Quantcast

ഒറ്റ രാത്രിയിലെ കൊച്ചു ത്രില്ലര്‍; കയ്യടി നേടി ദിലീഷ് പോത്തനും ചേതനും അഭിനയിച്ച മിഡ്നൈറ്റ് റണ്‍

ഒരു റിയലിസ്റ്റിക് ത്രില്ലര്‍ എന്ന നിലക്ക് കണ്‍സീവ് ചെയ്ത ഷോര്‍ട്ട് ഫിലിമാണ് മിഡ്‌നൈറ്റ് റണ്ണെന്നും ഭയം എന്ന തീമിനെ മുന്‍നിര്‍ത്തിയാണ് ഷോര്‍ട്ട് ഫിലിം അവതരിപ്പിച്ചിരിക്കുന്നതെന്നും സംവിധായിക രമ്യ രാജ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    17 May 2021 4:25 PM GMT

ഒറ്റ രാത്രിയിലെ കൊച്ചു ത്രില്ലര്‍; കയ്യടി നേടി ദിലീഷ് പോത്തനും ചേതനും അഭിനയിച്ച മിഡ്നൈറ്റ് റണ്‍
X

ദിലീഷ് പോത്തനും ചേതന്‍ ജയലാലും പ്രധാന കഥാപാത്രങ്ങളായി മിഡ്നെറ്റ് റണ്‍ എന്ന ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുന്നു. കഴിഞ്ഞ ദിവസം സൈന പ്ലേയിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. പ്ലാറ്റ്ഫോമിലൂടെ ചിത്രം സൌജന്യമായി കാണാവുന്നതാണ്. ഒറ്റ രാത്രിയില്‍ നടക്കുന്ന കഥയാണ് ഷോര്‍ട്ട് ഫിലിം പറയുന്നത്. രമ്യാ രാജാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമയിലും, ബുസാന്‍ ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലും ഉള്‍പ്പെടെ 25ലേറെ ഫിലിം ഫെസ്റ്റിവലുകളില്‍ മിഡ്നൈറ്റ് റണ്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബി.ടി അനില്‍ കുമാറിന്റേതാണ് കഥ. ജെല്ലിക്കട്ട്, സര്‍ക്കാര്‍, അങ്കമാലി ഡയറീസ് എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഗീരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. ജോജി, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ സിനിമകളുടെ എഡിറ്റര്‍ കിരണ്‍ ദാസ് എഡിറ്റിംഗും രംഗനാഥ് രവി സൗണ്ട് ഡിസൈനും നിര്‍വഹിച്ചിരിക്കുന്നു. സതീഷ് എരിയാലത്താണ് നിര്‍മ്മാണം.

ശങ്കര്‍ ശര്‍മ്മയാണ് പശ്ചാത്തല സംഗീതം. കാലിഫോര്‍ണിയയില്‍ നടന്ന ഇന്‍ഡീബെസ്റ്റ് ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഇന്‍ഡീ ഷോര്‍ട്ട് ഫിലിമായി മിഡ്നൈറ്റ് റണ്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹംഗറിയിലെ സെവന്‍ ഹില്‍സ് രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍, ബെലാറസില്‍ നടന്ന കിനോസ്മെന-മിന്‍സ്‌ക് രാജ്യാന്തര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ബാംഗ്ലൂര്‍ ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ആസം ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍, ദാദാസാഹിബ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ മത്സരവിഭാഗത്തിലുണ്ടായിരുന്നു.

ഒരു റിയലിസ്റ്റിക് ത്രില്ലര്‍ എന്ന നിലക്ക് കണ്‍സീവ് ചെയ്ത ഷോര്‍ട്ട് ഫിലിമാണ് മിഡ്‌നൈറ്റ് റണ്ണെന്നും ഭയം എന്ന തീമിനെ മുന്‍നിര്‍ത്തിയാണ് ഷോര്‍ട്ട് ഫിലിം അവതരിപ്പിച്ചിരിക്കുന്നതെന്നും സംവിധായിക രമ്യ രാജ് പറഞ്ഞു. ഇന്ത്യന്‍ പനോരമ സ്‌ക്രീനിംഗിലും മറ്റ് ഫെസ്റ്റിവലുകളിലും പോസിറ്റിവ് ഫീഡ് ബാക്ക് ആണ് കിട്ടിയിരുന്നത്. ഒടിടി സ്‌ക്രീനിംഗിന് ശേഷമുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. രമ്യ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story