'14 വർഷങ്ങൾ,ആയിരം പ്രതിബന്ധങ്ങൾ, ഒടുവിൽ ഞങ്ങളത് പൂർത്തിയാക്കി'; ആടുജീവിതം പാക്കപ്പ്
ചിത്രത്തിന്റെ ഷൂട്ടിങ്ങിനയി ബ്ലെസ്സിയും പൃഥ്വിരാജും ഉൾപ്പെടെയുള്ള സംഘം ജോർദാനിൽ എത്തിയപ്പോഴാണ് ലോകം മുഴുവൻ അടച്ചിടാനുള്ള തീരുമാനം ആദ്യം ഉണ്ടായത്.
ഒരു മലയാള ചിത്രത്തിന്റെ സംവിധായകനും അണിയറ പ്രവർത്തകരും അഭിനേതാക്കളും ഇത്രയേറെ കഷ്ടപ്പെട്ടിട്ടുണ്ടാവില്ല. നാലര വർഷത്തോളം വിവിധ ഷെഡ്യൂളുകളിലായിരുന്നു ബ്ലസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനാവുന്ന 'ആടുജീവിത'ത്തിന്റെ ഷൂട്ടിങ്. പ്രതിസന്ധികളെയെല്ലാം മറികടന്ന് ഒടുവിൽ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ്. പൃഥ്വിരാജാണ് ഈ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്.
''14 വർഷങ്ങൾ, ആയിരം പ്രതിബന്ധങ്ങൾ, ദശലക്ഷം വെല്ലുവിളികൾ, ഒരു മഹാമാരിയുടെ മൂന്ന് തരംഗങ്ങൾ, ഒരു ഒരു അതിമനോഹരമായ കാഴ്ച! ബ്ലെസിയുടെ ആടുജീവിതം പാക്ക് അപ്പ്!,'' എന്നാണ് പൃഥ്വി കുറിച്ചു.
ചിത്രത്തിനു വേണ്ടി പൃഥ്വി നടത്തിയ മേക്കോവർ തന്നെ ശ്രദ്ധ നേടിയിരുന്നു. ആടുജീവിതത്തിലെ നജീബിന്റെ രൂപ സാദൃശ്യത്തിനായി പഥ്വി ഏറെ തയ്യാറെടുപ്പുകൾ നടത്തി. ചിത്രീകരണത്തിന്റെ വിവിധ ഘട്ടങ്ങളിൽ കോവിഡ് ഓരോ തരംഗങ്ങളായി എത്തി. ഇതോടെ പലപ്പോഴും ചിത്രീകരണം നിർത്തേണ്ടിയും വന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനയി ബ്ലെസ്സിയും പൃഥ്വിരാജും ഉൾപ്പെടെയുള്ള സംഘം ജോർദാനിൽ എത്തിയപ്പോഴാണ് ലോകം മുഴുവൻ അടച്ചിടാനുള്ള തീരുമാനം ആദ്യം ഉണ്ടായത്. അതോടെ ആടുജീവിതം സംഘത്തിന് മരുഭൂമിയിലെ ലൊക്കെഷനിൽ തന്നെ ദിവസങ്ങൾ കഴിഞ്ഞുകൂടേണ്ടി വന്നു. മരുഭൂമിയിലെ ചിത്രീകരണവും അവിടെയുള്ള കാലാവസ്ഥവ്യതിയനങ്ങളും ചിത്രീകരണം പലപ്പോഴും പ്രതിസന്ധിയിലാക്കി.
ബെന്യാമിന്റെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ 'ആടുജീവിതം' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ആടുകളുടെ ഇടയിൽ ജീവിക്കുന്ന മനുഷ്യർ, പ്രവാസികളുടെ കഷ്ടതകൾ മനുഷ്യക്കടത്തിന്റെ ഏറ്റവും ഭീതിതമായ മുഖം തുടങ്ങിയവയെല്ലാമാണ് ചിത്രത്തിന്റെ കഥാപരിസരം
കെ എസ് സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എ ആർ റഹ്മാനാണ് ആടുജീവിതത്തിന്റെ സംഗീതസംവിധായകൻ. രഞ്ജിത്ത് അമ്പാടി മേക്കപ്പും പ്രശാന്ത് മാധവ് കലാസംവിധാനവും നിർവഹിക്കുന്നു. റസൂൽ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനർ. ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
Adjust Story Font
16