Quantcast

‘അങ്കമ്മാൾ’; എനിക്കും അതിന്റെ അവസാനമെന്താണെന്ന് അറിയില്ല- സംവിധായകൻ വിപിൻ രാധാകൃഷ്ണൻ

രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രേക്ഷക പ്രശംസ ലഭിച്ച ചിത്രമായ ‘അങ്കമ്മാളിന്റെ സംവിധായകൻ സംസാരിക്കുന്നു

MediaOne Logo
‘അങ്കമ്മാൾ’; എനിക്കും അതിന്റെ അവസാനമെന്താണെന്ന് അറിയില്ല- സംവിധായകൻ വിപിൻ രാധാകൃഷ്ണൻ
X

ഇരുപത്തിയൊൻപതാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രേക്ഷക പ്രശംസ ലഭിച്ച ചിത്രമായ ‘അങ്കമ്മാൾ’ തിയേറ്റർ പ്രദർശനത്തിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ സംവിധായകനായ വിപിൻ രാധാകൃഷ്ണൻ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നു. ചെറുപ്പത്തിൽ വിധവയായി മക്കളെ സ്വന്തം അധ്വാനം കൊണ്ടു വളർത്തി വലുതാക്കിയ ഒരമ്മയുടെ കഥയാണ് ‘അങ്കമ്മാൾ’ പറയുന്നത്. 2018 ലെ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ആവേ മരിയയാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. സംവിധായകൻ സംസാരിക്കുന്നു

? ചിത്രം തമിഴിൽ എടുക്കാനുള്ള സാഹചര്യത്തെ പറ്റിയൊന്ന് വിശദമാക്കാമോ ?

ഈ ചിത്രം പെരുമാൾ മുരുകന്റെ കോടി തുണിയെന്ന തമിഴ് ചെറുകഥയെ ആസ്‌പദമാക്കിയുള്ളതാണ്, അവിടത്തെ സംസ്‌കാരവുമായാണ് കഥ കൂടുതൽ ചേർന്ന് കിടക്കുന്നത് അതുകൊണ്ട് കഥയുടെ ആത്മാവ് നഷ്ടപ്പെടാതെ അതിനോട് നീതി പുലർത്താൻ വേണ്ടിയാണ് ചിത്രം തമിഴിൽ എടുക്കാൻ തീരുമാനിച്ചത്.

ഗ്രാമീണ സൗന്ദര്യം വേണ്ടുവോളം നിറഞ്ഞു നിന്ന രംഗങ്ങളായിരുന്നു സിനിമയുടെ മുഖ്യ ആകർഷണങ്ങളിലൊന്ന്, എങ്ങനെയാണ് ഈ ലൊക്കേഷൻ തിരഞ്ഞെടുത്തത് ?

ഈ ചിത്രത്തെ സംബന്ധിച്ച് ലൊക്കേഷനും വീടും വളരെ പ്രാധാനപ്പെട്ടവയാണ്. കഥ നടക്കുന്നത് തൊണ്ണൂറുകളുടെ അവസാനത്തിലായതുകൊണ്ട് അതിനു പറ്റിയ സ്ഥലമന്വേഷിച്ച് പശ്ചിമഘട്ടത്തോട് ചേർന്ന് തമിഴ്നാടിന്റെ വടക്ക് മുതൽ തെക്കു വരെ ഞാനും ഛായാഗ്രഹകനായ ആൻ ജോയിയും ധാരാളം യാത്ര ചെയ്താണ് തിരുനെൽവേലിയിൽ കന്യാകുമാരിയിലേക്ക് പോവുന്ന വഴിയിലുള്ള പന്മനേരിയെന്ന ചെറിയൊരു ഗ്രാമത്തിലേക്കെത്തുന്നത്.

വളരെ മികച്ച അഭിനയമാണ് കഥാപാത്രങ്ങളെല്ലാം കാഴ്ച്ച വെച്ചത്. പ്രധാന കഥാപാത്രമായ അങ്കമ്മാൾ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നുവെന്നു തന്നെ പറയാം. എങ്ങനെയാണ് അഭിനേതാക്കളെ തിരഞ്ഞെടുത്തത് ?

പ്രധാന കഥാപാത്രം അങ്കമ്മാളായി വന്നത് എഴുത്തുകാരിയും സംവിധായികയും കൂടിയായ ഗീതാ കൈലാസമാണ്. ചെറിയ റോളുകളായിരുന്നെങ്കിൽ കൂടി സിനിമകളിൽ തന്റെ അഭിനയിക്കാനുള്ള കഴിവ് തെളിയിച്ച വ്യക്തിയാണവർ. ഈ കഥ അവർക്കും വളരെ ഇഷ്ടപ്പെട്ടതിനാൽ ചിത്രീകരണം കൂടുതൽ എളുപ്പമായി. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മൂന്നു മാസം മുൻപ് തന്നെ എല്ലാവരും കൂടി അവിടെ വീടെടുത്ത് നാട്ടുകാരോട് സംസാരിച്ച് ധാരാളം കാര്യങ്ങൾ അവിടെ നിന്നും ഉൾക്കൊണ്ടിട്ടുണ്ട് അതിന്റെ ഫലം എല്ലാവരുടെയും അഭിനയത്തിലുമുണ്ടായിരുന്നു.

