അഭിനയ തികവിന്റെ വിജയം; പറന്ന് പറന്ന് പറന്ന് ചെല്ലാൻ വരവേറ്റ് പ്രേക്ഷകർ
മനുഷ്യരും ഗ്രാമവും അതിന്റെ മനോഹാരിതയും സിനിമയിലുടനീളം ഒരുക്കുന്നതിൽ അണിയറപ്രവർത്തകർ വിജയിച്ചിട്ടുണ്ട്

കഥയൊതുക്കത്തിലും കഥാപാത്ര നിർമിതിയിലും വളരെ വ്യത്യസ്തമാകുന്ന ഒരു കുഞ്ഞ് സിനിമ, 'പറന്ന് പറന്ന് പറന്ന് ചെല്ലാൻ' സിനിമയെ ഒറ്റ വാക്കിൽ അങ്ങനെ പറയാം. ഉള്ളിൽ പ്രണയം കാത്തുസൂക്ഷിക്കുന്ന, സ്നേഹം സർവ ഭയങ്ങളെയും നിഷ്‌ക്രിയമാക്കുമെന്ന് നമ്മളെ കാണിച്ചു തരുന്ന ചില ചെറുപ്പക്കാർ എല്ലാ നാട്ടിലുമുണ്ട്. അവരെ പറ്റി കൂടിയുള്ള കഥയാണ് ജിഷ്ണു രവീന്ദ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രമേയം.
പൊറാട്ട് നാടകങ്ങളും പൂരവും പാവകളിയും തറവാടും അവിടെ ഒത്തുകൂടുന്ന മനുഷ്യരും ഗ്രാമവും അതിന്റെ മനോഹാരിതയും സിനിമയിലുടനീളം ഒരുക്കുന്നതിൽ അണിയറപ്രവർത്തകർ വിജയിച്ചിട്ടുണ്ട്.
നാട്ടിലെ ചെറിയ ജോലികൾ ഒക്കെ ചെയ്ത്, പിഎസ്‌സി പരീക്ഷ എഴുതി വിജയം കാത്തിരിക്കുന്ന, ഉള്ളിൽ പ്രണയം കാത്തുസൂക്ഷിക്കുന്ന ചെറുപ്പക്കാരുടെ പ്രതിനിധിയാണ് ഉണ്ണി ലാലു അവതരിപ്പിക്കുന്ന കഥാപാത്രം. നാട്ടിൻ പുറത്തെ പ്രണയവും അത് കുടുംബങ്ങളിലുണ്ടാക്കുന്ന പ്രശ്നങ്ങളും വ്യക്തികളുടെ വാശികളും എല്ലാം ചേരുന്നതാണ് പറന്ന് പറന്ന് പറന്ന് ചെല്ലാൻ.
സിനിമയിൽ തുടക്കമാണെന്ന് തോന്നിക്കാത്ത വിധം മികച്ച പ്രകടനം കാഴ്ചവെക്കാൻ ഉണ്ണി ലാലുവിന് സാധിച്ചിട്ടുണ്ട്.
കാമുകനായും സുഹൃത്തായും നാട്ടുമ്പുറത്തെ ചെറുപ്പക്കാരനായും സംസാരം കൊണ്ടും ശരീര ഭാഷകൊണ്ടും ഉണ്ണി അഭിനയിച്ച് ഫലിപ്പിക്കുന്നുണ്ട്.
സിദ്ധാർഥ് ഭാരതനോടൊപ്പമുള്ള ക്ലൈമാക്സ് സംഘടനവും ഉണ്ണി ലാലുവിലെ നടനെ നിർവചിക്കാൻ പാകത്തിലുള്ളതാണ്. വിജയരാഘവൻ, സിദ്ധാർഥ് ഭരതൻ എന്നിവരും മികച്ച അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ചു. സമൃദ്ധി താര, സജിൻ ചെറുകയിൽ, ശ്രീജ ദാസ, ശ്രീനാഥ് ബാബു, ദാസൻ കൊങ്ങാട്, രതീഷ് കുമാർ രാജൻ, കലാഭവൻ ജോഷി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
കഥയുടെ വ്യാഖ്യാനരീതിയും മികച്ച അഭിനയമുഹൂർത്തങ്ങളും പറന്ന് പറന്ന് പറന്ന് ചെല്ലാൻ പ്രേക്ഷകന് നല്ലൊരു തിയേറ്റർ അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്.
Adjust Story Font
16