പാക്കപ്പിലും വ്യത്യസ്തനായി ലാലേട്ടൻ, ഒരു സെക്കന്റിൽ തീർത്ത പ്രാർത്ഥന; ഫോട്ടോ പങ്കുവെച്ച് അനീഷ് ഉപാസന
ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹൻലാൽ തന്നെയാണ്
സൂപ്പർ താരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂർത്തിയാക്കിയത്. അണിയറ പ്രവർത്തകർക്കൊപ്പമുള്ള പാക്കപ്പ് ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം ഈ വിവരം ആരാധകരെ അറിയിച്ചത്. ഇപ്പോൾ ബറോസ് പാക്കപ്പിനെക്കുറിച്ച് സംവിധായകൻ അനീഷ് ഉപാസന എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പാക്ക് അപ്പ് എന്ന നീട്ടി വിളിക്കുന്നതിന് പകരം പ്രാർത്ഥിക്കുകയാണ് മോഹൻലാൽ ചെയ്തത് എന്നാണ് അനീഷ് കുറിച്ചത്. മോഹൻലാൽ പ്രാർത്ഥിക്കുന്ന ചിത്രത്തിനൊപ്പമാണ് കുറിപ്പ്.
കുറിപ്പിന്റെ പൂർണരൂപം
ഇന്നലെ ബറോസിന്റെ ഷൂട്ടിങ് അവസാനിച്ചപ്പോൾ എല്ലാവരും പ്രതീക്ഷിച്ച ഒരു നീട്ടി വിളി ഉണ്ടായിരുന്നു. Paaack uppppp..എന്ന്. മാത്രമല്ല അതേസമയം പലരുടെയും മൊബൈൽ ക്യാമറകളും ഓൺ ആയിരുന്നു.പക്ഷേ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ദൈവത്തിനോട് നന്ദി പറയുന്ന ലാൽ സാറിനെയാണ് ഞാൻ കണ്ടത്..മറ്റാരും കാണാതെ സ്വകാര്യതയുടെ ഒരു സെക്കന്റിനുള്ളിൽ തീർത്തതാണ് ഈ പ്രാർത്ഥന.
2019ൽ സിനിമ പ്രഖ്യാപിച്ചതു മുതൽ ശ്രദ്ധ നേടിയ ചിത്രമാണ് ബറോസ്. കോവിഡ് വ്യാപനത്തെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് പലവട്ടം നിർത്തിവയ്‌ക്കേണ്ടതായി വന്നു. ത്രിഡി സാങ്കേതിക വിദ്യയിൽ അതിനൂതനമായ ടെക്‌നോളജികൾ ഉപയോഗിച്ചാണ് മോഹൻലാൽ ചിത്രം ഒരുക്കുന്നത്. മൈഡിയർ കുട്ടിച്ചാത്തന്റെ സ്രഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹൻലാൽ തന്നെയാണ്.
Adjust Story Font
16