സിനിമയിലേക്ക് വരുകയാണെങ്കിൽ പ്രായത്തെയോ ചുറ്റുമുള്ളവരെ പറ്റിയോ വേവലാതിപ്പെടാതെ അങ്കമ്മാൾ തന്റെ പ്രണയം പ്രകടിപ്പിക്കുന്നുണ്ട്. ഏതു പ്രായത്തിലും സ്നേഹം കൊതിക്കുന്ന മനസ്സ് മനുഷ്യരിലുണ്ടെന്നാണ് ആ രംഗങ്ങൾ കണ്ടപ്പോൾ തോന്നിയത്. ?

അങ്കമ്മാളിന്റെ കഥാപാത്രം സ്നേഹം ആഗ്രഹിക്കുന്നുണ്ട് ചില സാഹചര്യങ്ങളിൽ അത് പ്രകടിപ്പിക്കാനും ശ്രമിക്കുന്നുണ്ട്, മറ്റു സ്ത്രീകളെ പോലെ സമൂഹത്തെ ഭയന്ന് അവരത് മറച്ചു വെക്കാൻ ശ്രമിക്കുന്നില്ല. കൂടാതെ അതൊരു കുറവായി കരുതുന്നുമില്ല, നാട്ടുകാരെന്ത് ചിന്തിക്കുമെന്നതൊന്നും അവരെ ബാധിക്കുന്നേയില്ല.

അങ്കമ്മാൾ ഒരു തന്റേടിയും പിടിവാശിക്കാരിയുമാണ് എന്തുകൊണ്ടായിരിക്കാം തനിച്ചു ജീവിക്കുന്ന സ്ത്രീകൾ തന്റേടികളാവുന്നത് അതോ സമൂഹത്തിലെ അവരുടെ നിലനിൽപിന് വേണ്ടി ബോധപൂർവം അവരങ്ങനെ അഭിനയിക്കുന്നതായിരിക്കുമോ ?

കഴിഞ്ഞൊരു തലമുറയിലെ സ്ത്രീകൾ ഉദാഹരണത്തിന് എന്റെ അമ്മൂമ്മയൊക്കെ വളരെ തന്റേടമുള്ളവരായിരുന്നു. അവർ ജീവിതത്തിൽ വളരെയധികം ദാരിദ്ര്യവും കഷ്ടപ്പാടുമെല്ലാം അനുഭവിച്ച് കുടുംബം നോക്കിയവരായിരുന്നു. പിന്നെ അറിയാമല്ലോ പണ്ടത്തെ കുടുംബങ്ങളിൽ ധാരാളം അംഗങ്ങളുണ്ടായിരിന്നു. എന്തും നേരിടാൻ തയ്യാറായ അവരുടെ അവസ്ഥയിൽ നിന്നും അനുഭവങ്ങളിൽ നിന്നും ആർജിച്ചെടുത്തതാവാം ഈ തന്റേടം പക്ഷെ ഇനി വരുന്ന തലമുറയിൽ ഇതു പോലെയുള്ളവരെ കാണാൻ സാധിച്ചെന്ന് വരില്ല അതുകൊണ്ട് അവരോടുള്ള ഒരു ആദരവ് കൂടിയാണ് ഈ സിനിമ.

സംവിധായകൻ

അങ്കമ്മാൾ, മക്കൾ പേടിക്കുന്ന മരുമകൾക്ക് സ്വാതന്ത്ര്യം നൽകാത്തൊരു സ്ത്രീ കൂടിയാണ് ഇങ്ങനെയുള്ള സ്ത്രീകൾ ഇപ്പോഴുമില്ലേ ?

ഇന്നുമുണ്ട് ഇതുപോലെയുള്ള സ്ത്രീകൾ, അങ്കമ്മാളിനെ സംബന്ധിച്ച് അതൊരു ന്യൂനത തന്നെയാണ്. എന്നാൽ ഇപ്പോഴത്തെ തലമുറയിൽ ഇതുപോലെയുള്ള സ്ത്രീകൾ കുറഞ്ഞു വരുന്നുണ്ട് കാരണം എല്ലാവരും തുറന്ന ചിന്താഗതിയുള്ളവരായി മാറി കഴിഞ്ഞു. കുറച്ചു കാലം കൂടി കഴിയുമ്പോൾ ഈ സ്വഭാവമുള്ള സ്ത്രീകൾ ഇല്ലാതാവുമെന്ന് കരുതാം പിന്നെ അങ്കമ്മാൾ ഈ സ്വഭാവം അവരുടെ മുൻ തലമുറയിൽ നിന്ന് കണ്ടു പഠിച്ചതാവാം അവർ ഒരു പച്ചയായ ഗ്രാമീണ സ്ത്രീയാണ് അതുകൊണ്ട് തന്നെ ഇത് ശരിയാണോ തെറ്റാണോ എന്ന് തിരിച്ചറിയാൻ അവർക്ക് സാധിക്കുന്നില്ല.

