എൻ്റെ പ്രിയ സഹോദരൻ, സൗമ്യനും സ്നേഹസമ്പന്നനുമായ വ്യക്തി; ഗാന്ധിമതി ബാലന്‍റെ ഓര്‍മകളില്‍ മോഹന്‍ലാല്‍
തൂവാനത്തുമ്പികൾ അടക്കം ഒട്ടേറെ ക്ലാസിക്കുകൾ മലയാളത്തിന് സമ്മാനിച്ച എൻ്റെ പ്രിയ സഹോദരൻ
അന്തരിച്ച പ്രശസ്ത സിനിമാ നിര്‍മാതാവ് ഗാന്ധിമതി ബാലനെ സ്മരിച്ച് നടന്‍ മോഹന്‍ലാല്‍. സൗമ്യനും അതിലേറെ സ്നേഹസമ്പന്നനുമായ ഒരു വ്യക്തിത്വത്തെയാണ് വ്യക്തിപരമായി തനിക്കും മലയാളസിനിമക്കും നഷ്ടമായിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മോഹന്‍ലാലിന്‍റെ കുറിപ്പ്
പ്രിയപ്പെട്ട ഗാന്ധിമതി ബാലൻ ഓർമ്മയായി. തൂവാനത്തുമ്പികൾ അടക്കം ഒട്ടേറെ ക്ലാസിക്കുകൾ മലയാളത്തിന് സമ്മാനിച്ച എൻ്റെ പ്രിയ സഹോദരൻ. മലയാളം നെഞ്ചോടുചേർത്ത എത്രയെത്ര ചിത്രങ്ങൾക്കുപിന്നിൽ അദ്ദേഹത്തിൻ്റെ അശ്രാന്ത പരിശ്രമവും ആദ്യാവസാന സാന്നിധ്യവും ഉണ്ടായിരുന്നു. സൗമ്യനും അതിലേറെ സ്നേഹസമ്പന്നനുമായ ഒരു വ്യക്തിത്വത്തെയാണ് വ്യക്തിപരമായി എനിക്കും മലയാളസിനിമക്കും നഷ്ടമായിരിക്കുന്നത്. കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.
ഗായകന്‍ ജി. വേണുഗോപാലിന്‍റെ കുറിപ്പ്
ബാലേട്ടൻ ഇനി ഓർമ്മകളിൽ മാത്രം!
"ഗാന്ധിമതി" എന്ന പ്രൊഡക്ഷൻ ബാനറിൽ പുറത്തിറങ്ങിയ സിനിമകൾ നോക്കിയാൽ മതി , ബാലൻ എന്ന വ്യക്തിയെ, കലാകാരനെ തിരിച്ചറിയാൻ. ശ്രീ കെ.ജി.ജോർജും പത്മരാജനും സിനിമാ സംവിധാനം നിർത്തുന്നതോടെ ഗാന്ധിമതി എന്ന നിർമ്മാണ കമ്പനിയുടെയും പ്രസക്തി നഷ്ടപ്പെടുകയായിരുന്നു. എൻ്റെ തുടക്കകാലത്തെ മൂന്ന് എവർഗ്രീൻ ഹിറ്റുകളെനിക്ക് സമ്മാനിച്ച ചിത്രങ്ങളായ തൂവാനത്തുമ്പികൾ, മൂന്നാം പക്കം, മാളൂട്ടി ' ഇവ നിർമ്മിച്ചത് ബാലേട്ടനായിരുന്നു. ഭീമമായ സാമ്പത്തിക നഷ്ടം പ്രൊഡ്യൂസറിനുണ്ടാക്കിയ മൂന്ന് ചിത്രങ്ങൾ! ട്രെൻഡ് സെറ്റേർസ് എന്നു് ഇന്ന് വാഴത്തപ്പെടുന്ന എത്രയോ ചിത്രങ്ങൾ എടുത്ത് കൈ പൊള്ളുമ്പോഴും ബാലേട്ടൻ സുസ്മേരവദനായി അടുത്ത കലാമൂല്യമുള്ള സിനിമയുടെ പണിപ്പുരയിലായിരിക്കും. സാമ്പത്തിക നേട്ടത്തെക്കാളേറെ ബാലേട്ടൻ ചേർത്ത് പിടിച്ചിരുന്നത് കുറെ കലാകാരന്മാരെയായിരുന്നു. ഹൃദയബന്ധങ്ങൾക്കായിരുന്നു എന്നും അദ്ദേഹം വില കൽപ്പിച്ചിരുന്നത്.
ഒരിക്കൽ, തിരുവനന്തപുരം സംഗീതത്തിൻ്റെ, സിനിമയുടെ, ശാസ്ത്രീയ കലകളുടെയൊക്കെ സമ്മേളന രംഗമായിരുന്ന കാലത്ത്, ഇവരുടെയൊക്കെ സാമീപ്യവും താൽപര്യവും ആയിരുന്നു ഞാൻ, ജി.വേണുഗോപാൽ എന്ന പാട്ടുകാരൻ്റെ ഉയർച്ചയുടെ ശക്തമായ ആദ്യ പടവുകൾ പാകുന്നത്. ഓരോരുത്തരായ് കാലയവനികയ്ക്കുള്ളിൽ മായുന്നു. വിമൂകമായ് മാറും ഈ ഓർമ്മ തൻ വീഥിയിൽ ശോകാന്ത രാഗം മാത്രം!
ഇന്നലെ ഉച്ചയോടെയാണ് ഗാന്ധിമതി ബാലന്‍ (66) വിടപറയുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ആയിരുന്നു അന്ത്യം. പഞ്ചവടിപ്പാലം, മൂന്നാംപക്കം, സുഖമോ ദേവി, നൊമ്പരത്തിപ്പൂവ്, മാളൂട്ടി തുടങ്ങി മലയാളി എന്നും ഓര്‍ക്കുന്ന ചിത്രങ്ങള്‍ ഗാന്ധിമതി ബാലന്‍ നിര്‍മിച്ചിട്ടുണ്ട്.
1990ൽ പുറത്തിറങ്ങിയ "ഈ തണുത്ത വെളുപ്പാൻ കാലത്താണ് " അവസാന ചിത്രം . ആദ്യ സിനിമയായ ഇത്തിരി നേരം ഒത്തിരി കാര്യം മുതൽ 30ൽ പരം ചിത്രങ്ങളുടെ നിർമാണവും വിതരണവും നിർവഹിച്ചു. 2015 നാഷനൽ ഗെയിംസ് ചീഫ് ഓർഗനൈസർ ആയിരുന്നു. ഗാന്ധിമതി എന്നത് ബാലന്‍റെ അമ്മയ്ക്ക് മഹാത്മാ ഗാന്ധി നൽകിയ പേരായിരുന്നു. അമ്മയുടെ പേര് സ്വന്തം പേരിനു മുന്നിൽ ചേർത്ത് വലിയൊരു ബ്രാൻഡ് ആയി വളർത്തിയ ഗാന്ധിമതി ബാലൻ മികച്ച സംരംഭകനും സംഘാടകനും കലാസ്വാദകനുമായിരുന്നു. പത്മരാജൻ , കെ.ജി ജോർജ് തുടങ്ങിയ ചലച്ചിത്രകാരന്മാരുടെ ശക്തമായ പിൻബലമായിരുന്നു ഗാന്ധിമതി ബാലൻ.
Adjust Story Font
16