'ഞാൻ ആശുപത്രിയിൽ വിളിച്ചു പറയാം വേണ്ട കാര്യങ്ങൾ അവർ ചെയ്തു തരും, മമ്മൂക്കയുടെ ഇടപെടലിൽ കൊല്ലം ഷായുടെ ശസ്ത്രക്രിയ സൗജന്യമാക്കി; വെളിപ്പെടുത്തി നടൻ മനോജ്
നടൻ മമ്മൂട്ടിയുടെ ഇടപെടലിൽ സീരിയൽ താരത്തിന്റെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്താൻ സാധിച്ച സംഭവം വെളിപ്പെടുത്തി നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ മനോജ്. സീരിയൽ ഷൂട്ടിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട നടൻ കൊല്ലം ഷായുടെ ചികിത്സ ചിലവാണ് മമ്മൂട്ടി ഇടപ്പെട്ടതോടെ സൗജന്യമാക്കി കിട്ടിയത്.
നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊല്ലം ഷായ്ക്ക് ഹൃദയശസ്ത്രക്രിയ വേണമെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ലക്ഷങ്ങൾ ചിലവ് വരുന്ന ശസ്ത്രക്രിയയ്ക്ക് പറ്റിയ അവസ്ഥയിലായിരുന്നില്ല ഷായുടെ കുടുംബമെന്നും മനോജ് പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
തുടർന്ന് ഭീമമായ തുക കണ്ടെത്താൻ വിഷമിക്കുന്ന ഷായുടെ കുടുംബത്തെ സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയും സീമാ ജി. നായരും 25000 രൂപ വീതം നൽകിയെങ്കിലും ചികിത്സയ്ക്ക് അത്രയും മതിയായിരുന്നില്ലെന്നും തുടർന്ന് സഹായം അഭ്യർത്ഥിച്ച് താൻ മമ്മൂട്ടിക്ക് മെസ്സേജ് അയക്കുകയായിരുന്നെന്നും മനോജ് പറഞ്ഞു.
തുടർന്ന് മനോജിനെ ഫോണിൽ വിളിച്ച് ഷായുടെ ചികിത്സയ്ക്ക് വേണ്ട സഹായം ചെയ്യാം എന്ന് മമ്മൂട്ടി പറയുകയായിരുന്നെന്നും ഇതിലൂടെ തിരുവനന്തപുരത്തെ ആശുപത്രിയിൽ ഷായുടെ ചികിത്സ സൗജന്യമായി ചെയ്യാനുള്ള സൗകര്യം ഒരുങ്ങിയെന്നും മനോജ് പറഞ്ഞു.
മമ്മൂട്ടി നേരിട്ട് തന്നെ വിളിച്ചതും ഇത്രയും വലിയ സഹായം ചെയ്തതും ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത വലിയ ഭാഗ്യമാണെന്നും മനോജ് പറഞ്ഞു. സുഖമോ ദേവി എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോളാണ് കൊല്ലം ഷായ്ക്ക് നെഞ്ചുവേദന വരുന്നത്.
സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ പ്രസിഡന്റ് കെ.ബി. ഗണേഷ് കുമാർ, ജനറൽ സെക്രട്ടറി ദിനേശ് പണിക്കർ എന്നിവർ ആത്മ സംഘടനയിൽ നിന്ന് 25000 രൂപ നൽകിയെന്നും. ബാക്കിയുള്ള അംഗങ്ങൾ എല്ലാം സഹായിക്കണം എന്ന് ഞങ്ങൾ എല്ലാം കൂടി തീരുമാനിച്ചിരുന്നെന്നും മനോജ് പറഞ്ഞു. പക്ഷേ ലക്ഷങ്ങൾ ചെലവാകുന്ന ശസ്ത്രക്രിയയ്ക്ക് എത്ര കൊടുത്താലും മതിയാകില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് സീമ ജി. നായരെ വിളിച്ച് വിവരം പറഞ്ഞു. താൻ പറഞ്ഞപ്പോഴാണ് സീമ വിവരം അറിഞ്ഞത്. ഉടനെ തന്നെ സീമ ഒരു 25000 രൂപ സംഘടിപ്പിച്ച് കൊല്ലം ഷായുടെ അക്കൗണ്ടിലേക്ക് അയച്ചെന്നും മനോജ് പറഞ്ഞു.
പിന്നീടാണ് വിവരം മമ്മൂട്ടിയെ അറിയിച്ചാലോയെന്ന് ആലോചിക്കുന്നതെന്നും തുടർന്ന് ഷായുടെ ഫോട്ടോയും ബാക്കി വിവരങ്ങളും കൂടി മമ്മൂട്ടിക്ക് മെസേജ് അയച്ചെന്നും അദ്ദേഹം പറഞ്ഞു. ആദ്യം പ്രതികരിച്ചിരുന്നില്ലെന്നും രണ്ട് ദിവസം കഴിഞ്ഞ് മമ്മൂട്ടി തന്നെ തിരികെ വിളിച്ചെന്നും മനോജ് പറഞ്ഞു.
''മനോജ് ഷായുടെ കാര്യം പറഞ്ഞിരുന്നല്ലോ, ഞാൻ ആശുപത്രിയിൽ വിളിച്ചു പറയാം വേണ്ട കാര്യങ്ങൾ അവർ ചെയ്തു തരും''.മമ്മൂട്ടി പറഞ്ഞതെന്നും മനോജ് വീഡിയോയിൽ പറഞ്ഞു.
Adjust Story Font
16