Quantcast

പ്രണയവിലാസവും രോമാഞ്ചവും 2023-ലെ പണംവാരി പടങ്ങൾ; റീ റിലീസിൽ ചരിത്രവിജയമായി സ്ഫടികം

2023 പിറന്ന ശേഷം മലയാളത്തിൽ ഇതുവരെ ഇറങ്ങിയത് എൺപതോളം സിനിമകളാണ്

MediaOne Logo

Web Desk

  • Updated:

    2023-03-08 09:15:07.0

Published:

8 March 2023 9:12 AM GMT

ഓരോ സിനിമാ ഇൻഡസ്ട്രിയും ഉറ്റുനോക്കുന്ന സിനിമകളാണ് മലയാളത്തിലേത്. മികച്ച കണ്ടന്‍റുമായി ഒട്ടനവധി സിനിമകളാണ് ഓരോ വര്‍ഷവും ഇറങ്ങുന്നത്. 2023 പിറന്ന ശേഷം മലയാളത്തിൽ ഇതുവരെ ഇറങ്ങിയത് എൺപതോളം സിനിമകളാണ്. ഏറെ ഹൈപ്പോടെ എത്തിയ സിനിമകളുണ്ടെങ്കിലും, വലിയ താരനിരയോ കൊട്ടിഘോഷങ്ങളോ ഇല്ലാതെയെത്തി അപ്രതീക്ഷിത വിജയം നേടിയ സിനിമകളാണ് കൂടുതല്‍. പലതും കോടി ക്ലബ്ബുകള്‍ കയ്യേറി തന്നെ മുന്നേറിക്കൊണ്ടിരിക്കുന്നു. അവയിൽ 'രോമാഞ്ച'വും 'പ്രണയവിലാസ'വും റീ റിലീസ് ചെയ്ത 'സ്ഫടിക'വുമാണ് ഏറെ മുന്നിലുള്ളത്.


ഈ വര്‍ഷം മലയാളത്തിൽ ഇറങ്ങിയതിൽ ഇതുവരെ 76 ഓളം ചിത്രങ്ങളാണ് ബോക്സോഫീസിൽ തകർന്നടിഞ്ഞത്. എന്നാൽ സര്‍പ്രൈസ് ഹിറ്റടിച്ച് വിതരണക്കാർക്കും തിയേറ്റർ ഉടമകൾക്കും ലാഭമുണ്ടാക്കി കൊടുത്തത് നവാഗതനായ ജിത്തു മാധവൻ സംവിധാനം ചെയ്ത 'രോമാഞ്ചം', നിഖിൽ മുരളി ഒരുക്കിയ പ്രണയവിലാസം, ഭദ്രൻ സംവിധാനം ചെയ്ത് റീ റിലീസ് ചെയ്ത സ്ഫടികം സിനിമകളാണ്.

അന്യഭാഷകളിൽ നിന്നെത്തിയ പൊങ്കൽ സിനിമകൾക്കും കേരളത്തിൽ വലിയ വിജയം നേടാനാകാതെ പോയ വർഷമാണിത്. ബോളിവുഡിൽ നിന്നെത്തിയ പഠാനും വാത്തിയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. മോളിവുഡിൽ 2023-ലെ ഏറ്റവും വലിയ വിജയചിത്രമായത് രോമാഞ്ചമാണ്. ഫെബ്രുവരി മൂന്നിന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ ഹൗസ്‍ഫുൾ ഷോകളുമായി തകർത്ത് മുന്നേറുകയാണ്. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗത സംവിധായകൻ ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത ഹൊറർ കോമഡി ത്രില്ലറായ ചിത്രം കേരളത്തിന് പുറത്തും വലിയ വിജയമാകുകയുണ്ടായി.


അർജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു, ഹക്കീം ഷാ, മനോജ് കെയു തുടങ്ങിയ താരങ്ങൾ ഒന്നിച്ച പ്രണയവിലാസമാണ് പ്രേക്ഷകരേറ്റെടുത്ത മറ്റൊരു ചിത്രം. കണ്ടിറങ്ങിയതിനു ശേഷവും മനസ്സിൽ ബാക്കിയാവുന്ന സിനിമകളുടെ കൂട്ടത്തിലേക്ക് പലരും ഇതിനകം പ്രണയവിലാസത്തെ ചേർത്തുവെച്ചുകഴിഞ്ഞു. ഉള്ള് തൊടുന്ന ഒരുപാട് നല്ല നിമിഷങ്ങളുള്ള ചിത്രം ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവരും തിരക്കിനിടയിൽ പ്രണയമറിയാതെ, ഉറ്റവരെ കേൾക്കാനോ മിണ്ടാനോ നേരമില്ലാതെ പോകുന്നവരൊക്കെ ഒരു വട്ടമെങ്കിലും കാണേണ്ട ചിത്രമാണെന്നാണ് കണ്ടവർ പറയുന്നത്. ഫെബ്രുവരി 24ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും ഹൗസ്‍ഫുൾ ഷോകളുമായി മുന്നേറുകയുമാണ്.


റീ റിലീസായെത്തിയ സ്ഫടികത്തിനും പ്രായഭേദമെന്യേ നിരവധി പ്രേക്ഷകരെ ഈ വർഷം സ്വന്തമാക്കാൻ കഴിഞ്ഞിട്ടുമുണ്ട്.

TAGS :

Next Story