വിക്രമും വീണു; തമിഴ് നാട്ടില്‍ 200 കോടി കളക്ഷന്‍ പിന്നിട്ട് പൊന്നിയിന്‍ സെല്‍വന്‍
സിനിമയുടെ ആകെ വരുമാനം 435 കോടി കവിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ
സാഹിത്യകാരൻ കൽക്കിയുടെ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിൻ സെൽവൻ' കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേധിച്ച് മുന്നേറുന്നു. തമിഴ് നാട്ടിൽ ആദ്യം ദിവസം തന്നെ 25.86 കോടി കളക്ഷൻ സ്വന്തമാക്കിയ ചിത്രം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡാണ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.
200 കോടി കളക്ഷൻ പിന്നിട്ട് കുതിക്കുന്ന ചിത്രം, ഉലകനായകൻ കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രം വിക്രമിന്‍റെ റെക്കോർഡാണ് മാസങ്ങൾക്കിപ്പുറം പഴങ്കഥയാക്കിയത്. സിനിമയുടെ ആകെ വരുമാനം 435 കോടി കവിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. സിനിമയിറങ്ങും മുമ്പേ മുൻകൂർ ബുക്കിങ്ങിലൂടെ ചിത്രം 17 കോടി സ്വന്തമാക്കിയിരുന്നു.
ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുൾമൊഴിവർമ്മനെക്കുറിച്ച് ഇതിഹാസ സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തി രചിച്ച ചരിത്ര നോവലാണ് 'പൊന്നിയിൻ സെൽവൻ' എന്ന പേരില്‍ സിനിമയായത്. മണിരത്‌നത്തിന്‍റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. വിക്രം, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്.
500 കോടി ബജറ്റില്‍ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം മണിരത്നത്തിന്‍റെ സ്വപ്ന പദ്ധതിയായാണ് വിലയിരുത്തപ്പെടുന്നത്. എ.ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ ഗാനങ്ങള്‍ വൈരമുത്തുവിന്‍റേതാണ്. പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. എ.ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്.
തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ അഞ്ചു ഭാഷകളിൽ സിനിമ റിലീസ് ചെയ്തിരുന്നു. ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലനാണ് കേരളത്തിൽ സിനിമ പ്രദർശനത്തിന് എത്തിച്ചത്.
Adjust Story Font
16