ആവർത്തിച്ച് അമൽ നീരദ് ബ്രില്ല്യൻസ്; 'സ്റ്റൈലിഷ് ഭീഷ്മ'
സക്രീനിലേക്ക് തുറന്ന് വിട്ട ഒരുപിടി കഥാപാത്രങ്ങളുടെ അസാധ്യ പ്രകടനങ്ങളുടെ പിൻബലത്തിലാണ് ഭീഷ്മ പർവ്വം ശ്രദ്ധ നേടുന്നത്
ബിലാൽ വീണ്ടുമെത്തുന്നു എന്ന ചർച്ചയ്ക്കിടയിലാണ് ഭീഷ്മ പർവ്വം എന്ന പേരിൽ അമൽ നീരദ് ഒരു ചിത്രം പ്രഖ്യാപിക്കുന്നത്. അത് വരെ ബിലാലിന് വേണ്ടി കാത്തിരുന്നവർ പിന്നീട് ഭീഷ്മ പർവ്വത്തിന്റെ അപ്ഡേറ്റ്സുകൾക്കായി കാതോർത്തു. മലയാള സിനിമ ചരിത്രത്തിൽ പുതിയ മാറ്റത്തിന് തിരികൊളുത്തിയ ചിത്രമായിരുന്നു ബിഗ്ബി. അന്നുവരെ നിലനിന്നുപോന്നിരുന്ന ശരാശരി മലയാളിയുടെ കാഴ്ചാശീലങ്ങൾക്ക് മുകളിലാണ് ആ കൊച്ചിക്കാരൻ പുതിയ ഉടുപ്പ് അണിയിച്ചത്. ബിഗ് ബി ഒരു ട്രെൻഡ് സെറ്ററായി മാറുകയായിരുന്നു. ബിഗ്ബി ഇറങ്ങിയ സമയത്തേക്കാൾ കൂടുതൽ പിന്നീടാണ് ചിത്രത്തെ കുറിച്ച് സംസാരിച്ചു തുടങ്ങിയത്. ബിഗ്ബിയുടെ ചുവട് പിടിച്ച് നിരവധി ചിത്രങ്ങൾ പിന്നീട് മലയാളത്തിൽ വന്നു.
15 വർഷത്തെ ഇടവേളക്ക് ശേഷമാണ് തന്റെ ആദ്യ നായകനുമായി അമൽ നീരദ് മറ്റൊരു സിനിമ പ്രഖ്യാപിക്കുന്നത്. ബിഗ്ബിയുടെ സംവിധായകനും നായകനും എന്ന രീതിയിൽ ചിത്രത്തിന്റെ ഹൈപ്പ് വാനോളം ഉയർന്നു. മേക്കിങ് കൊണ്ടാണ് ഇപ്രാവിശ്യവും അമൽ ഞെട്ടിച്ചത്. മലയാള സിനിമ, ക്വാളിറ്റിയിൽ പുതിയ തലങ്ങളിലേക്ക് അതിവേഗം നടക്കുകയാണ്. ആ പട്ടികയിൽ ഭീഷ്മപർവം ഉണ്ടെന്ന് ഉറപ്പാണ്.
കണ്ടും കേട്ടും പറഞ്ഞ കഥയെ മേക്കിങ് കൊണ്ട് മനോഹരമാക്കിയതാണ് ഭീഷ്മപർവ്വത്തെ വേറിട്ടു നിർത്തുന്നത്. സാഗർ ഏലിയാസ് ജാക്കി, അൻവർ, സിഐഎ, ഇയ്യോബിന്റെ പുസ്തകം, വരത്തൻ. അമൽ നീരദ് ചിത്രങ്ങളെല്ലാം ഇങ്ങനെയായിരുന്നു. ഈ പട്ടികയിൽ ഇയ്യോബിന്റെ പുസ്തകമാണ് തിരക്കഥയുടെ കെട്ടുറപ്പ് കൊണ്ട് വേറിട്ട് നിൽക്കുന്ന ചിത്രം. ഭീഷ്മപർവ്വവും കഥയുടെ ഇഴകീറി പരിശോധനയിൽ നിരാശയുണ്ടാക്കുമെങ്കിലും സക്രീനിലേക്ക് തുറന്ന് വിട്ട ഒരുപിടി കഥാപാത്രങ്ങളുടെ അസാധ്യ പ്രകടനങ്ങളുടെ പിൻബലത്തിലാണ് ശ്രദ്ധ നേടുന്നത്.
