'വൈറ്റില ജംഗ്ഷൻ വഴിയായതുകൊണ്ട് പുള്ളി വന്നില്ല'; ജോജുവിനെ ട്രോളി ഷറഫുദ്ധീൻ
അദൃശ്യം നവംബർ 18ന് തിയറ്ററിലെത്തും
ജോജു ജോർജ്, നരേയ്ൻ, ഷറഫുദ്ദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സാക് ഹാരിസ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അദൃശ്യം. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മീഡിയവണിന് അനുവദിച്ച അഭിമുഖത്തിലാണ് ജോജുവിനെ ട്രോളി ഷറഫുദ്ധീൻ രംഗത്തെത്തിയത്. ജോജു എവിടെ എന്ന ചോദ്യത്തിന് വൈറ്റില ജംഗ്ഷൻ വഴി ആയതു കൊണ്ട് വന്നില്ലെന്നായിരുന്നു ഷറഫുദ്ധീന്റെ മറുപടി. ഇനി വരികയുമില്ലെന്ന് അടുത്ത് നിന്ന നടൻ നരേൻ പറഞ്ഞതും ചിരി പടർത്തി. കൊച്ചിയിലെ യൂത്ത് കോൺഗ്രസ് സമരവും അതിനിടെയിലേക്കെത്തിയ ജോജുവും വാർത്തകളിലെ മെയിൻ തലക്കെട്ടായിരുന്നു.
ജുവിസ് പ്രൊഡക്ഷനും യു.എ.എൻ ഫിലിം ഹൗസ്, എ.എ.എ. ആർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായി നിർമിക്കുന്ന അദൃശ്യം നവംബർ 18ന് തിയറ്ററിലെത്തും. കയൽ ആനന്ദി, പവിത്ര ലക്ഷ്മി , ആത്മീയ രാജൻ, പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്‌കാന്ത്, സിനിൽ സൈൻയുദീൻ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, എന്നിവർ ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.
മലയാളം, തമിഴ് ഭാഷകളിൽ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യത്തിന്റെ തമിഴ് പതിപ്പിന് യുക്കി എന്നാണ് പേരിട്ടിരിക്കുന്നത്. പരിയേറും പെരുമാൾ ഫെയിം കതിർ, നരേയ്ൻ, നട്ടി നടരാജൻ തുടങ്ങിയവരാണ് തമിഴിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെന്നൈയിലും പോണ്ടിച്ചേരിയിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പാക്ക്യരാജ് രാമലിംഗം കഥ എഴുതി ഛായാഗ്രഹണം പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിൻ രാജ് സംഗീത സംവിധാനവും ഡോൺ വിൻസന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. പി.ആർ.ഒ - ആതിര ദിൽജിത്ത്.
Adjust Story Font
16