അടുത്തത് ഋത്വിക് റോഷൻ; ബഹിഷ്കരണ ക്യാമ്പയിൻ സജീവം
ബോയ്‌കോട്ട് ഋത്വിക് റോഷൻ(BoycottHrithikRoshan) എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെൻഡിങായി
മുംബൈ: ആമിർഖാൻ ചിത്രം ലാൽസിങ് ഛദ്ദയെ പിന്തുണച്ചതിന് ഋത്വിക് റോഷനെതിരെ ബഹിഷ്‌കരണ ക്യാമ്പയിൻ. ബോയ്‌കോട്ട് ഋത്വിക് റോഷൻ(BoycottHrithikRoshan) എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെൻഡിങായി. ഋത്വിക് റോഷന്റെ റിലീസിനൊരുങ്ങുന്ന ചിത്രമായ വിക്രംവേദ കാണരുതെന്നും ഇക്കൂട്ടർ ആവശ്യപ്പെടുന്നുണ്ട്. ലാൽസിങ് ഛദ്ദയെ ലക്ഷ്യമിട്ട് നേരത്തെ തന്നെ ചിലര്‍ രംഗത്തുണ്ട്. 2015ൽ കൊടുത്ത അഭിമുഖത്തിന്റെ പേരിലാണ് ആമിർഖാനെ വേട്ടയാടുന്നത്.
രാജ്യത്ത് അസഹിഷ്ണുത വളരുകയാണെന്നും മറ്റു രാജ്യങ്ങളിലേക്ക് മാറാൻ തന്റെ മുൻഭാര്യ കിരൺ റാവു പറഞ്ഞതായും ആമിർഖാൻ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പേരിലാണ് താരത്തെ വേട്ടയാടുന്നത്. താരത്തിന്റെ സിനിമകൾക്കെല്ലാം ബഹിഷ്‌കരണ ആഹ്വാനമാണ്. ലാൽസിങ് ഛദ്ദക്കെതിരെയും ഇതേകാരണം പറഞ്ഞാണ് ബഹിഷ്‌കരണ ക്യാമ്പയിൻ സജീവമാക്കിയത്. ചിത്രം ബോക്‌സ്ഓഫീസിൽ കിതക്കുകയാണ്. 'ലാൽസിങ് ഛദ്ദ കണ്ടു, സിനിമ എനിക്കിഷ്ടപ്പെട്ടു. ഗുണങ്ങളും ദോഷങ്ങളും മാറ്റിനിർത്തിയാൽ ഈ സിനിമ ഗംഭീരമാണ്. ഈ സിനിമ നിങ്ങൾ നഷ്ടപ്പെടുത്തരുത്, ഇപ്പോൾ തന്നെ പോയി കാണൂവെന്നായിരുന്നു ഋത്വിക് റോഷന്റെ ട്വീറ്റ്.
ഋത്വിക് റോഷന്റെ വരാനിരിക്കുന്ന ചിത്രമായ വിക്രംവേദ ബഹിഷ്‌കരിക്കാനാണ് ആഹ്വാനം ചെയ്യുന്നത്. ലാല്‍സിങ് ഛദ്ദയെ പുകഴ്ത്തുന്ന റിത്വിക് എന്തുകൊണ്ട് വന്‍ വിജയമായപ്പോഴും ദ കശ്മീർ ഫയൽസിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതിരുന്നതെന്നും ബഹിഷ്കരണക്കാര്‍ ചോദിക്കുന്നു. അതേസമയം ലാൽസിങ് ഛദ്ദ ബോക്‌സ്ഓഫീസിൽ വിയർക്കുന്ന അവസ്ഥയാണ്. അഞ്ചുദിവസത്തെ കളക്ഷൻ പ്രകാരം 45 കോടിയാണ് ചിത്രം നേടിയത്. വൻമുതൽ മുടക്കിൽ എത്തിയ ചിത്രം അഞ്ച് ദിവസം കൊണ്ട് 45 കോടി മാത്രമെ നേടാനായുള്ളൂ എന്നത് സിനിമയ്ക്ക് തിരിച്ചടിയാണ്. ഹിന്ദി ബെൽറ്റുകളിൽ നിന്നെല്ലാം മികച്ച പ്രതികരണമല്ല ചിത്രത്തിന് ലഭിക്കുന്നത്.
2017-ൽ പുറത്തിറങ്ങിയ തമിഴ് ആക്ഷൻ ത്രില്ലറിന്റെ ഹിന്ദി റീമേക്കാണ് വിക്രംവേദ. ഇതെ പേരില്‍ തന്നെയാണ് ഹിന്ദിയിലും ചിത്രം ഒരുങ്ങുന്നത്. പുഷ്‌കർ-ഗായത്രിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോക്‌സ് ഓഫീസിൽ പണംവാരുകയും നിരൂപകരിൽ നിന്നടക്കം മികച്ച പ്രതികരണങ്ങള്‍ നേടുകയും ചെയ്‌ത ചിത്രമായിരുന്നു വിക്രംവേദ. മാധവനും വിജയ് സേതുപതിയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഋത്വിക് റോഷൻ കൂടാതെ സെയ്ഫ് അലി ഖാനും ഹിന്ദിറിമേക്കില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. അടുത്ത് തന്നെ പ്രദര്‍ശനത്തിനെത്തിയേക്കും.
Adjust Story Font
16