'ടു കൺട്രീസിന് തുടർച്ചയൊരുക്കും, 'ത്രി കൺട്രീസ്'- ഷാഫി
'ആനന്ദം പരമാനന്ദം' ആണ് ഷാഫിയുടേതായി അവസാനം തിയറ്ററിലെത്തിയ ചിത്രം
ദിലീപിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത ചിത്രമായിരുന്നു ടു കൺട്രീസ്. ദിലീപിന്റെ കരിയറിൽ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി ചിത്രം മാറി. ദിലീപിനൊപ്പം മംമ്ത മോഹൻദാസും തകർത്തഭിനയിച്ച ചിത്രത്തിന് റാഫി ആണ് തിരക്കഥ ഒരുക്കിയത്. മുഴുനീള കോമഡിയിൽ ഒരുക്കിയ ചിത്രത്തിൽ മുകേഷ്, സുരാജ് വെഞ്ഞാറമൂട്, അജു വർഗീസ്, അശോകൻ, ലെന തുടങ്ങിയവരായിരുന്നു മറ്റു പ്രധാന താരങ്ങൾ. ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം വരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ ഷാഫി.
''കഥയുടെ ത്രഡ് ഉണ്ട്. അത് വികസിപ്പിക്കണം. നിലവിലുള്ള പ്രൊജക്ടുകൾ കഴിഞ്ഞാൽ അതിലേക്ക് കടക്കും, ത്രീ കൺട്രീസ് എന്നായിരിക്കും ചിത്രത്തിന്റെ പേര്. 2023 ലോ അല്ലെങ്കിൽ 2024 ലോ ചിത്രം റിലീസ് ചെയ്യാനാവുന്ന വിധത്തിലാണ് പ്ലാൻ ചെയ്യുന്നത്''- ഷാഫി പറഞ്ഞു. ഷാഫിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം എന്ന ചിത്രത്തിന്റെ പ്രമോഷൻ ഇന്റർവ്യൂയിലായിരുന്നു ടു കൺട്രീസിനെകുറിച്ച് ഷാഫി മനസ് തുറന്നത്.
ആനന്ദം പരമാനന്ദം ആണ് ഷാഫിയുടേതായി അവസാനം തിയറ്ററിലെത്തിയ ചിത്രം. ഷറഫുദ്ദീൻ, ഇന്ദ്രൻസ്, അജുവർഗീസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. സപ്ത തരംഗ് ക്രിയേഷൻസ് നർമിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സിന്ധുരാജ് ആയിരുന്നു. ഷാഫിയും സിന്ധുരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.
Adjust Story Font
16