സിനിമാ പ്രേമികളേ ഇതിലേ; ഇന്ന് ഒടിടിയില്‍ എത്തിയത് കിടിലന്‍ ചിത്രങ്ങള്‍
തിയറ്ററുകളില്‍ കാണാന്‍ വിട്ടുപോയ മികച്ച ചിത്രങ്ങള്‍ വീട്ടിലിരുന്ന് കാണാം

ഇന്ന് വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സ്ട്രീമിങ് ആരംഭിച്ചത് തിയറ്ററുകളില്‍ നിറഞ്ഞോടിയ മലയാളം ചിത്രങ്ങള്‍ ഉള്‍പ്പെടെ നിരവധി സിനിമകള്‍. സുധി മാഡിസണ്‍ സംവിധാനം ചെയ്ത 'ധൂമകേതു', കാര്‍ത്തിക് സുബ്ബരാജിന്റെ 'ഡൊറോത്തി' എന്നിവയാണ് ശ്രദ്ധേയമായ സിനിമകള്‍. ഇവ കൂടാതെ 'സുമോ ദീദി', 'ലുപിന്‍ പാര്‍ട്ട് 4', 'ഗജബ് രാത്', 'ചാര്‍ യാര്‍', 'ദ ലെജന്‍ഡ്‌സ് ഓഫ് ഹനുമാന്‍', 'ഫെയ്ഡിങ് ഗ്രാന്‍ഡര്‍' എന്നീ സിനിമ/സീരീസുകളും സ്ട്രീമിങ്ങിനെത്തുന്നുണ്ട്.
ധൂമകേതു
സജിന്‍ ഗോപു, നിഖില വിമല്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തി തിയേറ്ററുകളില്‍ വലിയ വിജയം നേടിയ 'ധൂമകേതു'വാണ് ഒടിടി റിലീസ് ചെയ്ത പ്രധാന മലയാള ചിത്രം. കഴിഞ്ഞ സെപ്റ്റംബര്‍ 25-ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ബോക്സ് ഓഫീസില്‍ ലഭിച്ചത്. ഒരു വിവാഹത്തിന്റെ തലേന്ന് നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളും ടൈം-ലൂപ്പ് പശ്ചാത്തലത്തിലുള്ള രസകരമായ മുഹൂര്‍ത്തങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
നായകന്‍ അകപ്പെടുന്ന ടൈംലൂപ്പാണ് സിനിമയുടെ ഇതിവൃത്തമെങ്കിലും പ്രേക്ഷകര്‍ക്ക് എളുപ്പം മനസിലാകുന്ന രീതിയില്‍ കോമഡിയിലൂടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. 'നെയ്മര്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുധി മാഡിസണ്‍ ആണ് സംവിധാനം. സജിന്‍ ഗോപു, നിഖില വിമല്‍ എന്നിവര്‍ക്ക് പുറമേ ഷൈന്‍ ടോം ചാക്കോ, ഗണപതി, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ടൈം ട്രാവല്‍ കോമഡി ചിത്രമായി ഒരുക്കിയ ധൂമകേതു നിര്‍മ്മിച്ചത് ഹാപ്പി അവേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സും എ ആന്‍ഡ് എച്ച്എസ് പ്രൊഡക്ഷന്‍ ഹൗസും ചേര്‍ന്നാണ്. സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, സജിന്‍ അലി, അബ്ബാസ് തിരുനാവായ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേര്‍ന്നാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ഇന്ന് മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിച്ചത്.
ഡൊറോത്തി
കീര്‍ത്തി സുരേഷ്, സനന്ത്, റിഷികാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാര്‍ത്തിക് സുബ്ബരാജ് ഒരുക്കിയ 'ഡൊറോത്തി' സ്ട്രീമിങ്ങിന് എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക- നിരൂപക പ്രശംസ ലഭിച്ച ചിത്രം സെപ്റ്റംബര്‍ 25നാണ് തിയറ്ററില്‍ റിലീസ് ചെയ്തത്. കാര്‍ത്തിക് സുബ്ബരാജിന്റെ കരിയര്‍ ബെസ്റ്റ് ചിത്രമെന്ന വിശേഷണമാണ് ചിത്രത്തിന് സമൂഹമാധ്യമങ്ങളിലടക്കം ലഭിച്ചത്. നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം ഒടിടി സ്ട്രീമിംഗ് ആരംഭിച്ചത്. ഇളയരാജയാണ് ചിത്രത്തിന് സംഗീതം. കാര്‍ത്തിക് സുബ്ബരാജ്- ഇളയരാജ കോംബോ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
സുമോ ദീദി (ZEE5)
പ്രതിബന്ധങ്ങളെയെല്ലാം കാറ്റിൽപ്പറത്തി റിങ്ങിലേക്ക് ചുവടുവെച്ച ഇന്ത്യയിലെ ആദ്യ വനിതാ സുമോ ഗുസ്തി താരം ഹേതൽ ഡേവിയുടെ അതിജീവനഗാഥ. നാടറിയാത്ത ഒരു കായികയിനത്തിൽ സ്വപ്നങ്ങൾ കണ്ടുതുടങ്ങിയ നാൾ തൊട്ട് ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ പേരെഴുതിച്ചേർത്തതു വരെയുള്ള ഹേതലിന്റെ പോരാട്ടം പച്ചയായി വരച്ചുകാട്ടുന്ന സിനിമ.
