Quantcast

മാർക്കോ വിജയം; നന്ദി പറഞ്ഞ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

100 കോടിക്ക് മുകളിൽ ബോക്സോഫീസ് കളക്ഷൻ നേടിയതിന് ശേഷം ഒടിടി റിലീസിനൊരുങ്ങുകയാണ്

MediaOne Logo

Web Desk

  • Published:

    3 Feb 2025 5:07 AM

marco, unni mukundan
X

ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം 'മാർക്കോ' ഗംഭീര വിജയമായതിന് പിന്നാലെ വിതരണക്കാർക്ക് നന്ദി അറിയിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്. മലയാളത്തിലും ഇതര ഭാഷകളിലും ഇതിനകം ആവേശമായി ആഞ്ഞടിച്ച ചിത്രം 100 കോടിക്ക് മുകളിൽ ബോക്സോഫീസ് കളക്ഷൻ നേടിയതിന് ശേഷം ഒടിടിയിൽ എത്താൻ ഒരുങ്ങുകയാണ്. ഫെബ്രുവരി 14ന് ചിത്രം സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിക്കും.

സിനിമയുടെ ഹിന്ദി ഡിസ്ട്രിബ്യൂഷൻ നിർവഹിച്ച ജയ് വിരാത്ര എന്‍റർടെയ്ൻമെന്‍റ്സ് ലിമിറ്റഡ്, തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും വിതരണം ചെയ്ത എപി ഇന്‍റർനാഷണൽ ഫിലിംസ്, ആന്ധ്രപ്രദേശിലും തെലങ്കാനയിലും വിതരണം ഏറ്റെടുത്ത എൻവിആർ സിനിമാസ്, കർണാടകയിൽ വിതരണം ചെയ്ത കുമാർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത ഫാർസ് ഫിലിംസ് എന്നിവർക്ക് നന്ദി അറിയിച്ചുകൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.


മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും തമിഴിലും ഗംഭീര വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ജനുവരി 31 മുതൽ 'മാർക്കോ' കന്നഡയിലും റിലീസിനെത്തിയിട്ടുണ്ട്. തെലുങ്കിൽ ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയ മാർക്കോയ്ക്ക് 1.75 കോടി ഗ്രോസ് കളക്ഷനാണ് തെലുങ്കിൽ ആദ്യ ദിനം നേടാനായത്. ജനുവരി ഒന്നിനാണ് തെലുങ്കിൽ 300 തിയേറ്ററുകളിലായി ചിത്രം റിലീസ് ചെയ്തിരുന്നത്. ഇതിനകം 100 കോടി ആഗോള കളക്ഷൻ നേടിക്കഴിഞ്ഞ ചിത്രം കേരളത്തിൽ ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടയിലാണ് ഒടിടിയിലും എത്തുന്നത്.

ചിത്രം ഡിസംബർ 20നാണ് കേരളത്തിൽ റിലീസിനെത്തിയത്. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്‍റ് ചിത്രമായ 'മാർക്കോ'യ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരുന്നത്. എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.

5 ഭാഷകളിലായാണ് ചിത്രം റിലീസിനൊരുക്കിയത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനെത്തിയത്. സിനിമയുടെ പ്രൊഡക്ഷൻ ക്വാളിറ്റിയിലുള്ള ആത്മവിശ്വാസത്തോടെ നിർമിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിച്ചിരിക്കുകയുമാണ് ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സ്. ഉണ്ണി മുകുന്ദൻ തന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമയ്ക്ക് ആവേശകരമായ പ്രതികരണമാണ് എല്ലാ ഭാഷകളിലും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏപ്രിലിൽ ചിത്രം കൊറിയൻ റിലീസിനായി ഒരുങ്ങുകയുമാണ്.

പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലുള്ളത്. ഉണ്ണി മുകുന്ദന്റെയും ജഗദീഷിന്‍റേയും അസാധ്യമായ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ട്. ചിത്രത്തിലെ സംഘടനാരം​ഗങ്ങൾ ഒരുക്കിയത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റാണ്. സിദ്ദീഖ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും ഒട്ടേറെ പുതുമുഖ താരങ്ങളും മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രത്തിന്‍റെ ഭാഗമായിട്ടുണ്ട്.

ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എംആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും ആൻഡ് ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അബ്ദുൾ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.

TAGS :

Next Story