മരക്കാർ തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാനാകുമെന്ന പ്രതീക്ഷയിൽ തിയറ്റര്‍ ഉടമകള്‍
സിനിമ ഒടിടിയില്‍ റിലീസ് ചെയ്യുന്നത് ധാര്‍മികമായി തെറ്റാണെന്ന് മന്ത്രി സജി ചെറിയാന്‍
മോഹൻലാൽ നായകനായ ബിഗ് ബജറ്റ് ചിത്രം മരക്കാർ തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാനാകുമെന്ന പ്രതീക്ഷയിൽ ഫിയോക്. നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരുമായി വീണ്ടും ചര്‍ച്ചകള്‍ നടത്തണമെന്ന ആവശ്യമാണ് ഒരു വിഭാഗം തിയറ്റര്‍ ഉടമകള്‍ക്കുള്ളത്. സിനിമ ഒടിടിയില്‍ റിലീസ് ചെയ്യുന്നത് ധാര്‍മികമായി തെറ്റാണെന്ന് മന്ത്രി സജി ചെറിയാനും പ്രതികരിച്ചു.
ബിഗ് ബജറ്റ് ചിത്രമായ മരക്കാര്‍ എത്തുന്നതോടെ കൂടുതല്‍ പ്രേക്ഷകര്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു തിയറ്റര്‍ ഉടമകള്‍. എന്നാല്‍ 40 കോടി രൂപയെന്ന മിനിമം ഗ്യാരണ്ടി തുക നിര്‍മാതാവിന് നല്‍കാന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയില്ലെന്ന് ആവര്‍ത്തിക്കുകയാണ് ഫിയോക്. തകര്‍ന്നു കിടക്കുന്ന സിനിമാ വ്യവസായത്തെ പിടിച്ചു നിര്‍ത്താന്‍ എല്ലാ സംഘടനകളുടെയും സഹകരണം ആവശ്യമാണ്. 15 കോടിയിലധികം നല്‍കാന്‍ തിയറ്റര്‍ ഉടമകള്‍ക്ക് കഴിയില്ലെന്നും ഫിയോക് വ്യക്തമാക്കുന്നു.
രണ്ടര വര്‍ഷമായി പെട്ടിയിലിരിക്കുന്ന സിനിമ ഇനി നഷ്ടത്തില്‍ വില്‍ക്കാനാകില്ല എന്ന നിലപാടിലാണ് നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍. ഫിലിം ചേംബറിന്‍റെ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ചകള്‍ നടത്തണമെന്ന് തിയറ്റര്‍ ഉടമകളും ആവശ്യപ്പെടുന്നു. സിനിമ തിയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നാണ് കരുതുന്നതെന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. ചൊവ്വാഴ്ച സിനിമാ സംഘടനകളുമായി നടത്തുന്ന ചര്‍ച്ചയില്‍ മരക്കാറിന്‍റെ റിലീസുമായി ബന്ധപ്പെട്ട് സർക്കാറിന് ചെയ്യാനാകുന്നത് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
Adjust Story Font
16