'പ്രേക്ഷകരുടെ അഭിപ്രായം മാനിക്കുന്നു'; ഡാബ്സി പാടിയ പാട്ടിൻ്റെ സന്തോഷ് വെങ്കി വേർഷനും പുറത്തിറക്കി മാർക്കോ ടീം
'നിങ്ങളുടെ പ്രതികരണങ്ങൾ ഞങ്ങൾക്ക് കൂടുതൽ മെച്ചപ്പെടുത്താനും മികച്ചത് ഒരുക്കാനുമുള്ള അവസരമായി കണക്കാക്കുന്നു'
എറണാകുളം: സമൂഹമാധ്യമങ്ങളിലെ ഏറ്റവും പുതിയ ചർച്ച ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന മാർക്കോയെന്ന ചിത്രത്തെക്കുറിച്ചാണ്. മോളിവുഡിലെ ഏറ്റവും വയലൻ്റ് ചിത്രങ്ങളിൽ ഒന്നായിരിക്കും മാർക്കോ എന്നാണ് സമൂഹമാധ്യമങ്ങളിലെ വിലയിരുത്തൽ. എന്നാൽ ചിത്രം ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത് അതിൻ്റെ ഏറ്റവും പുതിയ ഗാനത്തിലൂടെയാണ്.
ചിത്രത്തിലെ 'ബ്ലഡ്' എന്ന ഗാനം നവംബർ 22ന് പുറത്തിറങ്ങിയിരുന്നു. കെജിഎഫ്, സലാര്‍ അടക്കമുള്ള പാൻ ഇന്ത്യൻ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്‍റൂര്‍ ആണ് മാര്‍ക്കോയിലും ഈണമൊരുക്കുന്നത്. ഡാബ്സി ആണ് ഗാനം ആലപിച്ചത്. എന്നാൽ സമൂഹമാധ്യമങ്ങളിലെ സമ്മിശ്ര പ്രതികരണങ്ങൾക്കുപിന്നാലെ കെജിഎഫ് ഫെയിം സന്തോഷ് വെങ്കിയുടെ ശബ്ദത്തിൽ ബ്ലഡിൻ്റെ പുതിയ പതിപ്പ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പുറത്തിറക്കി.
ഡാബ്സിയുടെ ഗാനം യൂട്യൂബിലിറങ്ങിയപ്പോൾ വ്യാപക ഹേറ്റ് കമൻ്റുകളാണ് നേരിട്ടത്. വോക്കൽ പോരെന്ന് ഒട്ടേറെ പേരാണ് കമൻ്റിട്ടത്. ഇതിനുപിന്നാലെ 15 മണിക്കൂറിനുള്ളിലാണ് സന്തോഷ് വെങ്കി വേർഷൻ പുറത്തിറങ്ങിയത്. എന്നാൽ ഇത്രയും വേഗം മറ്റൊരു ഗായകനെകൊണ്ടുവന്ന് പാടിച്ച് ഗാനം പുറത്തിറക്കാൻ സാധിക്കുമോ എന്ന ചോദ്യവും പ്രേക്ഷകർ ഉന്നയിക്കുന്നുണ്ട്.
'പ്രിയ പ്രേക്ഷകരെ, മാർക്കോയുടെ ആദ്യ സിംഗിൾ, ബ്ലഡ്, പുറത്തിറങ്ങിയതിനെ തുടർന്ന് നിങ്ങൾ നൽകുന്ന അഭിപ്രായങ്ങളും നിരൂപണങ്ങളും ഞങ്ങൾ ഹൃദയപൂർവ്വം സ്വീകരിക്കുന്നു. നിങ്ങളുടെ പ്രതികരണങ്ങൾ ഞങ്ങൾക്ക് കൂടുതൽ മെച്ചപ്പെടുത്താനും മികച്ചത് ഒരുക്കാനുമുള്ള അവസരമായി കണക്കാക്കുന്നു.
പ്രേക്ഷകർ പ്രതീക്ഷിക്കുന്ന അവരുടെ സങ്കൽപങ്ങൾക്ക് അനുസരിച്ചുള്ള ഉള്ളടക്കം സൃഷ്ടിക്കുന്നതിൽ ഞങ്ങൾ പ്രതിബദ്ധരാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ മാനിച്, കെജിഎഫ് ഫെയിം സന്തോഷ് വെങ്കിയുടെ വോയ്‌സ് ഉൾക്കൊള്ളിക്കുന്ന ബ്ലഡ്ൻ്റെ പുതുക്കിയ പതിപ്പ് ഉടൻ പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നു.'- എന്നായിരുന്നു ചിത്രത്തിൻ്റെ നിർമാതാവ് ഷെരീഫ് മുഹമ്മദ് അറിയിച്ചത്.
എന്നാൽ ഈ തീരുമാനത്തിനും വ്യാപക വിമർശനമാണ് സമൂഹമാധ്യങ്ങളിൽ ഉയരുന്നത്. എന്നിരുന്നാലും രണ്ട് വേർഷനുകളും യൂട്യൂബിൽ ട്രെൻഡിങ്ങാണ്. സന്തോഷ് വെങ്കി വേർഷൻ ഒന്നും, ഡാബ്സി വേർഷൻ രണ്ടും സ്ഥാനങ്ങളിലാണ് നിലവിൽ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിലുള്ളത്. സന്തോഷ് വെങ്കിയുടെ വേർഷന് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
ഹനീഫ് അദേനിയാണ് ചിത്രത്തിൻ്റെ സംവിധായകൻ. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മാതാവ്. ചിത്രത്തിന്‍റെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്കിനാണ്. ക്രിസ്മസ് റിലീസായി അഞ്ച് ഭാഷകളിലാണ് ചിത്രം തിയറ്ററുകളില്‍ എത്തുക.
Adjust Story Font
16