പ്രേക്ഷകരുടെ മനസ്സിലേക്ക് വഴി വെട്ടി ഭീമൻ
കണ്ടു മറക്കാവുന്ന ചെറിയ തമാശപ്പടം എന്ന് ഒറ്റവാക്കിൽ പറഞ്ഞ് തള്ളുന്നതിനപ്പുറം കഥയ്ക്കുള്ളിൽ ഒളിപ്പിച്ചുവെച്ച കഥ പറയാനുള്ള ശ്രമമാണ് ഭീമന്റെ വഴിയെ വ്യത്യസ്തമാക്കുന്നത്.
തമാശക്ക് ശേഷം അഷ്റഫ് ഹംസയുടെ സംവിധാനം, അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദിന്റെ തിരക്കഥ. ക്യാമറയ്ക്ക് പിന്നിൽ ഗിരീഷ് ഗംഗാധരൻ. ഭീമന്റെ വഴി കാണാൻ പ്രക്ഷകനെ തിയേറ്ററിലെത്തിക്കുന്ന കാരണങ്ങൾ നിരവധിയാണ്. കണ്ടു മറക്കാവുന്ന ചെറിയ തമാശപ്പടം എന്ന ഒറ്റവാക്കിൽ പറഞ്ഞ് തള്ളുന്നതിനപ്പുറം കഥയ്ക്കുള്ളിൽ ഒളിപ്പിച്ചുവെച്ച കഥ പറയാനുള്ള ശ്രമമാണ് സംവിധായകൻ നടത്തിയത്.
ഒരു റോഡുണ്ടാക്കുന്ന കഥ, ഭീമന്റെ വഴി ഒറ്റവാക്കിൽ പറഞ്ഞാൽ അതാണ്. റെയിൽവേ ട്രാക്കിനടുത്ത് താമസിക്കുന്ന കുറച്ചു കുടുംബങ്ങൾ, അവരുടെ വീടുകളിലേക്കുള്ളത് ഒരു ബൈക്കിന് മാത്രം കടന്നുവരാൻ കഴിയുന്ന ഇടുങ്ങിയ വഴി. ഇത് വീതികൂട്ടി റോഡാക്കി മാറ്റാൻ നാട്ടുകാർ ശ്രമങ്ങൾ ആരംഭിക്കുന്നിടത്താണ് സിനിമ തുടങ്ങുന്നത്. ഇതിനിടയിലുള്ള പ്രതിസന്ധികളിലൂടെ സിനിമ മുന്നോട്ട് പോവുന്നു.
എപ്പോഴും അഴിഞ്ഞുവീഴാവുന്ന മലയാളിയുടെ കപട സദാചാരബോധത്തിലേക്ക് ടോർച്ചടിക്കാനുള്ള ശ്രമം നടത്തുന്നതാണ് നേരത്തെപറഞ്ഞ കഥയ്ക്കുള്ളിലെ കഥ. കേരളത്തിന്റെ ചെറിയ പതിപ്പായി കഥ നടക്കുന്ന ഗ്രാമത്തെ കാണാം. പൊതുമണ്ഡലത്തിൽ മാന്യരായി നിൽക്കുന്ന പലരും ടോർച്ച് വെട്ടത്തിലാണ് മറ്റൊരു മനുഷ്യനായി തെളിയുന്നത്. മലയാള സിനിമ പുതുവഴികൾ തേടുന്നുണ്ട്. സിനിമ കണ്ടിറങ്ങി സിനിമയുടെ പശ്ചാത്തലത്തിലൂടെയും ഭീമന്റെ വഴിയിലൂടെയും പിന്നെയും നടക്കണം. അപ്പോൾ തിയേറ്ററിൽ കണ്ടതല്ലാത്ത വഴികൾ തെളിഞ്ഞുവരുന്നത് കാണാം.
സ്ത്രീ കഥാപാത്രങ്ങൾക്ക് തിരക്കഥാകൃത്ത് നൽകിയിട്ടുള്ള ഡെപ്ത് സിനിമയിലെ വലിയ പ്ലസ് പോയിന്റാണ്. തന്റെ ശരീരം തന്റെ മാത്രം സ്വാതന്ത്രമാണെന്ന് പറയാൻ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങൾക്ക് ആകുന്നുണ്ട്. സ്വന്തമായ അഭിപ്രായവും നിലപാടുമുള്ള പെണ്ണുങ്ങൾ ചിത്രത്തിൽ നിരവധിയുണ്ട്. മലയാള സിനിമ തുടർന്നു വരുന്ന നായിക സങ്കൽപ്പത്തെ പൊളിക്കുന്ന കാഥാപാത്ര സൃഷ്ടി. പ്രണയം പറയാനും അതിൽ നിന്ന് പുറത്തു കടക്കാനും വലിയ പാടില്ലാത്തവർ. വിൻസി അലോഷ്യസ്, മേഘ തോമസ്, ചിന്നു ചാന്ദ്‌നി, ദിവ്യ, ജീവ എന്നിവരാണ് ചിത്രത്തിലെ ശക്തരായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്.