എൺപതുകളിലാണ് സിനിമയുടെ കഥ നടക്കുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന മൈക്കിളിന്റെ കഥാപാത്രം അടങ്ങുന്ന കുടുംബവും കുടുംബത്തിൽ മൈക്കിളിനുള്ള സ്ഥാനവും മറ്റു കുടുംബാംഗങ്ങളുടെ ജീവിതത്തിൽ മൈക്കിളിന്റെ ഇടപെടലുമാണ് സിനിമ പറയുന്നത്. ഇതിനപ്പുറത്തേക്കൊന്നും സിനിമ പറയാൻ ശ്രമിക്കുന്നില്ല. എന്നാൽ പറയാനുദ്ദേശിച്ചതിനെ കൃത്യതയോടെ സ്‌ക്രീനിലെത്തിക്കാൻ അമലിന് കഴിഞ്ഞിട്ടുണ്ട്.. മമ്മൂട്ടി- അമൽ നീരദ് കൂട്ടുകെട്ടിൽ ഒരു സിനിമ വരുന്നു എന്ന് പറയുമ്പോൾ അതൊരു പക്കാ മാസ് മൂവി ആയിരിക്കുമെന്ന് പ്രതീക്ഷിച്ച് തിയേറ്ററിലെത്തരുതെന്ന് ചുരുക്കം. ചില സമയങ്ങളിൽ പതിഞ്ഞ താളത്തിൽ പോവുന്ന രീതിയാണ് സിനിമയ്ക്ക്.
അടുത്തിറങ്ങിയ മമ്മൂട്ടി മാസ് മൂവികളുടെയെല്ലാം പ്രധാന പ്രത്യേകത മമ്മൂട്ടിയുടെ വൺമാൻ ഷോ എന്നതായിരുന്നു. എന്നാൽ ഭീഷ്മപർവ്വം ഇത് പൊളിച്ചെഴുതുന്നുണ്ട്. ഒരു സീനിൽ വന്നുപോവുന്ന കഥാപാത്രങ്ങൾക്ക് പോലും ഒരു ഡെപ്ത് നൽകിയിട്ടുണ്ട്. ഷൈൻ ടോം ചാക്കോ, സൗബിൻ സാഹിർ, ജിനു, ഫർഹാൻ ഫാസിൽ, ലെന തുടങ്ങി എല്ലാ കഥാപാത്രങ്ങൾക്കുമുളള സ്പേസ് സിനിമയിലുണ്ട്. മമ്മൂട്ടിയെ മാറ്റി നിർത്തിയാൽ സൗബിൻ, ഷൈൻ ടോം ചാക്കോ എന്നീ യുവ നടൻമാരുടെ സീനുകൾ ത്രില്ലടിപ്പിക്കുന്നുണ്ട്.
അമൽ നീരദിന്റെ മുൻചിത്രങ്ങളിൽ കണ്ടത്പോലെ കഥാപാത്രങ്ങളെ സ്‌ക്രീനിൽ സ്‌റ്റൈലിഷായി പ്രസന്റ് ചെയ്യുന്ന മിടുക്ക് ഭീഷ്മയിലും ആവർത്തിച്ചിട്ടുണ്ട്. കഥാപാത്രങ്ങളുടെ പ്ലെയ്സമെന്റാണ് സിനിമയുടെ മറ്റൊരു പ്ലസ് പോയിന്റ്. സിനിമയിലെ ഒരു കഥാപാത്രം പോലും അയാൾ ഇതിന് യോജിച്ചതല്ല എന്ന് തോന്നില്ല.. മറ്റൊരാളെ സങ്കൽപ്പിക്കാനാവില്ലെന്ന് ചുരുക്കം. ശ്രീനാഥ് ഭാസിയെ പോലുള്ള യുവ പ്രേക്ഷകർക്ക് ഇഷ്ടമുള്ളവരെ കാസ്റ്റ് ചെയ്തതാണ് മറ്റൊരു പ്രത്യേകത.
