മഞ്ഞുമലയില്‍ ഒറ്റപ്പെട്ടു പോയ ജോയ് മോന്; സങ്കടം തീര്‍ക്കാന്‍ 'മിഴിയോരം നനഞ്ഞൊഴുകും' പാട്ട്
മഞ്ഞുമലയിൽ തനിച്ചായിപ്പോയ ബേസിൽ ജോസഫിന്‍റെ കഥാപാത്രമായ ജോയ്മോനാണ് പാട്ടില്‍ നിറഞ്ഞുനില്‍ക്കുന്നത്
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയും ചിത്രത്തിലെ പാട്ടുകളും ഇഷ്ടപ്പെടാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് മിഴിയോരം നനഞ്ഞൊഴുകും എന്ന പാട്ട് ഒരിക്കല്‍ പോലും കേള്‍ക്കാത്തവരുമുണ്ടാകില്ല. നീണ്ട 41 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ആ പാട്ട് ഒരു സിനിമയുടെ ഭാഗമാവുകയാണ്. ഗാനം റീമാസ്റ്റർ ചെയ്ത് ജാൻ -എ- മൻ സിനിമയുടെ ആദ്യഗാനമായി ആണ് പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്തിയിരിക്കുന്നത്.
മഞ്ഞുമലയിൽ തനിച്ചായിപ്പോയ ബേസിൽ ജോസഫിന്‍റെ കഥാപാത്രമായ ജോയ്മോനാണ് പാട്ടില്‍ നിറഞ്ഞുനില്‍ക്കുന്നത്. വീട്ടില്‍ നിന്നും ദൂരെ ഒരു സ്ഥലത്ത് ജോലി ചെയ്യുന്ന ജോയ് മോന് സങ്കടം വരുമ്പോള്‍ ഇടയ്ക്കിടെ അമ്മയെ വിളിക്കും. ജോയ് മോന് അവിടെ പകലാണെങ്കിലും നാട്ടില്‍ നടപ്പാതിരയാണല്ലോ. ഈ സമയത്ത് വിളിക്കുന്ന ജോയ് മോനോട് പിന്നെ വിളിക്കാനാണ് അമ്മ പറയുന്നത്. ഇതു കേള്‍ക്കുമ്പോള്‍ ജോയ് മോന് സങ്കടം കൂടും. പിന്നെ ആകെ ഒരു ആശ്വാസം മിഴിയോരം നനഞ്ഞൊഴുകും എന്ന പാട്ടാണ്. ഈ പശ്ചാത്തലത്തിലാണ് എക്കാലത്തെയും പ്രിയപ്പെട്ട പാട്ട് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്.
പൂര്‍ണമായും ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ജാൻ എ മൻ. അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നിവരെ കൂടാതെ ധാരാളം പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിദംബരമാണ് സംവിധാനം. ഛായാഗ്രഹണം – വിഷ്ണു തണ്ടാശേരി. ചിയേഴ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറിൽ വികൃതി എന്ന സിനിമക്ക് ശേഷം ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോൻ, സജിത്ത് കൂക്കള്‍, ഷോൺ ആന്‍റണി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.
Adjust Story Font
16