2018ന് ഇനി രണ്ടാം സ്ഥാനം; ഇൻഡസ്ട്രി ഹിറ്റായി മഞ്ഞുമ്മലെ പയ്യൻമാർ
200 കോടി ക്ലബ്ബിൽ കയറുന്ന ആദ്യ മലയാള സിനിമയാകുമെന്ന് അനലിസ്റ്റുകൾ
റിലീസ് ചെയ്ത് മൂന്നാഴ്ചക്കുള്ളിൽ ലോകത്തിലേറ്റവും കളക്ഷൻ നേടിയ മലയാള ചിത്രമെന്ന റെക്കോഡ് സ്വന്തമാക്കി മഞ്ഞുമ്മൽ ബോയ്‌സ്. ഇതോടെ ജൂഡ് ആന്റണി സംവിധാനം ചെയ്ത '2018' മലയാളത്തിലെ രണ്ടാമത്തെ കളക്ഷൻ നേടിയ ചിത്രമായി മാറി. ചിത്രത്തിലെ അഭിനേതാവും നിർമാതാവുമായ സൗബിൻ ഷാഹിറാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. 2018ന്റെ ഗ്രോസ് കളക്ഷനായ 175 കോടിയിലധികം കളക്ഷൻ മഞ്ഞുമ്മൽ ബോയ്‌സ് നേടിക്കഴിഞ്ഞു.
പുറത്തിറങ്ങി 12 ദിവസം കൊണ്ട് 'മഞ്ഞുമ്മൽ ബോയ്സ്' 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ചിദംബരം സംവിധാനവും രചനയും നിർവ്വഹിച്ച ചിത്രം തമിഴ്‌നാട്ടിലും വൻ പ്രേക്ഷക പിന്തുണയാണ് നേടിയത്. ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്മാൻ, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, അരുൺ കുര്യൻ, വിഷ്ണു രഘു, ചന്തു തുടങ്ങിയ താരങ്ങൾ അണിനിരന്ന ചിത്രം യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്.
എറണാകുളം മഞ്ഞുമ്മലിൽ നിന്നും ഒരു പറ്റം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് പോവുന്നതും അവർ നേരിടുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. ഗുണകേവിനെ ചുറ്റിപറ്റി വികസിക്കുന്ന ചിത്രത്തിൽ 'ഗുണ' എന്ന കമൽഹാസൻ ചിത്രത്തിലെ 'കൺമണി അൻപോട്' എന്ന ഗാനം ഉൾപ്പെടുത്തിയത് വൻ സ്വീകാര്യത നേടിയിരുന്നു. നടൻ കമൽഹാസനുമൊത്തുളള 'മഞ്ഞുമ്മൽ ബോയ്‌സ്' താരങ്ങളുടെ കൂടിക്കാഴ്ചയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സുഷിൻ ശ്യാമാണ് സംഗീതം.
Adjust Story Font
16