Quantcast

'അഭിനയം പോലെ തന്നെ സംവിധാനവും ആസ്വദിച്ചാണ് ചെയ്യുന്നത്'; ആദ്യമായി സംവിധായകനാകുന്ന ത്രില്ലിൽ ജോജു ജോർജ്

തൃശൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന 'പണി'യിൽ ജോജു തന്നെയാണ് പ്രധാനവേഷത്തിലെത്തുന്നത്

MediaOne Logo

Web Desk

  • Published:

    24 Oct 2023 12:15 PM GMT

Directing is as enjoyable as acting; Joju George is thrilled to be a director for the first time
X

സ്വതസിദ്ധമായ ശൈലിയിൽ ഏതു തരം വേഷങ്ങളും ചെയ്യാൻ പ്രാപ്തനായ ജോജു ജോർജ് ഇപ്പോഴിതാ മറ്റൊരു വേഷം കൂടി അണിയുകയാണ്. സഹനടനായും, സ്വഭാവനടനായും, ഹാസ്യനടനായുമൊക്കെ വെള്ളിത്തിരയിൽ പകരം വെക്കാനില്ലാത്ത കഥാപാത്രങ്ങൾ ചെയ്ത ജോജു തന്റെ കരിയറിന്റെ 28-ാം വർഷത്തിലെത്തി നിൽക്കുമ്പോൾ ആദ്യമായി സംവിധായകനാവുകയാണ്. 'അഭിനയം ഞാൻ ഏറ്റവും ആസ്വദിച്ചു ചെയ്യുന്ന ഒന്നാണ്, കുറച്ചു ടെൻഷനുണ്ടെങ്കിലും സംവിധാനവും അത് പോലെ ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നത്' എന്നായിരുന്നു സംവിധാനസംരഭത്തെക്കുറിച്ച് ജോജു പ്രതികരിച്ചത്.

1995 ൽ 'മഴവിൽ കൂടാരം' എന്ന സിനിമയിലൂടെ ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമാരംഗത്തേക്ക് എത്തിയ ജോജു ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾക്കാണ് ജീവൻ നൽകിയത്. 28 വർഷത്തെ അഭിനയ ജീവിതം പൂർത്തിയാക്കുമ്പോൾ മുൻനിര നായകനായും, ഗായകനായും, നിർമ്മാതാവായും മലയാള സിനിമയിൽ തന്റെ പേര് സുവർണ്ണ ലിപികൾ കൊണ്ട് എഴുതി ചേർക്കുകയാണ് താരം.

2018 ൽ പുറത്തിറങ്ങിയ 'ജോസഫ്' എന്ന സിനിമയാണ് ജോജുവിന്റെ കരിയറിൽ വഴിത്തിരിവാകുന്നത്. അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ച വെച്ച ചിത്രം ബോക്‌സ്ഓഫീസിൽ മിന്നും വിജയം നേടുകയും ചെയ്തു. ജോജുവിന്റെ പൊട്ടൻഷ്യൽ എത്രത്തോളമുണ്ടെന്ന് പ്രേക്ഷകർക്ക് അറിയാമെങ്കിലും ജോസഫിലെ ടൈറ്റിൽ റോൾ അതിന്റെ പാരമ്യത്തിൽ തൊടുന്നതായിരുന്നു. തുടർന്ന് സൈക്കോളജിക്കൽ ഡ്രാമ ചിത്രം 'ചോല'യിലെ പ്രകടനം വീണ്ടും മലയാളി പ്രേക്ഷകർക്കിടയിൽ ജോജുവിന്റെ സ്ഥാനം അരക്കിട്ടു ഉറപ്പിക്കുകയും ചെയ്തു. 'ജോസഫ്', 'ചോല' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച സ്വഭാവനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും, ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യേക പരാമർശവും (ജോസഫ്) ലഭിച്ചു. നിരവധി പുരസ്‌കാരങ്ങളാണ് 'ജോസഫിൽ' ജോജുവിനെ തേടിയെത്തിയത്.

ജോജു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ പണി എന്ന ചിത്രത്തെ സിനിമാ പ്രേമികൾ വളരെ പ്രതീക്ഷയോടെയാണണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ അന്നൗൺസ്മെന്റ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. തൃശൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന 'പണി'യിൽ ജോജു തന്നെയാണ് പ്രധാനവേഷത്തിലെത്തുന്നത്. അഭിനയയാണ് നായിക. തൃശൂർ നഗരത്തിലെ രണ്ട് ഗുണ്ടാ സംഘങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ ബിഗ് ബോസ് താരങ്ങളായ സാഗർ, ജുനൈസ് എന്നിവർക്കൊപ്പം ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. പ്രശസ്ത സംവിധായകൻ വേണുവാണ് 'പണി'യുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‌സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു വിജയാണ് ച്ിത്രത്തിന് സംഗീതമൊരുക്കുന്നത്.

TAGS :

Next Story