ദിലീഷ് പോത്തനും ചേതനും ഒരു ലോറിയും; അവാർഡുകൾ വാരിക്കൂട്ടിയ മിഡ് നൈറ്റ് റൺ യു ട്യൂബിൽ
പൂര്‍ണമായും ഒരു രാത്രിയില്‍ നടക്കുന്ന സംഭവങ്ങളെ ആധാരമാക്കിയാണ് ചിത്രം.
സംവിധായകനും നടനുമായ ദിലീഷ് പോത്തനും ചേതൻ ജയലാലും പ്രധാന വേഷത്തിൽ എത്തിയ, നിരവധി ഫിലിം ഫെസ്റ്റുകളിൽ അവാർഡുകൾ വാങ്ങിക്കൂട്ടിയ ഹ്രസ്വചിത്രം മിഡ്നൈറ്റ് റൺ യു ട്യൂബിൽ പ്രദർശനത്തിന് എത്തി. സിബി മലയിൽ അടക്കമുളള സംവിധായകരുടെ അസോസിയേറ്റ് ആയിരുന്ന രമ്യാ രാജിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. മനുഷ്യനുമേൽ ഭയം എന്ന വികാരം എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്ന് സ്വാഭാവികമായി കാണിക്കുന്ന ചിത്രം കാലിഫോര്‍ണിയയില്‍ നടന്ന ഇന്‍ഡീബെസ്റ്റ് ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഇന്‍ഡീ ഷോര്‍ട്ട് ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഹംഗറിയിലെ സെവന്‍ ഹില്‍സ് രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍, ബെലാറസില്‍ നടന്ന കിനോസ്‌മെന-മിന്‍സ്‌ക് രാജ്യാന്തര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ബാംഗ്ലൂര്‍ ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ആസം ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍, ദാദാസാഹിബ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ മത്സരവിഭാഗത്തിലും മിഡ് നൈറ്റ് റണ്ണുണ്ടായിരുന്നു. ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമയിലും, ബുസാന്‍ ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലും ഉള്‍പ്പെടെ 25ലേറെ ഫിലിം ഫെസ്റ്റിവലുകളില്‍ ഇതിനകം ചിത്രം പ്രദര്‍ശിപ്പിച്ചു.
പൂര്‍ണമായും ഒരു രാത്രിയില്‍ നടക്കുന്ന സംഭവങ്ങളെ ആധാരമാക്കിയാണ് ചിത്രം. മലയാളത്തിലെ മുന്‍നിര സാങ്കേതിക പ്രവര്‍ത്തകരെ അണിനിരത്തിയാണ് രമ്യാ രാജ് ഈ ചെറുസിനിമ ഒരുക്കിയത്. ബി.ടി.അനില്‍കുമാറിന്റേതാണ് കഥ. ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് ക്യാമറ. എഡിറ്റിംഗ് കിരൺ ദാസ്. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍. ശങ്കർ ശർമയാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. സാജന്‍ ആര്‍ ശാരദയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. മിറാഷ് ഖാന്‍ അസോസിയേറ്റ് ഡയറക്ടര്‍. സതീഷ് എരിയലത്ത് നിർമിച്ച ഈ ഹ്രസ്വചിത്രം മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിലൂടെയാണ് കാണാൻ കഴിയുക.
Adjust Story Font
16