മോഹന്‍ലാലിന്‍റെ 'എലോണ്‍' ഇനി ഒ.ടി.ടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു
തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകർ സഞ്ചരിക്കുന്നത് മോഹൻലാലിലൂടെ മാത്രമാണ് എന്നതാണ് എലോണിലെ വ്യത്യസ്തത
മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ 'എലോണ്‍' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രത്തിന്‍റെ സ്ട്രീമിങ്. ചിത്രം മാര്‍ച്ച് 3ന് റിലീസ് ചെയ്യുമെന്ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ അറിയിച്ചു.
വലിയ ഇടവേളക്ക് ശേഷമാണ് ഷാജി കൈലാസ് ചിത്രത്തിൽ മോഹൻലാൽ നായകനായി എത്തുന്നത്. അതുകൊണ്ടു തന്നെ ആരാധകർ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരുന്നത്. ജനുവരി 26ന് തിയറ്ററുകളില്‍ റിലീസ് ചെയ്ത എലോണിന് വേണ്ടത്ര പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നില്ല. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ ആണ് എലോണ്‍ നിർമിച്ചിരിക്കുന്നത്. ആശിർവാദിന്‍റെ 30-ആം ചിത്രമാണിത്. 2000ൽ എത്തിയ 'നരസിംഹ'മായിരുന്നു ആശിർവാദ് സിനിമാസിന്‍റെ ആദ്യ ചിത്രം. അവസാനമായി മോഹൻലാലും ഷാജി കൈലാസും ഒരുമിച്ചത് 2009ൽ ആയിരുന്നു. റെഡ് ചില്ലീസ് എന്ന ചിത്രമായിരുന്നു അത്. രാജേഷ് ജയരാമനാണ് എലോണിന്‍റെ തിരക്കഥ ഒരുക്കിയത്.
കോവിഡ് കാലമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകർ സഞ്ചരിക്കുന്നത് മോഹൻലാലിലൂടെ മാത്രമാണ് എന്നതാണ് ചിത്രത്തിന്‍റെ വ്യത്യസ്തത. പേര് സൂചിപ്പിക്കുന്നതുപോലെ ഒരേയൊരു അഭിനേതാവ് മാത്രമാണ് എലോണില്‍ ഓണ്‍-സ്ക്രീന്‍ ആയി എത്തുന്നത്. ഒരു നടൻ മാത്രം സ്ക്രീനിലെത്തുമ്പോൾ ഫോണിലൂടെയും അല്ലാതെയുമുള്ള ശബ്ദസങ്കേതങ്ങളിലൂടെയാണ് കഥ പറയുന്നത്. ശബ്ദ സാന്നിധ്യമായി പൃഥ്വിരാജ്, മഞ്ജു വാര്യർ തുടങ്ങിയ താരങ്ങളും സിനിമയിൽ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ എഡിറ്റിംഗ് ഡോണ്‍ മാക്സാണ്. ഛായാഗ്രഹണം-അഭിനന്ദ് രാമാനുജം. സംഗീതം-ജേക്സ് ബിജോയ്.
Adjust Story Font
16