'വംശഹത്യ അവസാനിപ്പിക്കണം; ഫലസ്തീനെ സ്വതന്ത്രമാക്കണം'; സ്പാനിഷ് ചലച്ചിത്ര പുരസ്‌കാര വേദിയിൽ ഐക്യദാർഢ്യവുമായി മണി ഹെയ്സ്റ്റ് താരം
''എനിക്കിതൊരു ഇരുണ്ട കാലമാണ്. 29,000ത്തോളം മനുഷ്യരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഫലസ്തീനിൽ സംഭവിക്കുന്നത് ഓർക്കാതെ ഇവിടെ വന്ന് ഒന്നും ആഘോഷിക്കാനാകില്ല. അതുകൊണ്ടാണ് ഒരു ബാഡ്ജ് കുത്തുകയെങ്കിലും ചെയ്തത്.''
ആല്‍ബ ഫ്ളോറസ്
മാഡ്രിഡ്: സ്പാനിഷ് ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 'മണി ഹെയ്സ്റ്റ്' താരം ആൽബ ഫ്‌ളോറസ്. തനിക്കിത് ഇരുണ്ട കാലമാണെന്നും ഗസ്സയിൽ 29,000 മനുഷ്യർ കൊല്ലപ്പെട്ട വേളയിൽ ഇവിടെ വന്ന് ആഘോഷിക്കാൻ പ്രയാസമാണെന്നും നടി പറഞ്ഞു. നരഹത്യ അവസാനിച്ച് ഫലസ്തീൻ എത്രയും വേഗം സ്വതന്ത്രമാകുമെന്നാണു പ്രതീക്ഷയെന്നും ആൽബ പറഞ്ഞു.
'ആയുധക്കച്ചവടം നിർത്തൂ, ഗസ്സയിൽ ഇപ്പോൾ തന്നെ വെടിനിർത്തൂ' എന്ന കുറിപ്പുകൾ അടങ്ങിയ ഫലസ്തീൻ ഐക്യദാർഢ്യ ബാഡ്ജ് ഉടുപ്പിൽ അണിഞ്ഞായിരുന്നു ആൽബ ഫ്‌ളോറസ് ഗൊയ പുരസ്‌കാര ചടങ്ങിനെത്തിയത്. അവാർഡ് നിശയുടെ ഭാഗമായുള്ള റെഡ് കാർപറ്റിൽ നടന്ന അഭിമുഖത്തിൽ അവർ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ഇങ്ങനെ തുറന്നുസംസാരിക്കാനുള്ള ഒരു അവസരം ലഭിക്കുമെന്നു കരുതിയിരുന്നില്ലെന്ന് നടി പറഞ്ഞു. ഈ അവസരം ഒരു കാര്യം ഓർമപ്പെടുത്താൻ ഉപയോഗിക്കുകയാണ്. എനിക്കിതൊരു ഇരുണ്ട കാലമാണ്. 29,000ത്തോളം മനുഷ്യരാണ് ഗസ്സയിൽ കൊല്ലപ്പെട്ടതെന്നും അവർ പറഞ്ഞു.
''ഫലസ്തീനിൽ സംഭവിക്കുന്നത് ഓർക്കാതെ ഇവിടെ വന്ന് ഒന്നും ആഘോഷിക്കാനാകില്ല. അതുകൊണ്ടാണ് ഒരു ബാഡ്ജ് കുത്തുകയെങ്കിലും ചെയ്തത്. ഇതൊരു ചെറിയ കാര്യമാണെങ്കിലും അതു പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഇത് അതിനുള്ള വേദിയല്ലെന്ന് അറിയാം. പക്ഷെ, ഇത് അവരെ കേൾക്കേണ്ട സമയമാണ്. ഈ രാജ്യത്തെ സർക്കാർ ഈ യുദ്ധം അവസാനിപ്പിക്കാൻ വേണ്ടത് ചെയ്യുമെന്നാണു പ്രതീക്ഷ.''
അവിടെ യഥാർത്ഥത്തിൽ സംഭവിക്കുന്നതിനെക്കുറിച്ചു തുറന്നുപറയാൻ വേണ്ട ഇടപെടൽ നടത്തുന്ന കൂടുതൽ പേർ ഇവിടെയുണ്ടെന്നാണു പ്രതീക്ഷിക്കുന്നതെന്നും നടി പറഞ്ഞു. ഈ നരഹത്യ അവസാനിച്ച് ഫലസ്തീൻ എത്രയും വേഗം സ്വതന്ത്രമാകുമെന്നാണു പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.
ഗൊയ അവാര്‍ഡ്സില്‍ മികച്ച മൗലിക ഗാനത്തിനുള്ള പുരസ്‌കാരം ആൽബ ഫ്‌ളോറസിനു ലഭിച്ചു. ഫലസ്തീന് സമാധാനപൂർണമായ രാത്രി ആശംസിക്കുന്നുവെന്ന സന്ദേശമാണ് അവർ ചടങ്ങിൽ നൽകിയത്. മണി ഹെയ്സ്റ്റിൽ നൈറോബി, ലോക്ക്ഡ് അപ്പിൽ സാറാ വാർഗസ് തുടങ്ങിയ വേഷങ്ങളിൽ പ്രേക്ഷകഹൃദയം കവർന്ന താരമാണ് ആൽബ.
Summary: Money Heist actor Alba Flores stands in solidarity with Gaza at Spain's Goya Awards
Adjust Story Font
16