ഗുണ കേവ്‌സിന്റെ മറക്കാനാവാത്ത ഓര്‍മ്മകള്‍ പങ്കുവെച്ച് മഞ്ഞുമ്മല്‍ ബോയ്‌സ്
തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിദംബരം ചിത്രം മഞ്ഞുമ്മല്‍ ബോയ്സിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്സിലൂടെ ഗുണ കേവ്സ് വീണ്ടും ചര്‍ച്ചയാകുമ്പോള്‍, ഗുണ കേവ്‌സ് സെറ്റിന്റെ മറക്കാനാവാത്ത ഓര്‍മ്മകള്‍ മീഡിയ വണ്ണിനോട് പങ്കുവെക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.
ഒറിജിനലിനെ വെല്ലുന്ന സെറ്റാണ് അജയന്‍ ചാലിശ്ശേരി ഒരുക്കിയിട്ടുള്ളത്.
'സെറ്റിന്റെ ഫൈനല്‍ പ്രൊഡക്റ്റ് എങ്ങനെയാവുമെന്നതില്‍ ടെന്‍ഷനും ഒപ്പം ആകാംക്ഷയും ഉണ്ടായിരുന്നു. സെറ്റിടുന്നത് കാണാന്‍ ഇടയ്ക്ക് പോയിട്ടുണ്ടെങ്കിലും അവസാനത്തെ പ്രൊഡക്റ്റ് കണ്ട് ശരിക്കും കിളി പോയി. സെറ്റിലെ ലൈറ്റിങ്ങൊന്നും ഒരിക്കലും ആര്‍ട്ടിഫിഷ്യലാണെന്ന് പറയില്ല. സെറ്റാണെന്ന് ഓര്‍മ്മയില്ലാതെ മൂത്രമൊഴിക്കുക വരെ ചെയ്തിട്ടുണ്ട്. ചലച്ചിത്ര താരം ഗണപതി പറഞ്ഞു. മീഡിയവണ്‍ ഇന്റര്‍വ്യൂയില്‍ സംസാരിക്കുകയായിരുന്നു താരം. മഞ്ഞുമ്മല്‍ ബോയ്സിലെ പ്രധാന കഥാപാത്രം കൂടിയാണ് ഗണപതി. ഭാവിയില്‍ സിനിമയെക്കിറച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനം തന്നെയായിരിക്കും അജയന്‍ ചാലിശ്ശേരി ചെയ്ത് വെച്ചിരിക്കുന്നത്. താരം കൂട്ടിച്ചേര്‍ത്തു.
'സെറ്റ് കണ്ട് തകര്‍ന്ന് നിക്കുമ്പോള്‍ സെറ്റിലൂടെ പഴുതാരയും പാറ്റയൊക്കെ പോവുന്നുണ്ടായിരുന്നു. ഒറിജിനല്‍ ഫീല്‍ കിട്ടാന്‍ ചേട്ടന്‍ കൊണ്ടിട്ടതാണത്'. ചലചിത്ര താരവും മഞ്ഞുമ്മല്‍ ബോയ്സ് അഭിനേതാവുമായ ചന്തു സലീം കുമാര്‍ പറഞ്ഞു. സെറ്റ് കാണാന്‍ സിനിമ രംഗത്തുള്ള ഒരുപാട് പേര്‍ വന്നിട്ടുണ്ട്. സിനിമയുടെ അവസാനം ഈ സെറ്റ് ഇനി ആര്‍ക്കും കാണാന്‍ പറ്റില്ലല്ലോടായെന്ന് അജയേട്ടന്‍ കെട്ടിപ്പിടിച്ച് ചോദിച്ചിട്ടുണ്ട്. ചന്തു മീഡിയ വണ്ണിനോട് പറഞ്ഞു.
നിരോധിത മേഖലയായ ഗുണ കേവിലേക്ക് റെഫറന്‍സിന് വേണ്ടി കേറാന്‍ മഞ്ഞുമ്മല്‍ ബോയ്‌സ് അണിയറ പ്രവര്‍ത്തകരെ വനം വകുപ്പ് തടഞ്ഞെങ്കിലും ഒരുപാട് പ്രേരണകള്‍ക്ക് ശേഷം ഗുണ കേവിലേക്ക് ഇറങ്ങാനുള്ള അനുമതി ലഭിക്കുകയായിരുന്നു. ശേഷം പെരുമ്പാവൂരിലെ ഉപേക്ഷിക്കപ്പെട്ട ഗോഡൗണില്‍ ഗുണ കേവിന്റെ തനിപകര്‍പ്പ് ഒരുക്കുകയായിരുന്നു അജയന്‍ ചാലിശ്ശേരി.
Adjust Story Font
16