സൗന്ദര്യ ശസ്ത്രക്രിയ നടത്തി പണി കിട്ടി; മുഖം കാണാൻ വയ്യാതായെന്ന് സൂപ്പർ മോഡൽ
അഞ്ചു വർഷം മുമ്പ് നടത്തിയ ശസ്ത്രക്രിയ തന്റെ ശരീരത്തിൽ നെഗറ്റീവ് സ്വാധീനമുണ്ടാക്കിയതായി ലിൻഡ തന്നെയാണ് ഇൻസ്റ്റഗ്രാം വഴി അറിയിച്ചത്
സൗന്ദര്യം നിലനിർത്താനുള്ള ശസ്ത്രക്രിയ നടത്തിയ കനേഡിയൻ സൂപ്പർ മോഡൽ ലിൻഡ ഇവാൻജലിസ്റ്റയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. അഞ്ചു വർഷം മുമ്പ് നടത്തിയ ശസ്ത്രക്രിയ തന്റെ ശരീരത്തിൽ നെഗറ്റീവ് സ്വാധീനമുണ്ടാക്കിയതായി ലിൻഡ തന്നെയാണ് ഇൻസ്റ്റഗ്രാം വഴി അറിയിച്ചത്. തന്റെ മുഖവും ശരീരവും തിരിച്ചറിയാൻ കഴിയാത്ത വിധം വിരൂപമായി എന്നാണ് അവർ കുറിച്ചത്.
'ഞാനിന്ന് ഒരു തെറ്റ് ശരിയാക്കാനുള്ള വലിയ ചുവടുവയ്‌പ്പെടുക്കുകയാണ്. അഞ്ചു വർഷമായി ഞാനിത് രഹസ്യമാക്കി വയ്ക്കുന്നു. എന്തു കൊണ്ടാണ് ഞാൻ സുഹൃത്തുക്കൾക്കൊപ്പം ജോലി ചെയ്യാത്തത് എന്നത്ഭുതപ്പെടുന്ന ആരാധകരോടായി പറയുകയാണ്, ഞാൻ ചെയ്ത കൂൾ സ്‌കൾപ്റ്റിങ് ശസ്ത്രക്രിയ ശരീരത്തിൽ നെഗറ്റീവ് സ്വാധീനമാണ് ഉണ്ടാക്കിയിട്ടുള്ളത്. ശരീരത്തിലെ കൊഴുപ്പ് കുറയുന്നതിന് പകരം വർധിക്കുകയാണ് ചെയ്തത്. രണ്ട് വേദനാജനകമായ, വിജയകരമല്ലാത്ത ശസ്ത്രക്രിയയ്ക്ക് ശേഷവും അതങ്ങനെത്തന്നെയാണ്. എന്നെ തിരിച്ചറിയാതായിരിക്കുന്നു.' - അവർ കുറിച്ചു.
കൊഴുപ്പ് ഇല്ലാതാക്കി ശരീരത്തിന്റെ ആകൃതി സൂക്ഷിക്കാനുള്ള ശസ്ത്രക്രിയയാണ് കൂൾ സ്‌കൾപ്റ്റിങ്. കാലിഫോർണിയ ആസ്ഥാനമായ സെൽടിക് ഈസ്തറ്റിക്‌സാണ് മോഡലിനെ ഓപറേഷന് വിധേയമാക്കിയത്. പാരഡോക്‌സിക്കൽ അഡിപോസ് ഹൈപർപ്ലാസ്യ എന്ന അപൂർവ്വ സൈഡ് എഫക്ടാണ് ലിൻഡയ്ക്ക് ഉണ്ടായിട്ടുള്ളത്. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഇതേക്കുറിച്ച് അവബോധമുണ്ടായിരുന്നില്ല എന്നാണ് ഇവർ പറയുന്നത്.
പുതിയ അസുഖം മൂലം തന്റെ ജീവിതോപാധികൾ നശിച്ചു. കടുത്ത വിഷാദരോഗത്തിന് അടിപ്പെടുകയും ചെയ്തു. ഇപ്പോൾ ഈ വഴി ജീവിക്കാൻ ശ്രമിക്കുകയാണ്. സ്വന്തത്തിലേക്ക് നോക്കാതെ തലയുയർത്തിപ്പിടിച്ച് പുറത്തിറങ്ങാനാണ് ഇഷ്ടപ്പെടുന്നത്- ലിൻഡ കൂട്ടിച്ചേർത്തു. മോഡൽ നവോമി കാംപെൽ, നടി സിൻഡി ക്രോഫോർഡ് അടക്കം നിരവധി പേരാണ് ലിൻഡയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
Adjust Story Font
16