'റാം ഒരുങ്ങുന്നത് 140 കോടി ബജറ്റിൽ, അതുകൊണ്ട് ഇത് അടിപ്പടമാണന്ന് വിചാരിക്കണ്ട'- ജീത്തു ജോസഫ്
''റാം രണ്ട് രാജ്യങ്ങളിൽ ഷൂട്ട് ചെയ്യണം. ട്യൂണിഷ്യയിലും ഇംഗ്ലണ്ടിലും. അവിടുത്തെ കാലവസ്ഥ ഒത്തുവരുമ്പോൾ ഇവിടെ അഭിനേതാക്കളുടെ ഡേറ്റ് ഒത്തുവരില്ല''
മോഹൻലാൽ ജീത്തുജോസഫ് കൂട്ടുകെട്ടിൽ പ്രഖ്യാപിക്കുകയും ഷൂട്ടിങ് ആരംഭിക്കുകയും ചെയ്ത ചിത്രമായിരുന്നു റാം. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങൾകൊണ്ടാണ് നിന്നുപോയത്. സ്‌പൈ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി തൃഷയാണ് എത്തുന്നത്. 2019ൽ ഷൂട്ടിങ് ആരംഭിച്ച ചിത്രം കോവിഡ് കാലത്താണ് മുടങ്ങുന്നത്. ഇപ്പോഴിതാ അതിന്റെ കാരണവും ചിത്രത്തിന്റെ നിർമാണ ചെലവും വെളിപ്പെടുത്തുകയാണ് സംവിധായകൻ ജീത്തുജോസഫ്. ഖത്തറിലെ സുനോ റെഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് റാമിനെ കുറിച്ച് സംസാരിക്കുന്നത്.
ചിത്രം അതിന്റെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് വീണ്ടും ഷൂട്ട് തുടങ്ങുമെന്നും ജീത്തു പറയുന്നു. ചെറിയ ചിത്രമല്ല. രണ്ട് ഭാഗങ്ങളും കൂടി ഏകദേശം 140 കോടിക്ക് മുകളിൽ മുതൽമുടക്കുണ്ട് അതുകൊണ്ട് വലിയ ഫൈറ്റൊക്കെയുള്ള പടമാണെന്ന് ധരിക്കരുതെന്നും ജീത്തു പറയുന്നു.
റാം രണ്ട് രാജ്യങ്ങളിൽ ഷൂട്ട് ചെയ്യണം. ട്യൂണിഷ്യയിലും ഇംഗ്ലണ്ടിലും. അവിടുത്തെ കാലവസ്ഥ ഒത്തുവരുമ്പോൾ ഇവിടെ അഭിനേതാക്കളുടെ ഡേറ്റ് ഒത്തുവരില്ല. ഇങ്ങനെ അനവധി ഘടകങ്ങൾ ഒത്തുവരണം അതിൻറെ ഷൂട്ടിംഗിന്. അടുത്ത ജൂണിൽ റാമിൻറെ ഷൂട്ടിംഗ് ആരംഭിക്കണമെങ്കിൽ ഞാൻ ഈ മാസം മുതൽ പ്ലാനിംഗ് ആരംഭിക്കണം. ഡിസംബറിൽ ഒരു ഓപ്ഷൻ വന്നിരുന്നു. ആർടിസ്റ്റ് ഡേറ്റൊക്കെ ഒത്തുവന്നു പക്ഷെ അവിടുത്തേക്ക് തണുപ്പ് കാരണം അടുക്കാൻ പറ്റില്ല. മാത്രമല്ല ഡേ ടൈം കുറവുമാണ്. ഇങ്ങനെ ചില പ്രശ്നങ്ങളിൽ കിടക്കുകയാണ്.- ജീത്തു ജോസഫ് പറഞ്ഞു.
മോഹൻലാൽ - ജീത്തു കോംമ്പോയിൽ പുറത്തിറങ്ങിയ നേരിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ഇതുവരെ 10 കോടിക്ക് മുകളിൽ കേരള ബോക്‌സ് ഓഫീസിൽ നിന്ന് മാത്രം കളക്ട് ചെയ്തിട്ടുണ്ട്. കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ മോഹൻലാൽ വിജയമോഹൻ എന്ന അഭിഭാഷകനെയാണ് അവതരിപ്പിക്കുന്നത്. ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. പ്രിയാ മണി, ജഗദീഷ്, അനശ്വര രാജൻ,സിദ്ദിഖ്. ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.
Adjust Story Font
16