'ജിഹാദി'; കേരളത്തെ പ്രകീർത്തിച്ചതിന് എ.ആർ റഹ്മാനെതിരെ സംഘപരിവാർ സൈബർ ആക്രമണം
ദി കേരള സ്റ്റോറി എന്ന സിനിമയും റഹ്മാന്റെ ജീവിതവും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും ആക്ഷേപം
'ദി കേരള സ്റ്റോറി' ചലച്ചിത്രവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയരുന്നതിനിടെ കേരളത്തിൽ നടന്ന മതസൗഹാർദ്ദ വിവാഹത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചതിന് പിന്നാലെ സംഗീത സംവിധായകൻ എ.ആർ. റഹ്മാനെതിരെ സംഘപരിവാർ സൈബർ ആക്രമണം. മനുഷ്യരോടുള്ള സ്‌നേഹം നിരുപാധികമായിരിക്കണമെന്ന് ഓർമ്മപ്പെടുത്തിയാണ് എ.ആർ റഹ്മാന്റെ ട്വീറ്റ്. 'ഇതാ മറ്റൊരു കേരള സ്റ്റോറി' എന്ന ക്യാപ്ഷനിൽ 'കൊമ്രൈഡ് ഫ്രം കേരള' എന്ന ട്വിറ്റർ പേജിൽ പങ്കുവെച്ച ചേരാവള്ളൂർ കല്യാണവുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് വാർത്തയുടെ വീഡിയോ റിപ്പോർട്ടാണ് എ.ആർ റഹ്മാൻ തന്റെ ഒഫീഷ്യൽ ട്വിറ്റർ പേജിൽ പങ്കുവെച്ചത്.
'അഭിനന്ദനങ്ങൾ, മനുഷ്യത്വത്തോടുള്ള സ്നേഹം ഉപാധികളില്ലാത്ത സാന്ത്വനവുമായിരിക്കണം' എ.ആർ റഹ്മാൻ കുറിച്ചു. പിന്നാലെയാണ് റഹ്നമാനെതിരെ സംഘപരിവാർ സൈബർ ആക്രമണം അഴിച്ചുവിട്ടത്. റഹ്മാൻ ജിഹാദിയാണെന്നും, ദി കേരള സ്റ്റോറി എന്ന സിനിമയും റഹ്മാന്റെ ജീവിതവും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും സംഘപരിവാർ പ്രൊഫൈലുകൾ ആക്ഷേപിക്കുന്നു. കൂടാതെ കേരളത്തിൽ നിന്ന് മതപരിവർത്തനം നടത്തി ഐ.എസിലേക്ക് പോയെന്ന പേരിൽ വ്യാജ കണക്കുകളും ഇവർ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്നുണ്ട്.
2022 ജനുവരി 19നായിരുന്നു കായംകുളം ചേരാവള്ളിയിൽ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കാർമികത്വത്തിൽ അഞ്ജു-ശരത് ദമ്പതികളുടെ വിവാഹം നടന്നത്. കല്യാണത്തിന്റെ രണ്ട് വർഷം മുമ്പ് അഞ്ജുവിന്റെ പിതാവ് അശോകൻ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ഇതോടെ കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിലായി. തുടർന്നാണ് അഞ്ജുവിന്റെ കല്യാണം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയത്. റഹ്മാൻ പങ്കുവച്ച വിഡിയോയിൽ നൂറ് കണക്കിനാളുകളാണ് കേരളത്തെ അഭിനന്ദിച്ച് കമന്റുകൾ ചെയ്തിരിക്കുന്നത്. ഇതാണ് യഥാർഥ കേരള സ്റ്റോറിയെന്നും നിരവധിപേർ പ്രതികരിച്ചിരുന്നു.
Adjust Story Font
16