'കടുവ' കുതിക്കുന്നു; നന്ദി പറഞ്ഞ് ഷാജി കൈലാസ്
വലിയ ഇടവേളക്ക് ശേഷമാണ് ഷാജി കൈലാസ് മലയാളത്തിൽ ഒരു സിനിമ സംവിധാനം ചെയ്യുന്നത്
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കടുവ. വലിയ ഇടവേളക്ക് ശേഷമാണ് ഷാജി കൈലാസ് മലയാളത്തിൽ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പാലായിലെ പ്ലാന്ററായി കടുവാക്കുന്നേൽ കുര്യാച്ചനെന്ന മാസ് ഹീറോ ആയാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്. ഇപ്പോഴിതാ ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി അറിയിച്ചിരിക്കുകയാണ് സംവിധായകനായ ഷാജി കൈലാസ്. കടുവയെ സ്വീകരിച്ചത് മുന്നോട്ടുള്ള യാത്രക്ക് ഊർജമാവുമെന്ന് ഷാജി കൈലാസ് ഫേസ്ബുക്കിൽ കുറിച്ചു
'നന്ദി....ഒത്തിരി സ്‌നേഹത്തോടെ.. ആവേശത്തോടെ ഞങ്ങളുടെ കടുവയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി.. ഈ സ്‌നേഹം മുന്നോട്ടുള്ള യാത്രക്കുള്ള ഊർജമായി മാറുന്നു..!', എന്നാണ് ഷാജി കൈലാസ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ആദം ജോണിന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. ജനാര്‍ദ്ദനൻ, അർജുൻ അശോകൻ, രാഹുല്‍ മാധവ്, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നത്. വിവേക് ഒബ്‍റോയ് ചിത്രത്തില്‍ വില്ലനായി അഭിനയിക്കുന്നു. ജേക്ക്‍സ് ബിജോയ്‍യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. നേരത്തെ ജൂൺ 30ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. പിന്നീട് ജൂലൈ ഏഴിലേക്ക് റിലീസ് മാറ്റുകയായിരുന്നു.
Adjust Story Font
16