Quantcast

'ഇറ്റലിയും ഫ്രാൻസും ബിജെപിയാണോ ഭരിക്കുന്നത്? അവിടെയും കലാപങ്ങളില്ലേ'; നടി മീര ചോപ്ര

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ബന്ധുവാണ് മീര ചോപ്ര.

MediaOne Logo

Web Desk

  • Published:

    3 Aug 2023 11:35 AM GMT

ഇറ്റലിയും ഫ്രാൻസും ബിജെപിയാണോ ഭരിക്കുന്നത്? അവിടെയും കലാപങ്ങളില്ലേ; നടി മീര ചോപ്ര
X

മുംബൈ: ഹരിയാനയിലെയും മണിപ്പൂരിലെയും സാമുദായിക സംഘർഷങ്ങളിൽ ബിജെപിയെ പിന്തുണച്ച് നടിയും മോഡലുമായ മീര ചോപ്ര. വിദേശ രാഷ്ട്രങ്ങളിലും കലാപങ്ങൾ നടക്കുന്നുണ്ട് എന്നും അതിനെല്ലാം ബിജെപിയാണോ ഉത്തരവാദി എന്നും അവർ ചോദിച്ചു. ട്വിറ്ററിലാണ് നടിയുടെ പ്രതികരണം.

'ഇന്ത്യയിൽ നടക്കുന്ന സാമുദായിക സംഘർഷങ്ങളിൽ ഒരുപാട് ആളുകൾ ബിജെപിയെ കുറ്റപ്പെടുത്തുന്നുണ്ട്. അവരോട് ഞാൻ ചോദിക്കുകയാണ്. ലണ്ടനിലും ഇറ്റലിയിലും ഫ്രാൻസിലും സ്വീഡനിലും കലാപം നടക്കുന്നുണ്ട്. ഇതെല്ലാം ബിജെപി ഭരിക്കുന്ന രാഷ്ട്രങ്ങളാണോ?'- മീര ചോദിച്ചു.

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ബന്ധുവായ മീര നേരത്തെ മഹുവ മൊയ്ത്രയുടെ പാര്‍ലമെന്‍റ് പ്രസംഗം പങ്കുവച്ചും ശശി തരൂരിനെ പിന്തുണച്ചും രംഗത്തെത്തിയത് ശ്രദ്ധ നേടിയിരുന്നു. 2005ൽ പുറത്തിറങ്ങിയ അൻപെ ആരുയിരെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഇവർ സിനിമയിലെത്തിയത്. വിക്രം ഭട്ടിന്റെ 1920 ലണ്ടൻ, സതീശ് കൗശികിന്റെ ഗ്യാങ് ഓഫ് ഘോസ്റ്റ്‌സ് തുടങ്ങി ഇരുപതിലേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

അതിനിടെ, സംഘർഷങ്ങളിൽ അയവു വന്നിട്ടും നൂഹ് ജില്ലയിൽ ഒറ്റപ്പെട്ട അക്രമങ്ങൾ തുടരുകയാണ്. ബുധനാഴ്ച രാത്രി രണ്ട് മസ്ജിദുകൾക്കു നേരെ ആക്രമണ നീക്കം നടന്നതായി എൻഡിടിവി റിപ്പോർട്ടു ചെയ്തു. 10-15 പേർ അടങ്ങുന്ന സംഘമായിരുന്നു ആക്രമണങ്ങൾക്ക് പിന്നിൽ. പരാതി ലഭിച്ചയുടൻ പൊലീസ് സംഘം സ്ഥലത്തെത്തിയതോടെ അനിഷ്ട സംഭവങ്ങൾ ഇല്ലാതാകുകയുമായിരുന്നു.

സംഘർഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി നൂഹ്, പൽവാൽ ജില്ലകളിൽ വലിയ ഒത്തുചേരലുകൾക്ക് വിലക്കുണ്ട്. ഇന്‍റര്‍‌നെറ്റിനും നിയന്ത്രണമുണ്ട്. വിവിധ അക്രമസംഭവങ്ങളിൽ ഇതുവരെ 116 പേരാണ് അറസ്റ്റിലായിട്ടുള്ളത്. 90 പേർ തടങ്കലിലുമാണ്. ജില്ലയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്.




TAGS :

Next Story