ഗജബ് രാത് (നെറ്റ്ഫ്ലിക്സ്)
മനോജ് ബാജ്‌പേയ് നായകനായെത്തുന്ന ഗജബ് രാതാണ് മറ്റൊരു ചിത്രം. ഡൽഹിയുടെ കലുഷിതമായ പശ്ചാത്തലത്തിൽ, ഒരു രാത്രിയിലെ ദുരൂഹതകളെയും കുറ്റകൃത്യങ്ങളെയും ചുറ്റിപ്പറ്റി നീങ്ങുന്ന ഉദ്വേഗജനകമായ ക്രൈം ത്രില്ലർ.
ലുപിൻ: പാർട്ട് 4 (നെറ്റ്ഫ്ലിക്സ്)
'ജെന്റിൽമാനായ കള്ളന്റെ' പുത്തൻ അടവുകൾ കാണാൻ കാത്തിരുന്നവർക്ക് ഇനി ആശ്വസിക്കാം. തന്റെ ഭാഗം ശരിയാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ അസ്സെയ്ൻ ഡിയോപ് വീണ്ടും കളത്തിലിറങ്ങുകയാണ്. ഓരോ ഫ്രെയിമിലും ഉദ്വേഗവും ബുദ്ധികൂർമതയും നിറയുന്ന ഫ്രഞ്ച് ഹിറ്റ് സീരീസിന്റെ ഏറ്റവും പുതിയ ഭാഗം.
ചാർ യാർ (ആമസോൺ പ്രൈം വീഡിയോ)
കയ്യിൽ പണമില്ലാത്തതിന്റെ പേരിൽ ജീവിതം വഴിമുട്ടുമ്പോൾ ആഡംബര കാറുകൾ മോഷ്ടിക്കാനിറങ്ങുന്ന മുംബൈയിലെ നാല് ചെറുപ്പക്കാർ. സൗഹൃദവും വില്ലത്തരവും ഒപ്പം അപ്രതീക്ഷിത കുരുക്കുകളുമൊക്കെയായി മുന്നോട്ടുപോകുന്ന കട്ട ലോക്കൽ ത്രില്ലർ ചിത്രം.
ദി ലെജൻഡ് ഓഫ് ഹനുമാൻ: സീസൺ 7 (ജിയോഹോട്ട്സ്റ്റാർ)
ഹനുമാൻ പരമ്പരയുടെ ഏഴാം സീസൺ. ഇതിഹാസത്തിലെ ലങ്കാ യുദ്ധവും ഹനുമാന്റെ അമാനുഷിക ദൗത്യങ്ങളും കൺമുന്നിലെത്തിക്കുന്ന ആനിമേഷൻ ചിത്രം
ഫെയ്ഡിങ് ഗ്രാൻഡർ (നെറ്റ്ഫ്ലിക്സ്)
പഴയ പ്രതാപവും സമ്പത്തും കൈവിട്ടുപോയ സ്പാനിഷ് മാർക്വിസ് ഡോൺ ലിയാൻഡ്രോ, കടങ്ങൾ തീർക്കാൻ തന്റെ പടുകൂറ്റൻ മാഡ്രിഡ് കൊട്ടാരം വിൽക്കാൻ നിർബന്ധിതനാകുന്നു. പ്രതാപം മങ്ങുന്ന ഒരു കുലീന കുടുംബത്തിന്റെ ഉള്ളുലയ്ക്കുന്ന യാഥാർഥ്യങ്ങൾ പറയുന്ന സ്പാനിഷ് ചിത്രം.
Adjust Story Font
16

