'കട്ടവെയ്റ്റിങ്ങാണ്, മമ്മൂക്ക ആറാടും'; ഭീഷ്മപർവ്വം തിയേറ്ററുകളിൽ
15 വർഷങ്ങൾക്കു ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും ഒരുമിക്കുന്നത്
അമൽ നീരദിന്റെ മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തെ വരവേറ്റ് ആരാധകർ. ഏറെ കാത്തിരിപ്പിന് ശേഷമെത്തുന്ന ചിത്രമാണ് ഇതെന്നും മമ്മൂട്ടി ചിത്രത്തിൽ ആറാടുമെന്നും ആരാധകർ മാധ്യമങ്ങളോട് പറഞ്ഞു. കൊട്ടുംകുരവയുമാണ് ആരാധകർ ചിത്രത്തെ വരവേറ്റത്.
'കട്ട വെയ്റ്റിങ്ങല്ലേ, ബിലാലാണ് നമ്മൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കൊലകൊല്ലിയായി ഭീഷ്മപർവ്വം വന്നിരിക്കുകയാണ്. ഏതായാലും പൊളിക്കും. ആറാടും. ഇതായിരിക്കും ശരിക്കുമുള്ള ആറാട്ട്' - ഒരു ആരാധകൻ പറഞ്ഞു. 'അമലും മമ്മൂട്ടിയും ഒരുമിക്കുമ്പോൾ വലിയ പ്രതീക്ഷയാണ്. അമലിന്റെ മെയ്ക്കിങ്ങാണ് പ്രധാനം. ബിഗ് ബിയിൽ നമ്മൾ ഒരു ഘട്ടം കണ്ടതാണ്. അതുകഴിഞ്ഞ് ഭീഷ്മപർവ്വം ഇനി ബിലാൽ. പക്കാ, കട്ട വെയ്റ്റിങ്ങാണ്.'- മറ്റൊരാൾ പറഞ്ഞു.
പ്രീബുക്കിങ്ങിൽ റെക്കോർഡിട്ട ചിത്രം നൂറുശതമാനം ആളുകളെ ഇരുത്തിയാണ് പ്രദർശിപ്പിക്കുന്നത്. ബിഗ് ബി പുറത്തിറങ്ങി 15 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീഷ്മപർവ്വം. ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
'ഇത് കുടുംബകഥയല്ല, കുടുംബങ്ങളുടെ കഥയാണ്. എല്ലാ കഥാപാത്രങ്ങൾക്കും വേരുകളുണ്ട്. ബിലാലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ടല്ല ഇത്. ഇത് വേറെ വെടിക്കെട്ടാണ്. ആ കഥയുമായി ഒരു സാമ്യവുമില്ല. ചിലപ്പോൾ കഥാപരിസരവുമായി ബന്ധമുണ്ടാകും. ബിലാൽ വന്നാൽ എൻറയർലി ഡിഫറൻഡായിരിക്കും'- എന്നാണ് വാർത്താ സമ്മേളനത്തിൽ മമ്മൂട്ടി ചിത്രത്തെ കുറിച്ച് പറഞ്ഞിരുന്നത്.
ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം. സംഗീതം: സുഷിൻ ശ്യാം, അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണു ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. നാദിയ മൊയ്തു, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, ജിനു ജോസഫ്, ലെന, ശ്രിന്ദ, വീണ നന്ദകുമാർ, അനസൂയ ഭരദ്വാജ്, അനഘ, അബു സലിം, സുദേവ് നായർ, മാല പാർവതി, കോട്ടയം രമേശ്, പോളി വൽസൻ തുടങ്ങിയവരും ഭീഷ്മപർവ്വത്തിൽ അണിനിരക്കുന്നു.
Adjust Story Font
16