നടനാവാന്‍ വേണ്ടി മാത്രം ജനിച്ചയാള്‍, എന്‍റെ ഇച്ചാക്കയുമായി 39 വര്‍ഷത്തെ ബന്ധം: മമ്മൂട്ടിയെ കുറിച്ച് മോഹന്‍ലാല്‍
'ആയുര്‍വേദ ചികിത്സയൊന്നും മമ്മൂട്ടിക്ക് ആവശ്യമില്ല. ഇക്കാര്യത്തില്‍ ആയുര്‍വേദം മമ്മൂട്ടിയില്‍ നിന്നാണ് പഠിക്കേണ്ടത്'
അഭിനയ ജീവിതത്തില്‍ 50 വര്‍ഷ പിന്നിട്ട മമ്മൂട്ടിയെക്കുറിച്ച് മോഹന്‍ലാലിന്‍റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. നടനാവാന്‍ വേണ്ടി മാത്രം ജനിച്ചയാളാണ് മമ്മൂട്ടി. താന്‍ മമ്മൂട്ടിയോളം അഭിനയിക്കാനോ മമ്മൂട്ടി തന്നെപ്പോലെ അഭിനയിക്കാനോ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും മോഹന്‍ലാല്‍ കുറിച്ചു. ഗൃഹലക്ഷ്മിയിലാണ് മോഹന്‍ലാല്‍ മമ്മൂട്ടിയുടെ 50 വര്‍ഷങ്ങളിലേക്ക് തിരിഞ്ഞുനോക്കിയത്.
മമ്മൂട്ടി പറഞ്ഞ ഒരു വാചകം സത്യന്‍ അന്തിക്കാട് ഒരു ഉപദേശം പോലെ ഓര്‍മിപ്പിക്കാറുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. 'സിനിമയ്ക്ക് നമ്മളെ വേണ്ട, നമുക്ക് സിനിമയെയാണ് വേണ്ടത്'. ഇത് നന്നായി അറിഞ്ഞുകൊണ്ടാണ് മമ്മൂട്ടി ഉയരങ്ങളിലേക്ക് കഠിനാധ്വാനത്തിലൂടെ കയറിപ്പോയത്. ആ ഓരോ ചുവടിലും ദൃഢനിശ്ചയത്തിന്റെ മുദ്രകളുണ്ടായിരുന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു.
'ഞാന്‍ ഇച്ചാക്ക എന്ന് വിളിക്കുന്ന മമ്മൂട്ടിയുമായി നീണ്ട 39 വര്‍ഷത്തെ ബന്ധമുണ്ട്‍. അന്ന് കണ്ട അതേപോലെയാണ് ഇന്നും മമ്മൂട്ടി എന്ന് പറഞ്ഞാല്‍ ഒരു പക്ഷേ അതൊരു ക്ലീഷേയാവും. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ അതാണ് ശരി. ശരീരം, ശാരീരം, സംസാരരീതി, സമീപനങ്ങള്‍ എന്നിവയിലൊക്കെ മമ്മൂട്ടിയുടെ കാര്യത്തില്‍ ഒരു മാറ്റവുമില്ല. 50ലധികം സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഞാന്‍ മമ്മൂട്ടിയോളം അഭിനയിക്കാനോ മമ്മൂട്ടി എന്നെപ്പോലെ അഭിനയിക്കാനോ ഇതുവരെ ശ്രമിച്ചിട്ടില്ല. അതിന് കാരണം ഞങ്ങള്‍ രണ്ടുപേരും തീര്‍ത്തും വ്യത്യസ്തരായ രണ്ട് മനുഷ്യരാണ്, രണ്ട് കലാകാരന്മാരുമാണ് എന്ന കാര്യം മറ്റാരേക്കാളും ഞങ്ങള്‍ക്കറിമായിരുന്നു എന്നതാണ്. നടനാവാന്‍ വേണ്ടി മാത്രം ജനിച്ചയാളാണ് മമ്മൂട്ടി. തന്റെ ലക്ഷ്യവും വഴിയുമെല്ലാം അദ്ദേഹത്തിന് നേരത്തെ തന്നെ നല്ല നിശ്ചയമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അത്രയും ദൃഢനിശ്ചയത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ഓരോ ചുവടുകളും. ഇന്നും സിനിമ തന്നെയാണ് അദ്ദേഹത്തിന്റെ പാഷന്‍'.
ഗായകന് തന്‍റെ ശബ്ദം പോലെയാണ് ഒരു നടന് സ്വന്തം ശരീരം. അത് കാത്തുസൂക്ഷിക്കുന്നതാണ് ഏറ്റവും വലിയ ധര്‍മം. ചിട്ടയോടെ ഇക്കാര്യം വര്‍ഷങ്ങളായി പാലിക്കുന്ന ഒരേ ഒരാളെയേ കണ്ടിട്ടുള്ളൂ. അത് മമ്മൂട്ടിയാണ്. ഇക്കാര്യത്തിലാണ് മമ്മൂട്ടിയോട് ഏറ്റവും അധികം അസൂയ ഉള്ളതും. ആയുര്‍വേദ ചികിത്സയൊന്നും മമ്മൂട്ടിക്ക് ആവശ്യമില്ല. ഇക്കാര്യത്തില്‍ ആയുര്‍വേദം മമ്മൂട്ടിയില്‍ നിന്നാണ് പഠിക്കേണ്ടത്. ആത്മനിയന്ത്രണം മമ്മൂട്ടിയില്‍ നിന്ന് പഠിക്കേണ്ട ഒന്നാണ്. നിരവധി തവണ ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടുണ്ട്. തനിക്ക് ആവശ്യമുള്ള അളവ് കഴിഞ്ഞാല്‍ പിന്നെ ഒരു തരി പോലും മമ്മൂട്ടി ഭക്ഷണം കഴിക്കില്ല. അവര്‍ എത്ര പ്രിയപ്പെട്ടവരാണെങ്കിലും എത്ര നിര്‍ബന്ധിച്ചാലും അങ്ങനെ തന്നെയാണെന്നും മോഹന്‍ലാല്‍ കുറിച്ചു.
Adjust Story Font
16