Quantcast

മരക്കാർ സിനിമ ഒടിടിക്ക് വിറ്റത് 90 കോടിക്ക് മുകളിൽ

മരക്കാർ പുറത്തിറങ്ങുന്ന ദിവസം കരിദിനം ആചരിക്കുമെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്

MediaOne Logo

Web Desk

  • Published:

    7 Nov 2021 7:43 AM GMT

മരക്കാർ സിനിമ ഒടിടിക്ക് വിറ്റത് 90 കോടിക്ക് മുകളിൽ
X

കൊച്ചി: മോഹൻലാൽ നായകനാകുന്ന പ്രിയദർശൻ ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹം' ആമസോൺ പ്രൈമിനു വിറ്റത് 90-100 കോടി രൂപയ്ക്ക് ഇടയിലെന്നു സൂചന. രാജ്യത്ത് ഒടിടിയിൽ നടക്കുന്ന ഏറ്റവും വലിയ കച്ചവടമാണിത്. ഇടപാടിന്റെ യഥാർത്ഥ തുക വെളിപ്പെടുത്തിയിട്ടില്ലെന്ന് വാർത്ത റിപ്പോർട്ട് ചെയ്ത മനോരമ ഓൺലൈൻ പറയുന്നു.

90 കോടിക്കടുത്താണ് സിനിമയുടെ നിർമാണച്ചെലവ്. സാറ്റലൈറ്റ് അവകാശ വിൽപനയിലെ ലാഭം നിർമാതാവിനുള്ളതാണ്. ഏറെ ചർച്ചകൾക്കൊടുവിലാണ് ചിത്രം ഒടിടിക്ക് കൈമാറിയത്. സിനിമ തിയേറ്ററിൽ റിലീസ് ചെയ്യാൻ തിയേറ്റർ ഉടമകളുടെ സംഘടനകൾ ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന മൂന്ന് മോഹൻലാൽ സിനിമകളുടെ അവകാശം ഒടിടിക്കു നൽകാൻ ധാരണയുണ്ടെങ്കിലും അത് ആമസോൺ പ്രൈമിനല്ല. ബ്രോ ഡാഡിയും ട്വൽത് മാനും ഹോട്ട്സ്റ്റാറിലാണു റിലീസ്. പേരിടാത്ത മറ്റൊരു മോഹൻലാൽ ചിത്രം ഇതുവരെ കരാർ ഒപ്പുവച്ചിട്ടില്ല. എല്ലാം നിർമാണം പൂർത്തിയാക്കിക്കഴിഞ്ഞു.

ഓരോ തിയറ്ററിലും സാധാരണ നാല് ഷോയ്ക്കു പുറമേ മൂന്നു ഷോയെങ്കിലും കൂടുതൽ കളിക്കാനാണ് ആസൂത്രണം ചെയ്തിരുന്നതെന്നും കോവിഡിന്റെ സാഹചര്യത്തിൽ അതു സാധ്യമാകില്ലെന്നും നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. അതുകൊണ്ടു തന്നെ മുടക്കിയ പണം തിരിച്ചു കിട്ടാനായി ഒടിടിയല്ലാതെ മാർഗമില്ല. കൂടുതൽ പ്രതികരണത്തിനില്ലെന്നു തിയറ്റർ ഉടമസ്ഥ സംഘടനയായ ഫിയോക് പ്രസിഡന്റ് കെ.വിജയകുമാർ പറഞ്ഞു.

മരക്കാർ പുറത്തിറങ്ങുന്ന ദിവസം കരിദിനം ആചരിക്കുമെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചിട്ടുണ്ട്. നടൻ മോഹൻലാലിനും നിർമാതാവ് ആൻറണി പെരുമ്പാവൂരിനുമുള്ള മുന്നറിയിപ്പാണ് പ്രതിഷേധമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു. തിയറ്ററുകളിൽ അന്ന് കരിങ്കൊടി കെട്ടുകയും ജീവനക്കാർ കറുത്ത ബാഡ്ജ് ധരിക്കുകയും ചെയ്യുമെന്നും കൊച്ചിയിൽ ചേർന്ന യോഗത്തിന് ശേഷം ഭാരവാഹികൾ പറഞ്ഞു.

TAGS :

Next Story