രണ്ട് ദിവസം 37 കോടി; ബോളിവുഡിലും ബോക്‌സ് ഓഫീസ് കുലുക്കി ദൃശ്യം2
അജയ് ദേവ്ഗണും ശ്രിയ ശരണും പ്രധാന കഥാപാത്രങ്ങളായ ചിത്രം നവംബർ 18 നാണ് തിയറ്ററിലെത്തിയത്.
ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തെത്തിയ ദൃശ്യം2 ന് വൻ വരവേൽപ്പ്. സമീപകാല ബോളിവുഡ് ചിത്രങ്ങളെ അപേക്ഷിച്ച് ബോക്‌സ് ഓഫീസിൽ വൻ കുതിപ്പാണ് ചിത്രം നേടുന്നത്. ആദ്യ ദിനം നേടിയത് 21.59 കോടിയായിരുന്നു. ചിത്രത്തിന്റെ രണ്ട് ദിവസത്തെ കളക്ഷൻ 36.97 കോടിയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
അജയ് ദേവ്ഗണും ശ്രിയ ശരണും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രം നവംബർ 18 നാണ് തിയറ്ററിലെത്തിയത്. ദൃശ്യം ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകൻ നിഷികാന്ത് കാമത്ത് 2020ൽ അന്തരിച്ചിരുന്നു. രണ്ടാം ഭാഗം ഒരുക്കിയത് അഭിഷേക് പതക് ആണ്.
ഭാഷാപരമായ അതിരുകൾക്കപ്പുറത്തേക്ക് പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമായിരുന്നു ജീത്തു ജോസഫ്- മോഹൻലാൽ ടീമിൻറേതായി 2013ൽ പുറത്തെത്തിയ 'ദൃശ്യം'. കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ് ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
ദൃശ്യം ഒന്നാം ഭാഗം ബോക്സ് ഓഫീസിൽ മലയാളത്തിലെ ആദ്യ 50 കോടി എന്ന റെക്കോർഡിട്ടു. ആമസോൺ പ്രൈമിലൂടെ എത്തിയ ദൃശ്യം2 പ്രൈമിന് കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ വരിക്കാരെ കിട്ടാൻ കാരണമാവുകയും ചെയ്തു. മോഹൻലാലിനൊപ്പം മീന, സിദ്ധീക് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Adjust Story Font
16