ഹൃദയങ്ങളേറ്റു പാടിയ പാട്ട്; മുഹമ്മദ് റഫി എന്ന സംഗീതസാഗരം
മനോഹരമായ പാട്ടുകള്‍ മാത്രം നല്‍കിക്കൊണ്ടായിരുന്നു റഫി സാബ് നമ്മള്‍ കേള്‍വിക്കാരോട് അദ്ദേഹം നീതി പാലിച്ചത്
കാതുകളില്‍ നിന്നും കാതുകളിലേക്ക് തലമുറകളില്‍ നിന്നും തലമുറകളിലേക്ക് കൈമാറിക്കിട്ടിയ ഒരു വരദാനം പോലെ റഫിയുടെ ഈണങ്ങള്‍ ഒഴുകുകയാണ്. എപ്പോഴെങ്കിലും കേള്‍ക്കാന്‍ കൊതിക്കുന്ന ഒരു ഈണമുണ്ടെങ്കില്‍ അത് മുഹമ്മദ് റഫിയുടെ പാട്ടാണെന്ന് ഇന്ത്യയിലെ സംഗീത പ്രേമികള്‍ പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി ഉണ്ടാകില്ല. കാരണം റഫി ഒരു സാഗരമാണ് സംഗീതം മാത്രം അടങ്ങിയ ഒരു സാഗരം. ഒരു ഗായകന്‍ എന്ന നിലയില്‍ തന്‍റെ ശബ്ദത്തോട് നീതി പാലിച്ച പാട്ടുകാരന്‍, മനോഹരമായ പാട്ടുകള്‍ മാത്രം നല്‍കിക്കൊണ്ടായിരുന്നു റഫി സാബ് നമ്മള്‍ കേള്‍വിക്കാരോട് അദ്ദേഹം നീതി പാലിച്ചത്. ഇന്ന് ഡിസംബര്‍ 24 ആ സുന്ദരനാദം പിറന്നിട്ട് 98 വര്‍ഷം. അതെ റഫിയുടെ ഭൗതികശരീരം മാത്രമേ ഓര്‍മ്മകളില്‍ മറഞ്ഞിട്ടുള്ളൂ...പാട്ടുകളിലൂടെ അദ്ദേഹം ഇന്നും ജീവിക്കുന്നു.
നാലു പതിറ്റാണ്ട് നീണ്ട ആ സംഗീതജീവിതത്തില്‍ ഏകദേശം 25000ലധികം പാട്ടുകളാണ് അദ്ദേഹം പാടിയത്. പ്രതിഭയുടെ ശബ്ദം തൊട്ട പാട്ടുകളൊക്കെയും നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തിന് നേടിക്കൊടുത്തു. പദ്മശ്രീയും അഞ്ച് ദേശിയ അവാര്‍ഡുകളും 6 ഫിലിം ഫെയര്‍ അവാര്‍ഡുകളും റഫിക്ക് ലഭിച്ചിട്ടുണ്ട്. ഹിന്ദി, കൊങ്കിണി, ഉറുദു, ഭോജ്പുരി, പഞ്ചാബി, ബംഗാളി, മറാത്തി, സിന്ധി, കന്നഡ, ഗുജറാത്തി, തെലുങ്ക് എന്നീ ഭാഷകളെക്കൂടാതെ ഇംഗ്ലീഷ്, പേര്‍ഷ്യന്‍ ഗാനങ്ങളും റഫി സാബ് പാടിയിട്ടുണ്ട്. എറ്റവും കൂടുതല്‍ ഗാനങ്ങള്‍ പാടിയത് ലതയാണ് എന്ന ഗിന്നസ് റെക്കോര്‍ഡില്‍ റഫി അസ്വസ്ഥനായിരുന്നു. രണ്ടുതവണ ഗിന്നസ് റെക്കോര്‍ഡ് അധികൃതര്‍ക്ക് കത്തെഴുതിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അദ്ദേഹം അത് മറക്കുകയായിരുന്നു.
റഫിയുടെ അസാമാന്യമായ ആലാപന സൗന്ദര്യത്തില്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു കരഞ്ഞു പോയ സംഭവവും ഉണ്ടായിട്ടുണ്ട്. മഹാത്മാഗാന്ധി വിട പറഞ്ഞ സമയത്ത് റഫി പാടിയ "സുനോ സുനോ ആയേ ദുനിയാ വാലോന്‍ ബാപ്പൂജീക്കി അമര്‍ കഹാനി....." എന്ന പാട്ട് കേട്ട് നെഹ്രു പൊട്ടിക്കരഞ്ഞു, പിന്നീട് റഫിയെ വിളിച്ച് അഭിനന്ദിക്കുകയും വീണ്ടും ആ പാട്ട് പാടിക്കുകയും ചെയ്തു.
സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നായിരുന്നില്ല റഫിയുടെ വരവ്. 1924 ഡിസംബര്‍ 24നായിരുന്നു റഫിയുടെ ജനനം. മൂത്ത സഹോദരന്‍ മുഹമ്മദ് ദീനിന്‍റെ ബാര്‍ബര്‍ഷോപ്പില്‍ പതിവായി പോകുമായിരുന്ന റഫി ഏക് ത്ര എന്ന സംഗീത ഉപകരണവുമായി തെരുവില്‍ പാടിനടന്ന ഫക്കീറില്‍ ആകൃഷ്ടനായി. ഒരു മരത്തിന്‍ ചുവട്ടിലിരുന്ന് ഫക്കീറില്‍ നിന്നും സംഗീതത്തിന്‍റെ ബാലപാഠങ്ങള്‍ അഭ്യസിച്ച ബാലന്‍ പില്‍ക്കാലത്ത് ഇന്ത്യന്‍ സംഗീതത്തിന്‍റെ തന്നെ ഗതി നിര്‍ണയിക്കുന്ന അമൂല്യ പ്രതിഭ യായിരിക്കുമെന്ന് ആരും കരുതിക്കാണില്ല. 1941ല്‍ ശ്യാം സുന്തറിന്റെ ഗുല്‍ബലോച്ച് എന്ന പഞ്ചാബി സിനിമയിലാണ് മുഹമ്മദ് റഫി ആദ്യമായി പാടിയത്. പതിനേഴാം വയസിലായിരുന്നു ഇത്. 1942ല്‍ മുംബൈക്ക് വണ്ടി കയറിയ റഫിക്കു പിന്നീടു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നീടുള്ള 40 കൊല്ലത്തില്‍ ഏതാണ്ട് അഞ്ച് കൊല്ലത്തെ ചെറിയ ഇടവേളയൊഴിച്ച് ഇന്ത്യയില്‍ റഫി യുഗമായിരുന്നു.
ആജ് മോസം ബഡാ ബേയ്മാന് ഹേ..., ചൌന്ദവിക്കാ ചാന്ദ് ഹേ, താരീഫ് കറു ക്യാ ഉസ്കി, അഭീ നാ ജോവോ ചോഡ്കര്‍ ..റാഫിയുടെ സ്വരമാധുരി തീര്‍ത്ത മനോഹര ഗാനങ്ങള്‍ എണ്ണിയാല്‍ തീരില്ല. ലക്ഷ്മികാന്ത്-പ്യാരേലാലിന്‍റെ സംഗീതസംവിധാനത്തില്‍ പാടിയ 'തൂ കഹി ആസ് പാസ് ഹെ ദോസ്ത്....(ആസ്പാസ് - 1980) ആണ് റഫിയുടെ അവസാനഗാനം.
Adjust Story Font
16