സ്റ്റൈലിഷായി ജീവിക്കുന്ന അർബൻ കഥാപാത്രങ്ങളായി കണ്ടു പരിചയിച്ച ജിനുജോണിന്റെ മേക്കോവറാണ് ചിത്രം കാത്തുവയ്ക്കുന്ന സർപ്രൈസ്. നായകനേക്കാൾ വില്ലൻ സ്‌കോർ ചെയ്യുന്ന നിരവധി ചിത്രങ്ങൾ വന്നുപോയിട്ടുണ്ട്. ആ പട്ടികയിലേക്ക് ചേർത്തുവയ്ക്കാം ജിനു ഊതാമ്പള്ളി കോസ്തേപ്. ജിനുവിന്റെ ഡയലോഗ് ഡെലിവറി തിലകന്റെ പഴയ വില്ലൻ അച്ചായൻ കഥാപാത്രങ്ങളെ ഓർമിപ്പിക്കുന്നു. സീരിയസ് പോലീസ് വേഷങ്ങളിൽ നിന്ന് ബിനു പപ്പുവിന് മോചനം വന്നിട്ടുണ്ട്. തനിക്ക് കോമഡിയും വഴങ്ങുമെന്ന് തെളിയിക്കുകയാണ് ബിനു. ഇനി തന്നെ പൊലീസാവാൻ വിളിക്കേണ്ടെന്ന് വിളിച്ചു പറയുന്ന അഭിനയ മികവ്.
ഗിരീഷ് ഗംഗാധരൻ കാമറയുടെ പിന്നിലുള്ളപ്പോൾ മാജിക്കിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കേണ്ടതില്ലല്ലോ. റെയിൽ പാളങ്ങളോട് ചേർന്ന് കിടക്കുന്ന ആ ഭൂപ്രദേശത്തെ ഏറ്റവു മികവോടെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ കോറിയിടാൻ ഗിരീഷിന് സാധിച്ചിട്ടുണ്ട്.
കഥയ്ക്കുള്ളിൽ ഒളിപ്പിച്ച ഭീമന്റെ വഴി തിരിച്ചറിയാൻ സാധാരണ പ്രേക്ഷകന് ആവില്ല എന്നതാണ് തിരക്കഥ നേരിടുന്ന പരാജയം. കഥയുടെ രസച്ചരട് മുറിയാതെ മുന്നോട്ടുകൊണ്ടുപോവുന്നതിലും പാളിച്ചകളുണ്ട്. ഓരോ കഥാപാത്രങ്ങളെയും കൃത്യമായി രജിസ്റ്റർ ചെയ്താണ് കഥ മുന്നോട്ട് പോവുന്നതെങ്കിലും അതിനപ്പുറത്തേക്ക് കഥാപാത്രങ്ങൾക്ക് ഒരു ഗ്രോത്ത് നൽകാനോ അവരെ കഥയിലേക്ക് രസകരമായി സമന്വയിപ്പിക്കാനോ തിരക്കഥാകൃത്തിന് കഴിഞ്ഞിട്ടില്ല. ചെമ്പൻ വിനോദ് അവതരിപ്പിക്കുന്ന കഥാപാത്രം തന്നെ ഉദാഹരണം. ഒരു അപൂർണത അനുഭവപ്പെടുന്ന കഥാപാത്രമാണിത്. തിരക്കഥാകൃത്തും നിർമാതാവും ആയതുകൊണ്ടാണോ എന്നറിയില്ല, കഥയിൽ വലിയ പ്രധാന്യമില്ലാത്തതാണ് മഹർഷി എന്ന ചെമ്പൻ വിനോദിന്റെ കഥാപാത്രം. എഴുത്തുകാരൻ തനിക്കുവേണ്ടി കഥാപാത്രങ്ങളെ ഏച്ചുകെട്ടുമ്പോൾ ഉണ്ടാവുന്ന കല്ലുകടി ഇവിടെയും വ്യക്തം.
ഭീമനായി എത്തുന്ന കുഞ്ചാക്കോ ബോബന് ചിത്രത്തിൽ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. മാർത്താണ്ഡന്റെ ജോണി ജോണി എസ് പപ്പാ എന്ന ചിത്രത്തിലെ കുഞ്ചാക്കോയുടെ മറ്റൊരു വേർഷനാണ് ഭീമൻ. അല്ലറ ചില്ലറ തരികിടയുള്ള കഥാപാത്രമാണ് ജോണിയെങ്കിൽ ഇവിടെ സ്ത്രീ വിഷയത്തിലാണ് ഭീമന് താൽപര്യം. സൽഗുണ സമ്പന്നനായ നായകനെ അവതരിപ്പിച്ചില്ലെന്ന് ആശ്വസിക്കാം. നസീർ സംക്രാന്തിയും ഇടക്ക് വന്ന സുരാജും ചിരിപ്പിക്കുന്നതൊഴിച്ചാൽ തമാശയ്ക്കായി ചെയ്ത സീനുകളും ചിരി കൊണ്ടുവരുന്നില്ല.
സിനിമക്കുള്ളിലേക്ക് പ്രേക്ഷകൻ കയറുമ്പോഴാണ് അവർ തിയേറ്ററാണെന്ന് മറന്ന് കഥാപാത്രങ്ങളോടൊപ്പം കഥയുടെ പരിസരങ്ങളിലെത്തുക. രസച്ചരടുകൾ കോർത്തു കോർത്ത് തിരക്കഥയൊരുക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. മലയാള സിനിമക്ക് പുതു വഴിവെട്ടുന്നതിൽ അഷ്റഫ് ഹംസയെന്ന സംവിധായകനും ചെമ്പൻ വിനോദെന്ന എഴുത്തുകാരനും ഉണ്ടെന്നത് തീർച്ചയാണ്.
Adjust Story Font
16