അമൽ നീരദ് എന്ന സംവിധായകനെ മാറ്റി നിർത്തിയാൽ രണ്ട് ഡിപ്പാർട്മെന്റുകളാണ് ഭീഷ്മപർവ്വത്തെ മികച്ച തിയറ്റർ എക്സ്പീരിയൻസ് ആക്കുന്നതിന് സഹായിക്കുന്നത്. സുഷിൻ ശ്യാമിൻറെ ബാക്ക് ഗ്രൗണ്ട് സ്‌കോറും സുനിൽ ബാബുവിന്റെ ആർട്ടുമാത്. ഇപ്രാവിശ്യവും സുഷിൻ ഞെട്ടിച്ചിട്ടുണ്ട്. അമലിന്റെ മുൻ സിനിമകൾപോലെ തന്നെ കഥാപാത്രങ്ങളുടെ എൻട്രികളിൽ ബിജിഎം തീർക്കുന്ന മാജിക് ചെറുതല്ല. എൺപതുകളെ മനോഹരമായി റീക്രിയേറ്റ് ചെയ്തിട്ടുണ്ട്. ആ കാലത്തെ കാറ്, ഡ്രസ്, തുടങ്ങി മൈന്യൂട്ടായ പ്രോപ്പർട്ടീസിൽ പോലും കാലഘട്ടം വരച്ചിട്ട ആർട്ട് ഡിപ്പാർട്മെന്റ് കയ്യടി നേടുന്നുണ്ട്. ദുൽഖറിന്റെ കുറുപ്പായിരുന്നു ഇങ്ങനെ ഞെട്ടിച്ച മറ്റൊരു ചിത്രം. സംഭാഷണമില്ലാത്ത ഷോട്ടുകളുടെ സമയത്ത് പോലും കഥ പറയുന്ന മാജിക് തീർക്കുന്നത് ആനന്ദ് സി ചന്ദ്രന്റെ ഛായഗ്രഹണവും വിവേക് ഹർഷന്റെ എഡിറ്റിങ്ങുമാണ്.
റിവഞ്ച് ഗ്യാങ്സ്റ്റർ സിനിമകളുടെ തലതൊട്ടപ്പനെന്ന് ഏവരാലും വാഴ്ത്തപ്പെടുന്ന സിനിമയാണല്ലോ എഴുപതുകളിൽ ഇറങ്ങിയ ഗോഡ്ഫാദർ- ലോകത്താകമാനം പിന്നീട് വന്ന ഈ ഴോണർ സിനിമകളെല്ലാം ഗോഡ്ഫാദറിന്റെ അരിക് പറ്റി വന്നവരാണ്. അത്കൊണ്ട് തന്നെ മട്ടാഞ്ചേരിയിലെ മൈക്കിളിനും ഗോഡ് ഫാദറുമായി സാമ്യമുണ്ടാവുക സ്വാഭാവികം.
സ്‌റ്റൈലിഷ് മേക്കിങ് കൊണ്ട് സിനിമ എൻഗേജിങ് ആണെങ്കിലും പുതിയ ഒരു കഥ പറയാൻ അമൽ നീരദ് എന്ത് കൊണ്ട് ശ്രമിക്കുന്നില്ല എന്നതാണ് സിനിമ നൽകുന്ന സംശയം. കുടുംബ തർക്കവും പ്രതികാരവും ആവർത്തിച്ച് എഴുതുന്നതെന്താണെന്നാണ് മനസ്സിലാകാത്തത്. ഓരോ സിനിമ കൊണ്ടും നവീകരിക്കപ്പെടുന്നവരാണ് സംവിധായകർ. അങ്ങനെ നോക്കുമ്പോൾ സിനിമയുടെ ക്വാളിറ്റിയിൽ നിർബന്ധ ബുദ്ധിയോടെ സമീപിക്കുന്ന സംവിധായകരിൽ അമലിന്റെ സ്ഥാനം മുൻ പന്തിയിലാണ്. ഇത് കഥയിലും കൂടെ പ്രാവർത്തികമാക്കിയാൽ നന്നായിരിക്കും. കോവിഡ് ഭീതിയൊഴിഞ്ഞ്, നൂറു ശതമാനം കാണികളോടെ പ്രദർശനം തുടങ്ങിയ സമയത്ത് ഭീഷ്മപർവത്തിന് മികച്ച തിയറ്റർ അനുഭവം സമ്മാനിക്കാൻ കഴിയുന്നുണ്ട് എന്നത് സംശമില്ലാത്ത കാര്യമാണ്.
Adjust Story Font
16