മകൻ പഠിച്ച് ഡോക്ടറായി കഴിഞ്ഞപ്പോൾ മകന് അമ്മ ഒരു അപരിഷ്കൃതയാണെന്ന് തോന്നുകയാണ്. അമ്മ ബ്ലൗസ് ഇടാത്തതും അമ്മയുടെ പല്ലിലെ കറയുമെല്ലാം മകനെ ആശങ്കപ്പെടുത്തുന്നു. ഇന്നത്തെ സമൂഹത്തിൽ കാണുന്ന ഒരു കാഴ്ചയല്ലേ ഇതും പരിഷ്കാരമില്ലാത്ത മാതാപിതാക്കളും എന്നാൽ പരിഷ്ക്കാരികളായ മക്കളും . .?

അതെ ആഗോളവത്കരണത്തിന് ശേഷം പെട്ടെന്നാണ് നമ്മുടെ രാജ്യത്തിന്റെ സംസ്‍കാരം മാറിയത്. പഴയ രീതികൾ പിന്തുടരുന്ന മാതാപിതാക്കളോട് മക്കൾക്ക് ചെറിയ രീതിയിലെങ്കിലും ഒരു അകൽച്ച വന്നിട്ടുണ്ട്, സിനിമയിൽ മകന് അമ്മയോടുള്ള സ്നേഹം കൊണ്ടാണ് മാറാൻ പറഞ്ഞിരുന്നതെങ്കിൽ അവർ സന്തോഷത്തോടെ ആ മാറ്റം സ്വീകരിച്ചേനെ എന്നാൽ മകന്റെ ഉള്ളിൽ അമ്മ തന്റെ പദവിക്ക് അനുസരിച്ചുള്ള ആളല്ല എന്ന മിഥ്യബോധവും ഉടലെടുക്കുന്നുണ്ട് അതുകൊണ്ടാണ് ആ മാറ്റം അങ്കമ്മാളിന് അംഗീകരിക്കാൻ കഴിയാതിരുന്നത്. എന്നാൽ ഈ ഒരു കാര്യത്തിൽ മകനെ മാത്രം തെറ്റ് പറയാൻ പറ്റില്ല ഒരുപക്ഷെ നമ്മളാണെങ്കിലും ഇങ്ങനെ ചിന്തിക്കുമായിരിക്കാം ഒരു പരിധി വരെ സമൂഹവും ഇതിന് ഉത്തരവാദികളാണ് കാരണം ഇങ്ങനെയൊരു ചിന്ത അടിച്ചേൽപ്പിച്ചതിൽ സമൂഹത്തിനും പങ്കുണ്ട്.

എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റി മക്കളോട് പറയാനുള്ളതെല്ലാം പറഞ്ഞ് പെട്ടെന്നൊരു ദിവസം അങ്കമ്മാൾ അപ്രത്യക്ഷയാവുകയാണ്, ഉച്ചിമല കാറ്റിൽ പോയെന്ന് പറയുന്നുണ്ടെങ്കിൽ പോലും അങ്കമ്മാൾ എവിടെ പോയെന്ന ചോദ്യം കാഴ്ചക്കാരുടെ ഉള്ളിലുണ്ട്. ശരിക്കും എന്താണ് അങ്കമ്മാളിന് സംഭവിക്കുന്നത് ?

എനിക്കും അതിന്റെ അവസാനമെന്താണെന്ന് അറിയില്ല. അങ്കമ്മാളിനെ മകൻ കാലത്തിനനുസരിച്ച് മാറ്റാൻ ശ്രമിച്ചു, അങ്ങനെ മാറിയാൽ പിന്നെ അങ്കമ്മാൾ എന്നൊരു വ്യക്തിയില്ല പക്ഷെ അവർ അപ്രത്യക്ഷയാവുന്നത് കുട്ടി കാണുന്നൊരു സ്വപ്നമാവാം. അല്ലെങ്കിൽ പുതിയൊരു മനുഷ്യനായി നിൽക്കാൻ താൽപ്പര്യമില്ലാത്തതുകൊണ്ട് അവർ പോയതാവാം, അതുമല്ലെങ്കിൽ സ്നേഹിക്കുന്ന ആളുടെ കൂടെ പോയതാവാം, കാറ്റു കൊണ്ടു പോയി എന്നത് അവർ വിശ്വസിക്കുന്ന ഒരു മിത്തിന്റെ ഭാഗമാണ്. അങ്ങനെയുമാവാം ഇതിൽ ഏത് രീതിയിൽ മനസ്സിലാക്കിയാലും ശരിയാണെന്നാണ് എനിക്ക് തോന്നുന്നത് അവരുടെ സ്വത്വം നഷ്ടപ്പെട്ടപ്പോൾ അവരില്ലാതെയായി എന്നതാണ് ഇതിന്റെ ആധാരം.

TAGS :

Next Story