 AM GMT

manjummal boys
X

മലയാള സിനിമയില്‍ ചരിത്രം തീര്‍ത്ത് മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ 200 കോടി ക്ലബ്ബില്‍. 200 കോടി കളക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഫെബ്രുവരി 22 ന് പുറത്തിറങ്ങിയ ചിത്രം വെറും 27 ദിവസം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. റിലീസ് ചെയ്ത് മൂന്നാഴ്ചക്കുള്ളില്‍ തന്നെ ലോകത്തിലേറ്റവും കളക്ഷന്‍ നേടിയ മലയാള ചിത്രമെന്ന റെക്കോര്‍ഡ് ചിത്രം സ്വന്തമാക്കിയിരുന്നു. ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രം 2018നെ മറികടന്നായിരുന്നു ഈ നേട്ടം.

തമിഴ്‌നാട്ടിലും ചിത്രം വമ്പിച്ച വിജയമാണ് നേടിയത്. തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്‌നാട്ടില്‍ അന്‍പത് കോടി നേടുന്ന ആദ്യ അന്യഭാഷ ചിത്രമെന്ന റെക്കോര്‍ഡ് ചിത്രം സ്വന്തമാക്കിയിരുന്നു. സിനിമ കേരളത്തിലെ തിയറ്ററുകളില്‍ നിന്നും 60 കോടിയിലധികം സ്വന്തമാക്കിയെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. മികച്ച കളക്ഷന്‍ നേടിയ മലയാളചിത്രങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ടായിരുന്ന 2018, പുലിമുരുകന്‍, ലൂസിഫര്‍, പ്രേമലു എന്നിവയെ മറികടന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ മുന്നേറ്റം.

ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ബാലു വര്‍ഗീസ്, ഗണപതി, ഖാലിദ് റഹ്മാന്‍, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു, ചന്തു തുടങ്ങിയ താരങ്ങള്‍ അണിനിരന്ന ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്. എറണാകുളം മഞ്ഞുമ്മലില്‍ നിന്നും ഒരു പറ്റം സുഹൃത്തുക്കള്‍ കൊടൈക്കനാലിലേക്ക് പോവുന്നതും അവര്‍ നേരിടുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. ഗുണകേവിനെ ചുറ്റിപറ്റി വികസിക്കുന്ന ചിത്രത്തില്‍ 'ഗുണ' എന്ന കമല്‍ഹാസന്‍ ചിത്രത്തിലെ 'കണ്‍മണി അന്‍പോട്' എന്ന ഗാനം ഉള്‍പ്പെടുത്തിയത് വന്‍ സ്വീകാര്യത നേടിയിരുന്നു. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാമാണ് സംഗീതം.

TAGS :

Next Story